കുഞ്ഞു ബാഹുബലി മലയാളിക്കൊച്ചാ !

അക്ഷിത

ബാഹുബലിയില്‍ ശിവഗാമിയുടെ വീറും വാശിയും തണുക്കുന്നത് ബാഹുബലി എന്ന പൈതലിനെ മാറിലേക്ക് ചേര്‍ക്കുമ്പോഴാണ്. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവഗാമിയുടെ കൈകളില്‍ കിടന്ന കൈക്കുഞ്ഞ് ഒരു മലയാളിക്കുട്ടിയാണെന്നത് ആര്‍ക്കുമറിയില്ല.

അക്ഷിത എന്ന ഒന്നര വയസുകാരിയോട് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ച് ചോദിച്ചാൽ ഇത് എന്റെ സിനിമയാണെന്ന് അവൾ കൊഞ്ചി പറയും. അതെ, റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ബാഹുബലിയില്‍ ഈ കൊച്ചു മിടുക്കിയും ഒരു അംഗമാണ്.

അക്ഷിത വത്സലന്‍ എന്ന ഒന്നര വയസുകാരിയാണ് ചിത്രത്തിൽ ബാഹുഹലിയുടെ ശൈശവം അവതരിപ്പിച്ചിരിക്കുന്നത്. വെറും പതിനെട്ട് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അക്ഷിത ചിത്രത്തിന്റെ ഭാഗമായത്. കാലടി നീലേശ്വരം സ്വദേശിയായ വത്സന്റെയും സ്മിതയുടെയും മകളാണ് അക്ഷിത.

പതിനെട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ സിനിമയുടെ ഭാഗമാക്കിയപ്പോള്‍ ഇതൊരു ചരിത്ര സിനിമയാകുമെന്ന് അക്ഷിതയുടെ മതാപിതാക്കളും പ്രതീക്ഷിച്ചില്ല. അക്ഷിതയെ ഇത്രഏറെ സീനുകളിൽ കാണാന്‍ കഴിയുമെന്നും അവര്‍ കരുതിയില്ല. അതിനാൽ തന്നെ ചിത്രത്തിൽ അഭിനയിച്ചു എന്ന കാര്യം വീട്ടുകാര്‍ അയല്‍ക്കാരെയോ മറ്റു ബന്ധുക്കളെയോ അറിയിച്ചിരുന്നുമില്ല.

ഒന്നര വർഷം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിങ് അതിരപ്പിള്ളിയിൽ നടക്കുമ്പോൾ യാദൃശ്ചികമായാണ് അക്ഷിത സിനിമയുടെ ഭാഗമാകുന്നത്. സിനിമയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രൊഡക്ഷൻ എക്സിക്യൂട്ടിവായിരിന്നു അക്ഷിതയുടെ അച്ഛൻ വത്സൻ.

ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് വത്സനും ഭാര്യ സ്മിതയും കുട്ടിയെ അഭിനയിപ്പിക്കാന്‍ തയ്യാറായത്. അഞ്ച് ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. അക്ഷിത വീണ്ടും അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ അക്ഷിതയുടെ അച്ഛന്റെ മറുപടി ഇങ്ങനെ അപ്രതീക്ഷിതമായാണ് അക്ഷിത സിനിമയിലെത്തിയത് ഇനിയും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അക്ഷിതയെ വീണ്ടും സിനിമയിൽ കാണാം.