ആടുപുലിയാട്ടത്തിന്റെ വിജയാഘോഷം കാടിന്റെ മക്കളോടൊപ്പം

ആദിവാസികളെ കലയുടെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന സന്ദേശവുമായി ആടുപുലിയാട്ടം ചിത്രത്തിന്റെ വിജയത്തിന്റെ 25ാംദിനം ആഘോഷിച്ചു. ആടുപുലിയാട്ടം സിനിമയുടെ ശിൽപികളാണ് ആർഭാടങ്ങൾ ഒഴിവാക്കി കാടിന്റെ മക്കളോടൊപ്പം വിജയം ആഘോഷിച്ചത്. തൊടുപുഴ വിസ്മയ തിയറ്ററിന്റെ മുറ്റത്തായിരുന്നു വ്യത്യസ്തമായ ആഘോഷം.

25ാം ദിനത്തിലെ ആദ്യഷോയ്ക്ക് പിന്നാലെയായിരുന്നു തിയറ്റർ മുറ്റത്ത് ആദിവാസികളുടെ ഫ്ലാഷ്മോബ്. ചിത്രത്തിൽ അഭിനയിച്ച ഇടുക്കി പട്ടയക്കുടിയിലെ ആദിവാസികളാണ് പരമ്പരാഗത വാദ്യോപകരണങ്ങളും വേഷവിധാനങ്ങളുമായി ചുവടുവെച്ചത്. സിനിമയിൽ മുഖ്യ കഥാപാത്രമായ പാഷാണം ഷാജിയും ഇവർക്കൊപ്പം ചേര്‍ന്നതോടെ തിയറ്റർ മുറ്റത്ത് ഉത്സവമേളം.

സിനിമയിൽ ആദ്യമായി അഭിനച്ചതിനപ്പുറം തിയറ്റിലെത്തി ആ ദൃശ്യങ്ങൾ കണ്ടതിന്റെ സന്തോഷവും അത്ഭുതവുമായിരുന്നു പലർക്കും.
കാടിന്റെ മക്കളിൽ നിന്ന് ലഭിച്ച പിന്തുണയും സ്നേഹവുമാണ് അണിയറ പ്രവർത്തകരെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. തൊടുപുഴയിലെ കൗൺസിലർമാർക്ക് പുറമെ സംഗീത സംവിധായകൻ രതീഷ് വേഗ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്കാളികളായി.