7 മണിക്കൂർ, ഒരുകോടി കാഴ്ച്ചക്കാർ; അത്ഭുതമായി ബാഹുബലി ട്രെയിലർ

അസാധ്യം എന്നൊന്ന് രാജമൗലിക്കില്ല. അതാണ് ഇപ്പോള്‍ സംഭവച്ചിരിക്കുന്നത്. അതെ ബാഹുബലി 2 ട്രെയിലർ റെക്കോർഡുകൾ സൃഷ്ടിച്ച് കഴിഞ്ഞു. വെറും ഏഴുമണിക്കൂറുകൾകൊണ്ട് ബാഹുബലി 2 ട്രെയിലർ കണ്ടത് ഒരുകോടി ആളുകൾ. ഇന്ത്യൻ സിനിമയിൽ തന്നെ ഇതാദ്യമാണ് ഒരു ട്രെയിലർ ഇത്രത്തോളം തരംഗമാകുന്നത്. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലറാണ് ഒരുകോടി കടന്നത്.

സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകൾ പുറത്തിറങ്ങിയിട്ടും കാഴ്ചക്കാർ കൂടിയത് ബാഹുബലിയുടെ സ്വീകാര്യത വർധിപ്പിക്കുകയാണ്. ബാഹുബലി മലയാളം ട്രെയിലർ ഇതിനകം 314,188 ആളുകൾ കണ്ടുകഴിഞ്ഞു.

പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് പ്രധാനആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ദൃശ്യവിസ്മയം തീർക്കുന്നു. അനുഷ്കയുടെ സാനിധ്യമാണ് മറ്റൊരു പ്രത്യേകത.

നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നല്‍കുന്നുണ്ട്. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.