ഭാമയെ നാട്ടുകാർ തടഞ്ഞോ? വിശദീകരണവുമായി നടി

പ്രതിഫലതർക്കത്തെ തുടർന്ന് മൂവാറ്റുപുഴയില്‍ എത്തിയ ഭാമ കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയെന്ന് വാർത്തകൾ വന്നിരുന്നു. ഇതേ തുടർന്ന് നാട്ടുകാര്‍ നടിയെ തടഞ്ഞെന്നും തിരികെപ്പോയെ ഭാമയുടെ കാർ തടഞ്ഞ് ഉദ്ഘാടന വേദിയിലേക്ക് താരത്തെ തിരികെ എത്തിച്ചെന്നൊക്കെയായിരുന്നു വാർത്ത.

എന്നാൽ നടന്നത് ഇതല്ലെന്നും കേട്ടാൽ നിങ്ങൾ തന്നെ ഞെട്ടിപ്പോകുന്ന സംഭവവികാസങ്ങളാണ് സ്ഥലത്ത് സംഭവിച്ചതെന്നും ഭാമ പറയുന്നു. വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ഭാമ. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഉദ്ഘാടനത്തിന് ക്ഷണിച്ചയാള്‍ പണം തരാതെ തന്നെ പറ്റിക്കുകയായിരുന്നെന്നും ഭാമ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഭാമ പറയുന്നത് ഇങ്ങനെ–

മൂവാറ്റുപുഴയിലെ ഒരു കടയുടെ ഉദ്ഘാടനത്തിന് സെലിബ്രിറ്റി കോര്‍ഡിനേറ്ററായ ഒരാള്‍ രണ്ടര ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷണിച്ചു. ഒരു ലക്ഷം രൂപ അഡ്വാന്‍സും ബാക്കി തുക ഉദ്ഘാടനത്തിന് മുൻപ് എന്നായിരുന്നു തീരുമാനം‍. എന്നാല്‍, 15,000 രൂപ മാത്രമാണ് അഡ്വാന്‍സായി ബാങ്കില്‍ എത്തിയത്.

എന്നാൽ ഒരു നടിയെന്ന നിലയിൽ എന്റെ പ്രൊഫഷനോട് ഞാൻ ആത്മാർത്ഥതപുലർത്തുന്നുണ്ട്. അവിടെ പോകാൻ തന്നെ തീരുമാനിച്ചു. ബാക്കി തുക അവിടെ ചെല്ലുമ്പോൾ ലഭിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. അവിടെ ചെന്നപ്പോൾ എന്നെ ഉദ്ഘാടത്തിന് ക്ഷണിച്ച ആളുടെ പൊടിപോലുമില്ല.

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാളെ കണ്ടില്ല. പിന്നീട് കടയുടമകളുമായി സംസാരിച്ചപ്പോള്‍ മാത്രമാണ് തനിക്ക് തരാനായി ഇയാള്‍ പണം വാങ്ങിയിരുന്നെന്ന് മനസ്സിലായത്. അവരോട് പറഞ്ഞിരുന്നത് തന്റെ പ്രതിഫലം ഒരു ലക്ഷം രൂപയാണെന്നായിരുന്നു. പണത്തിന് അമിത പ്രാധാന്യം കൊടുക്കാത്ത ഒരാളാണ് താന്‍. അതുകൊണ്ട് കടയുടെ ഉദ്ഘാടനം നടത്തിയിട്ടാണ് അവിടെനിന്ന് മടങ്ങിയത്.

അല്ലാതെ മറ്റ് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തനിക്ക് സംഭവിച്ചത് സാമ്പത്തിക തട്ടിപ്പാണ്. നിയമപരമായി മുന്നോട്ടു പോകും. ഇത്തരക്കാരെ സിനിമ മേഖലയില്‍നിന്നുള്ളവര്‍ സൂക്ഷിക്കണം. ഇത് എന്റെ ആരാധകരോട് കൂടിയുള്ള അപേക്ഷയാണ്. പണത്തിന് പുറകെ പോകുന്ന ആളല്ല ഞാൻ. നിങ്ങളുടെ എല്ലാ പിന്തുണയും എനിക്കൊപ്പം വേണം. ഭാമ പറയുന്നു.