വ്യാജമദ്യ നിര്‍മാണം; സിനിമ-സീരിയല്‍ നടന്മാര്‍ അറസ്റ്റില്‍

സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യം കടത്തിക്കൊണ്ടിരുന്ന ആറംഗ സംഘത്തെ പൊലീസ് പിടികൂടി. വര്‍ക്ക്‌ഷോപ്പിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തിൽ നടത്തിയ പൊലീസ് റെയ്ഡിലാണ് ഇവരെ പിടികൂടിയത്. സിനിമ-സീരിയല്‍ നടന്മാരടക്കം ആറുപേര്‍ അറസ്റ്റിലായി‍. ഡഫേദാര്‍ അനില്‍ എന്ന കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് അനില്‍(39), വെള്ളാങ്ങല്ലൂര്‍ ചാലിശേരി വീട്ടില്‍ ബിനോയ്(37), തിരുവഞ്ചിക്കുളം കപ്പിത്താന്‍പറമ്പില്‍ രാജേഷ്(38), അമ്പലപ്പുഴ സൗമ്യഭവനത്തില്‍ തോമസുകുട്ടി(26), വെള്ളാഞ്ചിറ കാഞ്ഞിരത്തിങ്കല്‍ സെലസ്റ്റിന്‍(23), ചാലക്കുടി എലിഞ്ഞപ്ര വെട്ടിയാടന്‍ തോമസ്(56) എന്നിവരാണ് അറസ്റ്റിലായവര്‍.

വെള്ളാങ്ങല്ലൂർ വെളയനാട് വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍നിന്നുമാണ് അനധികൃതമായി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും, മൂവായിരത്തോളം ലിറ്റര്‍ സ്പിരിറ്റും, ആയിരത്തോളം ബോട്ടില്‍ അനധികൃതമായി നിര്‍മിച്ച മദ്യവും പൊലീസ് പിടിച്ചെടുത്തത്.

പ്രതി അനില്‍ ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഡഫേദാര്‍ എന്ന സിനിമയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷം അഭിനയിച്ചുവരുന്നയാളാണ്. രാജേഷ് സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രതികള്‍ മദ്യവില്പന നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇതിനായി നിരവധി ആഡംബര കാറുകള്‍ ഇവര്‍ വാങ്ങിയിട്ടുണ്ട്. പത്തോളം ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.