Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ഉദിച്ചുയരുന്നത് ഞങ്ങൾ കണ്ടു; അനൂപും മഞ്ജുവും

anoop-manju

കൂടെ ജീവിക്കുന്ന ആൾ തളർന്നു പോകുന്ന നിമിഷം എവിടെനിന്നോ ആവാഹിച്ചെടുക്കുന്ന കരുത്തുമായി അമ്മ എഴുന്നേറ്റു നിൽക്കുന്നത് അനൂപ് മേനോനും മഞ്ജു വാരിയരും സ്വന്തം ജീവിതത്തിൽ കണ്ടിട്ടുണ്ട്. ആ തളർച്ചയിൽനിന്നു കര കയറി വരുമ്പോൾ അമ്മ ചെറു പുഞ്ചിരിയോടെ നിലാവായി അകത്തേക്കു പോകുന്നതും കണ്ടിട്ടുണ്ട്. കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടുപേരും പരസ്പരമറിയാതെ സ്വന്തം ജീവിതത്തിലൂടെ കടന്നുപോയ നിമിഷങ്ങൾ അഭിനയിച്ചു തീർക്കുകയായിരുന്നു. അഭിനയം തീരുമ്പോൾ മഞ്ജുവിനും അനൂപിനും ഇതൊരു ജയിൽ ഓർമയാണ്. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളുടെ ഓർമയും.

അനൂപ് മേനോൻ

ബന്ധം: അച്ഛന്റെ ബിസിനസ് താളം തെറ്റിയപ്പോൾ കൂടെ നിന്നവർ പോലും പകച്ചു. എന്നാൽ, ഒന്നോ രണ്ടോ ദിവസം കൊണ്ട് അമ്മ ഒരു പുതിയ സൂര്യനായി വീട്ടിൽ ഉദിച്ചുയരുന്നതു ഞാൻ കണ്ടു. പിന്നീടുള്ള രണ്ടു വർഷം അച്ഛനു വയ്യാതായി. അമ്മ വെളിച്ചമായി വീടുമുഴുവൻ നിറഞ്ഞു. ആ വെളിച്ചത്തിലാണു പിന്നീടു ഞങ്ങൾ ജീവിതം തിരിച്ചുപിടിച്ചത്. വർഷങ്ങൾക്കു ശേഷം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ച് അച്ഛൻ പുതിയ കൊടികൾ നാട്ടി. അപ്പോൾ അമ്മ പുറകോട്ടു മാറിനിന്നു. ഒരു പാവം അമ്മ എങ്ങനെയാണ് ഇത്ര കരുത്തോടെ വന്നതെന്നു പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. തകർച്ചയ്ക്കു മുൻപും പിൻപുമുള്ള അമ്മ രണ്ടായിരുന്നു.

ആരാണു അകത്തിരുന്നു അമ്മയ്ക്ക് ഇത്രയേറെ ശക്തികൊടുത്തതെന്നു ഞാൻ ആലോചിച്ചിട്ടുണ്ട്. ഈ സിനിമ ചെയ്യുമ്പോൾ അതു ഞാൻ അഭിനയിച്ചറിഞ്ഞു. തളർന്നു പോകുന്ന എന്റെ കഥാപാത്രത്തിനു വേണ്ടി ഭാര്യയായ മഞ്ജു വാരിയരുടെ കഥാപാത്രം ഉയർത്തെഴുന്നേൽക്കുന്നതു സത്യത്തിൽ അനുഭവിക്കുകയായിരുന്നു. പരസ്പരം ഊന്നുവടിപോലെ നിൽക്കുന്ന ഒരു ബന്ധം. കരിങ്കുന്നം സിക്സസ് എന്ന സിനിമ ഞാൻ സ്വീകരിക്കാൻ കാരണം ഇഴചേരുന്നൊരു വസ്ത്രം പോലെ പരസ്പരം ബന്ധപ്പെട്ടു മാത്രം നിൽക്കുന്ന ഭാര്യാ, ഭർതൃ ബന്ധത്തിലെ നന്മയും ഭംഗിയുമാണ്. എല്ലാം കൊണ്ടും പുരുഷനെക്കാൾ ഉയർന്നു നിൽക്കുന്ന സ്ത്രീയുമായി ഇഴ പിരിഞ്ഞു കിടക്കുന്ന ബന്ധമാണു പുരുഷനു കരുത്താകുന്നതെന്നു ജീവിതം എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതാണ് ഈ സിനിമയിൽ ഞാൻ കണ്ടതും.

