തിരക്കഥയുമായി നമുക്ക് ഓടിയാലോ കാവ്യേ: ദിലീപ്

‘പിന്നെയും’ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ ദിലീപും കാവ്യയും. ചിത്രം : മനോജ് ചേമഞ്ചേരി

വളരെ സുഖകരമായി ഒപ്പം ജോലിചെയ്യാൻ സാധിക്കുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ എന്നു നടൻ ദിലീപ്. മറ്റു സിനിമകളിൽ അഭിനയിക്കുമ്പോൾ പല കാര്യങ്ങളെക്കുറിച്ചു ടെൻഷൻ ഉണ്ടായിരുന്നുവെങ്കിൽ ‘പിന്നെയും’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒന്നിനെക്കുറിച്ചും തനിക്കു ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നു ദിലീപ് പറഞ്ഞു.

‘അടൂർ സാറിനെ വച്ചു പടം എടുക്കാൻ’ സാധിച്ചതു മലയാളത്തിൽ ഒരു നടനും ലഭിക്കാത്ത ഭാഗ്യമാണെന്നു ദിലീപ് തമാശയായി പറഞ്ഞു.‘‘പഞ്ചാബി ഹൗസിനു ശേഷം ഞാൻ അടൂരിനെ കണ്ട് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചിരുന്നു. അവസരം വന്നാൽ വിളിക്കാമെന്നു പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു വിട്ടു. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ, കമൽ സാർ പലരെയും ആശ്വസിപ്പിച്ചു വിടുന്നതു കണ്ടിട്ടുണ്ട്. പിന്നീട് പലതവണ അടൂരിനെ കണ്ടെങ്കിലും അദ്ദേഹം എന്നെ മറന്നുവെന്നു തോന്നി.

ഇതിനിടെ, കാവ്യ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ഓർക്കാപ്പുറത്താണ് ഈ സിനിമയിലേക്ക് വിളി വന്നത്. ഇതു വലിയ അംഗീകാരമാണ്. ഒരുപാടു കാര്യങ്ങൾ അടൂരിൽ നിന്നു പഠിക്കാ‍ൻ സാധിച്ചു. സംശയം ചോദിക്കുമ്പോഴെല്ലാം മുഖം കറുപ്പിക്കാതെ അദ്ദേഹം ഉത്തരം പറഞ്ഞു തന്നു. ‘പിന്നെയും’ അടൂരിന്റെ ഒരു പടം കൂടി ലഭിക്കണമേയെന്നാണ് എന്റെ മോഹം.’’‘‘അടൂർ ആർക്കും തിരക്കഥ നൽകാറില്ലെന്നു കേട്ടിട്ടുണ്ട്. പക്ഷെ, അദ്ദേഹം എനിക്കു തിരക്കഥ വായിക്കാൻ തന്നു. വായിക്കാൻ പറഞ്ഞ അത്രയും സ്ഥലം വരെ മാത്രമേ വായിച്ചിട്ടുള്ളൂ. കൂടുതൽ വായിച്ചാൽ അദ്ദേഹം കാണുമല്ലോ എന്ന പേടി മൂലം വായിച്ചില്ല.

ഓരോ സീനിലും എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു തരും. കൈ കൂടുതൽ ആട്ടരുതെന്നു പറയുമ്പോൾ അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കും. എല്ലാം കഴിഞ്ഞപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച തോന്നലാണ് ഉണ്ടായത്’’–ദിലീപ് ചൂണ്ടിക്കാട്ടി.വീണ്ടുമൊരു അടൂർ സിനിമ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നു കാവ്യ മാധവൻ പറഞ്ഞു. എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത സിനിമയായിരിക്കും ‘പിന്നെയും’ എന്നു വിശ്വാസമുണ്ട്. ദിലീപേട്ടനു തിരക്കിനിടെ, അടൂർസാർ അറിയാതെ തിരക്കഥ കൊടുത്തു പോയതാണ്. അതുമായി നമുക്ക് ഓടിക്കളഞ്ഞാലോ എന്ന് അപ്പോൾ ദീലിപേട്ടൻ എന്നോടു പറയുകയുണ്ടായി– കാവ്യ ഓർമിച്ചു.

തനിക്ക് ഈ ചിത്രത്തിൽ നീണ്ട ഒരു സീൻ മാത്രമാണുള്ളതെന്നും അതു തനിക്കു വേണ്ടി എഴുതിച്ചേർത്തതാണെന്ന് അടൂർ പറയുകയുണ്ടായെന്നും കെപിഎസി ലളിത അറിയിച്ചു. പടത്തിനു നീളം കൂടിയതിനാൽ ആ സീൻ പിന്നീട് അടൂർ സാർ വെട്ടിക്കളഞ്ഞു എന്നു ദിലീപ് ഇടയ്ക്കു കയറിപ്പറഞ്ഞതു ചിരി പടർത്തി. അടൂരിന്റെ സെറ്റിൽ താൻ ചെല്ലുമ്പോൾ എല്ലാവരും വളരെ ഗൗരവത്തിലായിരുന്നുവെന്ന് ലളിത ഓർമിച്ചു. താൻ ചെന്ന ശേഷമാണ് എല്ലാവരും തുറന്നു ചിരിക്കാൻ തുടങ്ങിയതെന്നും അവർ ചൂണ്ടിക്കാട്ടി.