ഇവരാണ് ലീലയുടെ വ്യാജന് പിന്നില്‍

ബിജു മേനോനെ നായകനാക്കി രഞ്ജിത് ഒരുക്കിയ ലീലയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിലൂടെ പുറത്ത് വന്നിരുന്നു. 22ന് റിലീസായ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള പ്രിന്റ് തന്നെയാണ് ടോറന്റ്, ഫേസ്ബുക്ക് എന്നിവിടങ്ങളിലൂടെ പുറത്തുവന്നത്.

ലീലയുടെ വ്യാജകോപ്പികൾ വിതരണം ചെയ്ത വെബ്സൈറ്റുകൾക്കെതിരെയും ഫേസ്ബുക്ക് പേജുകൾക്കെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് സംവിധായകനായ രഞ്ജിത്തും കൂട്ടരും. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകകളുടെ പേരിലും നിയമനടപടി ഉണ്ടാകും. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കാപ്പിറ്റോൾ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തമിഴ്ടോറന്റ്, തിരുട്ടുവിസിഡി, മൊണോവ, ഐസോഹണ്ട്, ടോറന്റ് മൂവീസ് എന്നീ സൈറ്റുകൾക്കെതിരെയും മലയാളം മൂവീസ്, മൈ നേം ഈസ് സാദ്ദിഖ്, ആയിരത്തിൽ ഒരുവൻ, സാൾട്ട് മാൻഗോ ട്രീ എന്നീ ഫേസ്ബുക്ക് പേജുകൾക്കെതിരെയും കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ലീലയുടെ വ്യാജകോപ്പികൾ മേൽപറഞ്ഞ വെബ്സൈറ്റുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ കാണുകയോ ഷെയർ ചെയ്യുകയോ ചെയ്താൽ അവർ കടുത്ത നിയമനടപടികൾക്ക് വിധേയരാകുന്നതാണെന്നും സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു.