Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോബിളിനെയും ഭാര്യയെയും ആ ഓട്ടോ എന്തിനു പിന്തുടർന്നു?

noble നോബിളും ഭാര്യ ബോണിയും

ജിഷയും സൗമ്യയും ഉൾപ്പടെ ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്ന പെൺകുട്ടികളുടെ നിര നമ്മുടെ കേരളത്തിൽ വലുതാണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോള്‍ മാത്രമാണ് സുരക്ഷയെപ്പറ്റി നമ്മൾ ബോധവാന്മാരാകുന്നത്. എന്നാൽ എത്ര തന്നെ സംഭവങ്ങൾ ഉണ്ടായാലും ഉത്തരവാദിത്തപ്പെട്ടവരുടെ നിസംഗത തുടരുമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്.

കൊച്ചിയിൽത്തന്നെ എത്രമാത്രം ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളാണ് ജനങ്ങൾ നേരിടുന്നത്. അതിന് ഉദാഹരമാണ് ചലച്ചിത്ര നിർമാതാവ് നോബിള്‍ തോമസിന്റെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. ഭാര്യയ്ക്കൊപ്പം കൊച്ചിയിൽ ഒരു രാത്രി യാത്ര നടത്തിയതിന്റെ നടുക്കം ഇതുവരെയും മാറിയിട്ടില്ല. അക്രമികളിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. സഹായമഭ്യർത്ഥിച്ച് പൊലീസിലെത്തിയപ്പോൾ തീർത്തും ഉത്തരവാദിത്തമില്ലാത്ത നിലപാടാണ് അവര്‍ സ്വീകരിച്ചത്. നോബിൾ ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാണ്.

കൊച്ചിയിലെ ഒരു മൾട്ടിപ്ലക്സിൽ നിന്ന് രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്നു നോബിളും ഭാര്യയും. മാളിൽ നിന്ന് കാർ മെയിന്‍ റോഡിലേക്ക് എടുത്തപ്പോഴാണ് ഒരു ഓട്ടോ കാറിനെ തടയാനെത്തിയത്. ഓട്ടോയിൽ രണ്ടുപേർ ഉണ്ടായിരുന്നു. സംഗതി പന്തികേടാണെന്ന് മനസ്സിലാക്കി നോബിൾ കാർ യുടേൺ എടുത്ത് മറ്റൊരു വഴിക്ക് തിരിച്ചു. എന്നാൽ അപ്പോഴും ആ ഓട്ടോ പിന്തുടരുകയായിരുന്നു. അപ്പോൾ സമയം ഏകദേശം ഒരു മണിയായി. അവർ കയറിപ്പോകട്ടെ എന്നു വിചാരിച്ച് നോബിൾ കാർ പതുക്കെ നിർത്തി ഇട്ടു. എന്നാൽ ഓട്ടോ കടന്നുപോകാതെ ആ കാറിന്റെ പുറകെ തന്നെ നിർത്തി ഇടുകയായിരുന്നു.

പ്രശ്നം ഗുരുതരമാകുമെന്ന ഭീതിയോടെ നോബിൾ സഹോദരങ്ങളെ വിളിക്കുകയും അവരുടെ സ്ഥലത്തേക്ക് വണ്ടി തിരിക്കുകയും ചെയ്തു. അത്രയും നേരം പിന്തുടർന്നുവന്ന അവർ സഹോദരങ്ങളെ കണ്ടതോടെ സംഭവസ്ഥലത്തുനിന്നും മറഞ്ഞു.

ഉടൻ തന്നെ അടുത്ത പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവത്തെക്കുറിച്ച് വിവരിച്ചെങ്കിലും പൊലീസുകാരുടെ മറുപടി നോബിളിനെ അത്ഭുതപ്പെടുത്തി. ഇപ്പോൾ ഒരുപാട് രാത്രിയായെന്നും ഇനി അവരുടെ പുറകെ പോയിട്ട് കാര്യമില്ലെന്നുമായിരുന്നു അവർ പറഞ്ഞത്. പോയിട്ട് നാളെ വരാനാണ് അവർ ആവശ്യപ്പെട്ടത്. പിറ്റേദിവസം സ്റ്റേഷനിലെത്തിയ നോബിളിനോട് നിങ്ങൾ ഇൗ സ്റ്റേഷനിലല്ല പരാതിപ്പെടേണ്ടതെന്നും സംഭവം നടന്നത് മറ്റൊരു സ്റ്റേഷന്റെ പരിധിയിലാണെന്നും അവർ പറഞ്ഞു.

ഒരു കാർ അപരിചിതരാൽ പിന്തുടരുമ്പോൾ അത് ഏത് പരിധിയിലൂടെ പോകണമെന്നത് നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ടോ? ഇനി ഇവർ വലിയൊരു അപകടത്തിൽപ്പെട്ടാൽ ആ പരിധിയിലുള്ള സ്റ്റേഷനിലേക്ക് ഓടിക്കയറണമെന്ന് നിർബന്ധമാണോ ? ദയനീയം തന്നെ .നോബിൾ പറയുന്നു.

ഇതാണോ നമ്മുടെ വ്യവസ്ഥിതി.ജനങ്ങളുടെ സുരക്ഷക്കായി ഇങ്ങനെയാണോ പൊലീസ് പ്രവർത്തിക്കേണ്ടത്. കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ മാത്രമേ ഇവർ പ്രതികരിക്കുകയുള്ളോ ? വ്യക്തമായ തെളിവ് ഉണ്ടായിട്ടും കൊലപാതികകളും പീഡിപ്പിച്ചവനും വർഷങ്ങളോളം ജയിലിൽ കിടക്കുന്നു.

നമ്മൾ കൊടുക്കുന്ന നികുതിയിൽ എന്താണ് നമുക്ക് തിരിച്ചു നൽകുന്നത്. ആരെയും പൊതുവായി പറയുകയല്ല. പൊലീസുകാരിലും നല്ലവരും ആത്മാർത്ഥയുള്ളവരും ഉണ്ട്. ആ കാറിൽ രണ്ടു പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നെങ്കിലോ? അതൊരു ടാക്സി ഓട്ടോ ആണ്. ഒരു പെൺകുട്ടി വീട്ടിൽ പോകാൻ വിളിക്കുന്ന ഓട്ടോ ഇതേ ഓട്ടോ തന്നെയാണെങ്കിൽ ആ കുട്ടി വീടെത്തുമോ? നോബിൾ ചോദിക്കുന്നു. KL-17-N-8394 വണ്ടി നമ്പറെന്നും നോബിൾ വ്യക്തമാക്കി. വിനീത്–നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയുടെ നിർമാതാവ് കൂടിയായാണ് നോബിള്‍.

സുരക്ഷയ്ക്കായി ആരെയാണ് സാധരണ ജനങ്ങൾ ആശ്രയിക്കേണ്ടതെന്ന പേടിപ്പിക്കുന്ന ചോദ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. കുറ്റകൃത്യം നടന്ന ശേഷം അതിന്റെ പിറകെ പോകുന്നതിനെക്കാൾ നല്ലത് അത് നടക്കും മുമ്പ് തടയുന്നതല്ലേ ?
 

Your Rating: