അടൂരിന്റെ സെറ്റിൽ ദിലീപ്; ‘തെറ്റു തിരുത്താൻ അവസരം നൽകണം’

പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ അടൂരും ദിലീപും. ചിത്രം ജയചന്ദ്രൻ ബി

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന ‘പിന്നെയും’ എന്ന സിനിമയുടെ കഥ എന്താണ്?
തലസ്ഥാനത്ത് ഐഎംജിയിലെ നിള ഓഡിറ്റോറിയത്തിൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ മാധ്യമ പ്രവർത്തകർ കഥയെന്തെന്ന് അടൂരിനോടു ചോദിച്ചു.അതു പറയാൻ പറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോൾ അടുത്ത ചോദ്യമെത്തി.‘‘എങ്കിൽ ഇതിവൃത്തം എന്താണ്?’’

‘‘ഇതിവൃത്തം തന്നെയാണ് കഥ.കഥയാണ് ഇതിവൃത്തം’’ എന്ന് അടൂർ വിശദീകരിച്ചപ്പോൾ എങ്കിൽ വൺലൈൻ പറഞ്ഞാൽ മതിയെന്നായി മാധ്യമ പ്രവർത്തകർ.അതും കഥ തന്നെയാണെന്ന് അടൂർ വ്യക്തമാക്കി.

പുരുഷോത്തമൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ വേഷത്തിലായിരുന്നു ദിലീപ്.വെള്ള ഷർട്ടും പാന്റ്സും സാധാരണ ചെരുപ്പും വേഷം.ദിലീപിന്റെ കഥാപാത്രം ജോലിക്കായി ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത് .മുൻ ചീഫ് സെക്രട്ടറി സി.പി.നായരുടെ നേതൃത്വത്തിൽ നടി പാർവതി, പത്രപ്രവർത്തകരായ എം.ജി.രാധാകൃഷ്ണൻ,സി.ഗൗരിദാസൻ നായർ എന്നിവർ ദിലീപിനെ ഇന്റർവ്യൂ ചെയ്യാൻ തയാറായി ഇരിക്കുന്നു. ഇന്റർവ്യൂ ബോർഡിനു മുന്നിൽ കസേരയിലിരിക്കുന്ന ദിലീപ്.അദ്ദേഹത്തിന്റെ പിന്നിലായി ക്യാമറ ഉറപ്പിച്ച എം.ജെ.രാധാകൃഷ്ണൻ, അടൂരിന്റെ ആജ്ഞയ്ക്കായി കാത്തു നിന്നു. ആദ്യ ഷോട്ടിൽ ദിലീപിനും സി.പി.നായർക്കും മാത്രമേ ഡയലോഗ് ഉള്ളൂ. ഏതാനും തവണ ഇതിന്റെ റിഹേഴ്സൽ എടുത്തു. ഡയലോഗ് പറയേണ്ടത് എങ്ങനെയെന്ന് സി.പി.നായർക്ക് അടൂർ വിശദീകരിച്ചു കൊടുത്തു.

തുടർന്ന് നിർമാതാവ് ബേബി മാത്യു സോമതീരം ക്ലാപ് അടിച്ചതോടെ ആദ്യ ഷോട്ട്.‘‘തെറ്റു തിരുത്താൻ ഒരു അവസരം നൽകണം’’ എന്ന് ദിലീപ് പറയുന്നു.‘‘വൈകുന്നേരം അഞ്ചിനു റിസൽറ്റ് ഇടും’’ എന്ന് സി.പി. നായർ മറുപടി നൽകി.ആദ്യ ഷോട്ടിൽ തൃപ്തി പോരാത്തതിനാൽ അടൂർ ഒരിക്കൽ കൂടി എടുത്തു. തെറ്റു തിരുത്താൻ അവസരം നൽകണമെന്ന ദിലീപിന്റെ ഡയലോഗ് ചിത്രീകരണം കണ്ടു നിന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കി. തൊട്ടു മുമ്പുള്ള ഡയലോഗുകൾ മനസിലാക്കിയപ്പോഴാണ് സംഗതി വ്യക്തമായത്. വിവാഹം കഴിച്ചു ജോലിയൊന്നുമില്ലാതെ നടക്കുന്ന ദിലീപ് അക്കാര്യം ഇന്റർവ്യൂ ബോർഡിനോട് പറയുന്നു. വരുമാനവും ജോലിയുമില്ലാത്തയാൾ വിവാഹം കഴിച്ചതു തെറ്റല്ലേയെന്ന് ബോർഡ് ചോദിക്കുന്നു. അതിന്റെ തുടർച്ചയാണ് തെറ്റു തിരുത്താൻ അവസരം നൽകണമെന്ന ഡയലോഗ്.

നേരത്തെ എഴുതി തയാറാക്കി, ഭംഗിയായി ടൈപ്പ് ചെയ്തെടുത്ത തിരക്കഥയാണ് അടൂർ സിനിമകൾക്കുള്ളത്. അതിൽ നിന്നു വള്ളിയോ പുള്ളിയോ മാറാതെയാണ് ചിത്രീകരണം. മറ്റു സിനിമാ ലൊക്കേഷനുകളിലുള്ള ബഹളമൊന്നും അടൂരിന്റെ സെറ്റിലില്ല. ദിലീപ് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം വെറും നടീനടന്മാരായാണ് സെറ്റിൽ നിൽക്കുന്നത്.ഇതിനിടെ ശബ്ദം താഴ്ത്തിയേ സംസാരം പോലും ഉള്ളൂ.താരങ്ങൾ ഉൾപ്പെടെ എല്ലാവരും അങ്ങനെ തന്നെ. പുതിയ സാഹചര്യവുമായി വളരെ പെട്ടന്നു തന്നെ ദിലീപ് ഇണങ്ങി.

ഇതുവരെ താൻ ചെയ്തതിൽ നിന്നെല്ലാം വ്യത്യസ്തമായ സിനിമ ആണിതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഓരോ സിനിമയും വ്യത്യസ്തമായാണ് താൻ ചെയ്യുന്നത്. അല്ലെങ്കിൽ പ്രേക്ഷകർക്കു ബോറടിക്കും. ഇന്റർവ്യൂ രംഗം കണ്ടിട്ട് ഇതു സർക്കാർ വിഷയം പറയുന്ന സിനിമയാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല.സർക്കാരിന് ഇതിൽ കാര്യമൊന്നുമില്ല.വളരെ അടിത്തട്ടിലുള്ള പ്രണയവും അതിൽ നിന്ന് ഉരുത്തിരിയുന്ന ഇതിവൃത്തവുമാണ് ഈ ചിത്രത്തിനുള്ളത്.ദിലീപിനെ നായകനാക്കണമെന്നു വളരെക്കാലമായി താൻ ആഗ്രഹിക്കുന്നതാണ്. തനിക്ക് ഇഷ്ടമുള്ള നടനാണ് ദിലീപ്. അദ്ദേഹത്തിനു നടൻ എന്ന നിലയിൽ വ്യത്യസ്തത ഉണ്ട്.

പക്ഷെ അഭിനയിപ്പിക്കുന്നതിനു പറ്റിയ വേഷം വരാത്തതിനാൽ ഇതുവരെ കാത്തിരിക്കുകയായിരുന്നു.ഇപ്പോൾ യോജിച്ച വേഷം വന്നു. തന്റെ കഴിഞ്ഞ സിനിമയ്ക്കു ശേഷം ഏഴു വർഷത്തിലേറെ ഇടവേള വന്നതിൽ കാര്യമില്ല.സിനിമ എടുക്കണമെന്ന് സ്വയം ബോധ്യപ്പെട്ടാൽ മാത്രമേ എടുക്കാറുള്ളൂ.അതിനു സമയം എടുക്കും.ഇതിനിടെ വ്യക്തിപരമായ ചില തടസങ്ങളും ഉണ്ടായി. സിനിമയ്ക്കുള്ള വിഷയവും മറ്റും തയാറായ ശേഷമേ അതു ചിത്രീകരിക്കുന്നതിനുള്ള പണത്തെക്കുറിച്ചു താൻ ചിന്തിക്കാറുള്ളൂ.തന്റെ സിനിമയ്ക്ക് എല്ലായ്പ്പോഴും നിർമാതാവിനെ ലഭിക്കാറുണ്ടെന്നും അടൂർ ചൂണ്ടിക്കാട്ടി.

അടൂരിന്റെ സിനിമയിൽ അഭിനയിക്കുന്നതിന് ‘പഞ്ചാബി ഹൗസി’ന്റെ കാലം മുതൽ അവസരം ചോദിച്ചു കാത്തിരിക്കുകയായിരുന്നുവെന്നു ദിലീപ് പറഞ്ഞു.ഇത്തരമൊരു വേഷം പ്രതീക്ഷിച്ചതല്ല. ഇപ്പോഴെങ്കിലും അദ്ദേഹം വിളിച്ചത് ഈശ്വരാനുഗ്രഹമായി കാണുന്നു.ഒരുപാട് കലാകാരന്മാർക്ക് അംഗീകാരങ്ങൾ നേടിക്കൊടുത്ത, ലോക സിനിമയിലെ അഭിമാനമായ സംവിധായകനാണ് അദ്ദേഹമെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

വർഷങ്ങൾക്കു ശേഷമാണ് ദിലീപിന്റെ നായികയായി ഈ ചിത്രത്തിൽ കാവ്യ മാധവൻ അഭിനയിക്കുന്നത്.പക്ഷേ ആദ്യം ചിത്രീകരിച്ച രംഗങ്ങളിൽ കാവ്യ ഇല്ലായിരുന്നു.വൈകുന്നേരം ശംഖുമുഖം ബീച്ചിൽ ചില രംഗങ്ങൾ കൂടി എടുത്ത ശേഷം ചിത്രീകരണം ശാസ്താംകോട്ടയിലേക്ക് മാറി.ഇനിയുള്ള രംഗങ്ങൾ അവിടെ ആയിരിക്കും എടുക്കുക.

അടൂർ ഗോപാകൃഷ്ണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അടൂരും ബേബി മാത്യു സോമതീരവും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.ദിലീപിനും കാവ്യയ്ക്കും പുറമേ നെടുമുടി വേണു,വിജയരാഘവൻ,ഇന്ദ്രൻസ്,അലിയാർ,പി.ശ്രീകുമാർ,നന്ദു,പി.സി.സോമൻ,ജോൺ സാമുവൽ തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണനാണ് നിർവഹിക്കുന്നത്.അടൂരിന്റെ സ്ഥിരം എഡിറ്ററായ അജിത് ആണ് ഈ സിനിമയും എഡിറ്റ് ചെയ്യുന്നത്.ആദ്യ രംഗം എടുക്കുന്നതു കാണാൻ അജിത്തും ഉണ്ടായിരുന്നു.,സിനിമയുടെ ഏകോപനച്ചുമതല നടി കൂടിയായ കുക്കു പരമേശ്വരനാണ്.സഹസംവിധാനം മീരാസാഹിബ് നിർവഹിക്കുന്നു. സംവിധായിക പ്രസന്ന രാമസ്വാമിയാണ് പൂജാ ചടങ്ങിനു വിളക്കു തെളിച്ചത്.