‘സിനിമയ്ക്കെതിരെ തിരിഞ്ഞത് പുതുതലമുറയിലെ ഒരു വിഭാഗം’

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത തന്റെ ചിത്രത്തെ പരാജയപ്പെടുത്താൻ പുതുതലമുറയിലെ ഒരു വിഭാഗം ശ്രമിച്ചെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. സിനിമയെ തോല്‍പ്പിക്കാന്‍ കേരളത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നതായി അദ്ദേഹം പറഞ്ഞു‍. ഞാന്‍ സംവിധാനം ചെയ്യും എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം ദുബായിയില്‍ സംസാരിക്കുകയായിരുന്നു ബാലചന്ദ്രമേനോന്‍.

ഞാന്‍ സംവിധാനം ചെയ്യും എന്ന സിനിമ ആദ്യ ദിവസങ്ങളില്‍ത്തന്നെ കണ്ട പുതുതലമുറയിലെ ഒരു വിഭാഗം സിനിമയ്‌ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തി. ഇതുകാരണം എന്റെ സ്ഥിരം പ്രേക്ഷകരും തിയറ്ററിലെത്തിയില്ല. എന്റെ സിനിമകള്‍ ആസ്വദിച്ചിരുന്ന തലമുറ ഇന്ന് മുതിര്‍ന്നവരായി.

സിനിമയ്ക്ക് പേരിട്ടതുമുതല്‍ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കരിയറില്‍ അനാഥമായിപ്പോയ ആദ്യസിനിമയായി ഇത് മാറിപ്പോയെന്നും ബാലചന്ദ്രമേനോന്‍.

തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവും ബാലചന്ദ്രമേനോന്‍ ചടങ്ങില്‍ നിര്‍വഹിച്ചു.