ദോഹയിൽ ഇറങ്ങിയ കടുവ മലയാളസിനിമയിലെ അഭിനേതാവ്

ദോഹയിലെ അതിവേഗ പാതയിൽ കഴിഞ്ഞയാഴ്ച പരിഭ്രാന്തി പരത്തിയതു മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയ കടുവ. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയാണ് റയ്യാൻ അതിവേഗ പാതയിൽ കടുവ പ്രത്യക്ഷപ്പെട്ടത്. വാഹനങ്ങൾക്കിടയിലൂടെ കടുവ പായുന്നതും അറബി വേഷധാരി കടുവയെ ചങ്ങലയിൽ പിടിച്ചുനിൽക്കുന്നതുമായ ദൃശ്യങ്ങൾ വൈകാതെ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

വി.കെ. പ്രകാശിന്റെ സംവിധാനത്തിൽ ബിജുമേനോൻ നായകനായി അഭിനയിക്കുന്ന ‘മരുഭൂമിയിലെ ആന’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ നിന്നു പുറത്തുചാടിയ കടുവയാണ് ഇതെന്ന വിവരം വൈകിയാണു പുറത്തുവന്നത്.

പ്രത്യേക മൂടിയുള്ള ട്രക്കിലാണു വളർത്തു കടുവയെ കൊണ്ടുവന്നത്. അതിവേഗ പാതയിൽ വച്ച് മൂടി തുറന്നുപോയതോടെ കടുവ ആക്‌ഷൻ പറയുംമുൻപേ റോഡിലേക്കു ചാടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഉടൻ പുറകെ പാഞ്ഞു കടുവയെ പിടികൂടുകയും ചിത്രീകരണം സുഗമമായി പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ, ആരോ മൊബൈലിലെടുത്ത കടുവാ ദൃശ്യങ്ങൾ ഇതിനകം വൈറലായ വിവരം ഷൂട്ടിങ് സംഘം അറിഞ്ഞില്ല. ദൃശ്യങ്ങളിലൂടെ വാഹനം തിരിച്ചറിഞ്ഞ ഖത്തർ പൊലീസ് തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കടുവയെ എത്തിച്ച മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങിയത്. വൻതുക പിഴയടച്ചാണ് ഇവർ പുറത്തിറങ്ങിയത്. നിയമനടപടികൾ ഇനിയും തീർന്നിട്ടില്ലെന്നാണു വിവരം.

സിനിമയിൽ കടുവയെ ചങ്ങലയിൽ പിടിച്ചു ബിജുമേനോൻ പ്രവേശിക്കുന്ന രംഗത്തിനു വേണ്ടിയായിരുന്നു ഇതെല്ലാം. ആദ്യഷെഡ്യൂൾ പൂർത്തിയാക്കി സിനിമാ സംഘം മടങ്ങി.