ആക്ഷനും കട്ടും ഇല്ലാതെ പ്രളയ ബാധിതരെ സഹായിക്കാൻ യുവതാരങ്ങൾ

ആരെയും മുൻകൂട്ടി അറിയിച്ചിട്ടല്ല ചെന്നൈ നഗരത്തെ ഭൂപടത്തിൽ നിന്നും മായ്ക്കുന്ന രൂപത്തിൽ പേമാരിയും പ്രളയവും വന്നത്. അപ്പോൾ പിന്നെ , രക്ഷാപ്രവർത്തനങ്ങളും അങ്ങനെ തന്നെയാവണം, മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ. അതെ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല. ചെന്നൈ നഗരത്തിലെ ജനങ്ങളെ സഹായിക്കണം.പക്ഷെ എങ്ങനെ? കൊച്ചിക്കാർ ഈ ചോദ്യം മനസിലിട്ട്‌ കറക്കി നോക്കിയപ്പോഴാണ് 'അൻമ്പോട് കൊച്ചി' എന്ന സംഘടന ജനിക്കുന്നത്. അതും രണ്ടു ദിവസം മുൻപ്. ആശയം ജനിച്ചത് സിനിമാ താരങ്ങളായ ഇന്ദ്രജിത്തിന്റെയും ഭാര്യ പൂർണ്ണിമ ഇന്ദ്രജിത്തിന്റെയും മനസ്സിൽ.

ഉടൻ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങി . ആയിരങ്ങൾ അംഗങ്ങളായി. കൂട്ടത്തിൽ രണ്ടു യുവ സംവിധായകരും. ബേണ്‍ മൈ ബോഡി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്യൻ കൃഷണ മേനോൻ , സുരേഷ് ഗോപിയുടെ മകനെ നായകനാക്കി മുത്തുഗൗ ചിത്രം ഒരുക്കുന്ന വിപിൻ ദാസും കൂടെ സിനിമാസുഹൃത്തുക്കളും. അങ്ങനെ കട്ട്‌ , പറയാതെ ചുരുങ്ങിയ സമയം കൊണ്ട് ഒരു വലിയ നേട്ടം സംവിധാനം ചെയ്യാനാകുമെന്ന് ഇരുവരും തെളിയിച്ചു, സിനിമയിലല്ല ജീവിതത്തിൽ.

അൻമ്പോട് കൊച്ചിയുടെയും ലിറ്റിൽ മാസ്റ്റേഴ്സ്സ്‌ ഷോർട്ട്‌ ഫിലിം മേക്കേഴ്സ്സ്‌ ടീമിന്റെയും സഹായത്തോടെ ആണ്‌ ആര്യനും വിപിനും സുഹൃത്തുക്കളും ചെന്നൈ നഗരത്തെ സഹായിക്കുന്നതിനു വേണ്ടി സംവിധായകന്റെ കുപ്പായം കാമറയില്ലാതെ തന്നെ അണിഞ്ഞത്. കൊച്ചിയിലെ പ്രവർത്തനങ്ങൾ കോഓർഡിനെറ്റ് ചെയ്തത് ആര്യൻ കൃഷണ മേനോൻ ആണ്. വസ്ത്രങ്ങൾ, മരുന്ന്, സാനിട്ടറി നാപ്കിൻ, പാമ്പർ , ഭക്ഷ്യ വസ്തുക്കൾ എന്നിവയാണ് അൻമ്പോട് കൊച്ചി ശേഖരിച്ചത്. ഫേസ്ബുക്ക് , വാട്സാപ്പ് മറ്റു സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ ആര്യൻ പ്രവര്ത്തകരെ സംഘടിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയതു.

ഇവരെ കൂടാതെ തിരക്കഥാകൃത്തായ അരുൺ പി ആർ, മുത്തുമണി, ആഷിക് അബു, മൃദുല സംവിധായകൻ ബേസില്‍, ഛായാഗ്രാഹകൻ വിഷ്ണു ശർമ, രാഹുൽ കെ ഷാജി തുടങ്ങിയ താരങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്.

വിപിൻ ദാസ് തിരുവനന്തപുരത്താണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. അവിടെ നിന്നും ശേഖരിച്ച വസ്തുക്കൾ വിപിൻ നേരിട്ട് കൊച്ചിയിൽ എത്തിക്കുകയും ചെയതു. രണ്ടു ദിവസം കൊണ്ട് വിചാരിച്ചതിലും കൂടുതൽ വസ്തുക്കൾ ശേഖരിക്കാൻ അൻമ്പോട് കൊച്ചിക്കായി. ഇന്നലെ വൈകിട്ട് 8 മണിയോടെ രണ്ടു ട്രക്ക് നിറച്ച് സാധനങ്ങൾ ചെന്നൈക്ക് ഈ കൂട്ടുകെട്ടിന്റെ മേൽനോട്ടത്തിൽ പോയി.

വിപിൻ ദാസ്, ആര്യൻ

ഇനി അടുത്ത ലക്ഷ്യം ചെന്നൈ നഗരത്തിലേക്ക് വേണ്ടി പാത്രങ്ങള സംഘടിപ്പിക്കുക എന്നതാണ് .ഇതിനായി ശേഖരണം തുടങ്ങിക്കഴിഞ്ഞു. ഇന്നോ നാളെയോ പാത്രങ്ങളുമായി അടുത്ത ട്രക്ക് പുറപ്പെടും. സാമൂഹ്യ മാധ്യമങ്ങളെ ജനനന്മയ്ക്കായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് ഇവർ ഇതിലൂടെ മനസ്സിലാക്കി തന്നത്. ഒപ്പം നന്മ വറ്റാത്ത യുവത്വം ഇപ്പോഴും ഉണ്ടെന്നും.

''മത-വർഗ്ഗീയ- രാഷ്ട്രീയ ചിന്തകൾക്കും മുകളിൾ ആണ് നമ്മുടെ നാട്ടിലെ ആളുകളുടെ മനസ്സുകളിലെ മനുഷ്യത്വം. ഈ ലോകം ഇപ്പോഴും നന്മയുള്ള മനുഷ്യരാൽ സമ്പന്നമാണ്‌'' ആര്യൻ മേനോൻ പറയുന്നു .