ബാഹുബലി 2; അനുഷ്കയും രാജമൗലിയും കണ്ണൂരിൽ

എസ്.എസ് രാജമൗലി, രാജമൗലിയുടെ ഭാര്യ രമയ്ക്കും മകൻ കാർത്തികേയനുമൊപ്പം നടി അനുഷ്ക ഷെട്ടി

ബാഹുബലി രണ്ടാംഭാഗത്തിന്റെ തുടർ ചിത്രീകരണത്തിനായി ബാഹുബലിയുടെ സംവിധായകൻ എസ്.എസ്. രാജമൗലി, നിർമാതാവ് ശോഭു നാഥിരി എന്നിവർ ഉൾപ്പെടെയുള്ള സംഘം കണ്ണൂരിലെ ലൊക്കേഷനിൽ എത്തി. കുടുംബത്തോടൊപ്പമാണു രാജമൗലി എത്തിയത്. ഭാര്യ രമാ രാജമൗലി, മക്കളായ കാർത്തികേയ, മയൂഖ എന്നിവർ ഒപ്പമുണ്ട്.

ഹൈദരാബാദിലെ ചിത്രീകരണത്തിനു ശേഷമാണു സംഘം കണ്ണൂരിൽ എത്തിയത്. ബോക്സ് ഓഫിസിൽ ചരിത്രംകുറിച്ചു ലോകശ്രദ്ധ നേടിയ ബാഹുബലിയുടെ ഒന്നാം ഭാഗത്തിനു ലഭിച്ച അഭൂതപൂർവമായ പ്രേക്ഷകപിന്തുണ ബാഹുബലി ടീമിനെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നിലയിലേക്ക് ഉയർത്തിയിരുന്നു. ഈ പ്രചോദനം ഉൾക്കൊണ്ടാണു രണ്ടാംഭാഗം ആരംഭിച്ചത്.

രാജമൗലി

സംഘട്ടനത്തിന്റെ ചുക്കാൻപിടിക്കുന്ന ഫൈറ്റ്മാസ്റ്റർ ലീ, നടി അനുഷ്ക എന്നിവരും ടെക്നിക്കൽ ടീം അംഗങ്ങളുമടങ്ങിയ ആദ്യസംഘമാണ് ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തിയത്. നായകൻ പ്രഭാസടങ്ങിയ സംഘം ഇന്ന് എത്തുന്നതോടെ ചിത്രീകരണം ആരംഭിക്കും. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയാണു ബാഹുബലി രണ്ടിന്റെ ലൊക്കേഷൻ. കണ്ണവം മേഖല ഇതിനകം സിനിമാക്കാർക്ക് ഏറെ പ്രിയങ്കരമായിക്കഴിഞ്ഞു.

അനുഷ്ക

കേരളത്തിലെ ലൊക്കേഷനുകൾ സിനിമാ സങ്കൽപ്പങ്ങൾക്കു മനോഹരവും ഇന്ത്യൻ സിനിമയ്ക്കു മുതൽക്കൂട്ടാണെന്നും സംവിധായകൻ രാജമൗലി പറഞ്ഞു. ഇതിനകംതന്നെ ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായിക്കഴിഞ്ഞ കണ്ണൂരിന്റെ മണ്ണിൽ ബാഹുബലിപോലുള്ള ജനപ്രിയ സിനിമയുടെ രണ്ടാംഭാഗം ചിത്രീകരണത്തിനായി എത്തി എന്നതുതന്നെ കണ്ണൂരിന്റെ ലൊക്കേഷനുകൾക്കു ലഭിക്കുന്ന അംഗീകാരം കൂടിയാണ്. പ്രൊഡക്‌ഷൻ കൺട്രോളർ അരവിന്ദൻ കണ്ണൂരാണു ബാഹുബലി ടീമിനു കണ്ണൂരിന്റെ ലൊക്കേഷനുകളെ പരിചയപ്പെടുത്തിയത്.

കഥയുടെ പഴമയെ നൂതന സാങ്കേതികവിദ്യകളുടെ ചേരുവകളുമായി സംയോജിപ്പിച്ച് ആസ്വാദനത്തിനു പുതിയ മാനം നൽകുന്ന രാജമൗലിയുടെ സിനിമാ സമീപനങ്ങൾക്കു ന്യൂജനറേഷൻ ഉൾപ്പെടെയുള്ള ആസ്വാദക ലോകം വൻ സ്വീകരണമാണു തിയറ്ററുകളിൽ നൽകിയത്. രാജമൗലി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാംതന്നെ വൻ ഹിറ്റുകളായിരുന്നു. ബാഹുബലി ബ്രഹ്മാണ്ഡ ചിത്രമെന്ന നിലയിൽ കളക്‌ഷൻ റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയപ്പോൾ ഇന്ത്യൻ സിനിമയുടെ ശ്രദ്ധതന്നെ ഈ ടീമിന്റെ ചിത്രങ്ങളിലേക്കു തിരിഞ്ഞു.

അനുഷ്ക

ബാഹുബലിയുടെ സ്ക്രിപ്റ്റ് രചിച്ചത് രാജമൗലിയുടെ പിതാവ് കെ.വി. വിജയേന്ദ്രപ്രസാദ് ആണ്. വിജയേന്ദ്രപ്രസാദ് കഴിഞ്ഞ വർഷം ചെയ്ത രണ്ടു സ്ക്രിപ്റ്റുകൾ തമ്മിലായിരുന്നു ബോക്സ് ഓഫിസിൽ മൽസരം. ബാഹുബലിയും ബജ്‌രംഗി ഭായിജാനും. രണ്ടും വൻ ഹിറ്റായെന്നതും ശ്രദ്ധേയമായി. ബാഹുബലി ഒരേസമയം തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ്ബിങ് രൂപത്തിൽ ഹിന്ദി, മലയാളം, ഫ്രഞ്ച് ഭാഷകളിലുമാണു തിയറ്ററുകളിലെത്തിയത്.

ഇന്ത്യൻ സിനിമാ വ്യവസായത്തിൽ നൂതനസങ്കേതങ്ങൾ ഉപയോഗിച്ചുള്ള അനന്തസാധ്യതകളാണു ബാഹുബലി തുറന്നിട്ടത്. ബാഹുബലി രണ്ടാംഭാഗത്തിനായി നടി അനുഷ്ക ഷെട്ടി ആകാരത്തിൽ അൽപ്പം മാറ്റംവരുത്തിയാണ് എത്തുന്നത്. ഇതിനായി തടി അൽപ്പം കുറച്ചതായാണു റിപ്പോർട്ടുകൾ.