ബന്ധനം: എന്റെ തിരുവനന്തപുരത്തെ വീടിന്റെ ഒരു വളപ്പു കഴിഞ്ഞാൽ പൂജപ്പുര ജയിലായി. വീടിന്റെ മതിൽ ചാടിക്കടന്ന് അടുത്ത വളപ്പിലെത്തിയാൽ ജയിലിൽ നിന്നു പുറത്തേക്കു ജോലിക്കു കൊണ്ടുവരുന്ന അന്തേവാസികളെ കാണാം. കുട്ടിക്കാലത്തു ഞങ്ങൾ അതു നോക്കി നിൽക്കുമായിരുന്നു. ലോ കോളജിൽ പഠിക്കുന്ന കാലത്തു ഞാനും ശങ്കർ രാമകൃഷ്ണനും ജയിലിനെക്കുറിച്ചു ഒരു തിരക്കഥ എഴുതുകപോലും ചെയ്തു. ഈ സിനിമയ്ക്കു വേണ്ടിയാണു ജയിലിനകത്ത് ആദ്യമായി പോകേണ്ടിവന്നത്. എല്ലാ സ്വാതന്ത്ര്യവും ഉള്ള നഗരത്തിനു നടുവിൽ നിർമിച്ച ഒരു സ്വാതന്ത്ര്യവുമില്ലാത്ത നഗരം. രോഗിയും അവശനുമായ സ്വന്തം ജ്യേഷ്ഠനെ അയൽവാസി തല്ലുന്നതു കണ്ട് ഓടിയെത്തിയ അനുജൻ തിരിച്ചടിച്ചപ്പോൾ അയൽവാസി വീണത് അലക്കു കല്ലിലേക്കാണ്. മരിക്കുകയും ചെയ്തു. അതു ചെയ്ത അനുജൻ 18 വർഷമായി അകത്തു കിടക്കുകയാണ്. ഒരു നിമിഷമാണ് അദ്ദേഹത്തിന്റെ ജീവിതം തകിടം മറിച്ചത്. നിയമത്തിനു മുന്നിൽ കുറ്റവാളിയായ ആ മനുഷ്യനെ എന്റെ മനസ്സിലെ കുറ്റവാളിക്കൂട്ടിൽ നിർത്താനായില്ല. ജയിലിൽ കഴിയുന്നവർക്കിടയിൽ പാട്ടുകാരും ചിത്രംവരയ്ക്കുന്നവരും നടന്മാരും കായിക താരങ്ങളുമുണ്ട്. വസ്ത്രത്തിനു പോലും നിറമില്ലാത്ത അവരുടെ ജീവിതെക്കുറിച്ചോർത്തപ്പോൾ ഭയം തോന്നി.

മഞ്ജു വാരിയർ

ബന്ധം: ഒരാൾക്കുവേണ്ടി എല്ലാ സ്വപ്നങ്ങളും മാറ്റിവയ്ക്കുകയും അയാളുടെ ഇഷ്ടമനുസരിച്ചു ജീവിക്കുകയും ചെയ്യുന്നതൊരു വല്ലാത്ത സുഖമാണ്. വേദനയിലും ആ സുഖം എന്തെന്നു പറയുന്ന ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ അതിന്റെ ഭാഗമായിപ്പോകും. അനൂപ് പറഞ്ഞതുപോലെ എന്റെ അച്ഛനു വയ്യാതായപ്പോൾ അമ്മ ഉദിച്ചുയരുന്നതു ഞാൻ കണ്ടിട്ടുണ്ട്.

ബന്ധനം: പൂജപ്പുര ജയിലിലേക്കു കടക്കുമ്പോൾ എന്റെ നെഞ്ചിടിപ്പു എനിക്കു തന്നെ കേൾക്കാമായിരുന്നു. 17 ദിവസമാണ് അവിടെ ഷൂട്ട് ചെയ്തത്. അകത്തു കടക്കുമ്പോൾ മൊബൈൽ ഫോൺ അടക്കം എല്ലാം പുറത്തുവയ്ക്കണം. കാർഡ് ധരിക്കണം. അവർ താമസിക്കുന്ന സെല്ലുകൾ കണ്ടപ്പോൾ എനിക്കു നെ‍ഞ്ചിടിപ്പു കൂടി. വർഷങ്ങളോളം അതിൽ കഴിയേണ്ടിവരുന്നവരുടെ മനോനിലയെക്കുറിച്ചു ഞാൻ ആലോചിച്ചു. ഷൂട്ടിങ് നടക്കുമ്പോൾ ജയിലിലെ അന്തേവാസികളെ നിരനിരയായി പുറത്തുകൊണ്ടുപോകുന്നതു കണ്ടു.

അവർ വരുമ്പോൾ നമ്മൾ മാറിനിൽക്കണം. മുന്നിലും പിന്നിലും പൊലീസുകാർ. എല്ലാവർക്കും വെളുത്ത വേഷമാണ്. ചിലർ നമ്മളെ നോക്കി ചിരിക്കും. കൈ ഉയർത്താതെ വീശി കാണിക്കും. ചിലർ നോക്കാതെ കടുപ്പിച്ചു മുഖവുമായി പോകുന്നുണ്ടാകും. ചിലർ തല താഴ്ത്തി പോകും. കുറ്റം ചെയ്തവരാണെങ്കിൽപ്പോലും അവർക്കും അതിനകത്തു അവരുടേതായ ഒരു ലോകമുണ്ട് . അവിടെ കളിയും തമാശയും ചിരിയും പിണക്കവുമെല്ലാമുണ്ട്. |അവിടെ ഇരുന്നുകൊണ്ട് അവർ സഹതപിക്കുന്നുണ്ട്. പുറത്തുള്ള കുടുംബത്തെ ഓർത്തു വേദനിക്കുന്നുണ്ട്.
ഈ സിനിമ ജയിലിന്റെ കഥയല്ല. എന്നാൽ ജയിൽ അതിലുണ്ട്. 

Your Rating: