ആനന്ദം കാണാൻ 5 കാരണങ്ങൾ

തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ സിനിമകളിൽ വിനീത് ശ്രീനിവാസന്റെ സഹായിയായിരുന്നു ഗണേഷ് രാജ്. ‘ജേക്കബിന്റെ സ്വർഗരാജ്യം’ തിയറ്ററിലെത്തിച്ച് ഒരു മാസത്തെ മാർക്കറ്റിങ് പരിപാടികളെല്ലാം പൂർത്തിയാക്കിയ സംഘം അടുത്ത ജോലി ആരംഭിച്ചതു ഗണേഷിനുവേണ്ടിയാണ്. ആനന്ദം എന്ന പുത്തൻ ചിത്രത്തിന്റെ സംവിധായകനായി ഗണേഷിന് അരങ്ങേറ്റം.

അതുവരെ സംവിധായകനും നടനും ഗായകനുമായിരുന്ന വിനീത് പുതിയ ലൊക്കേഷനിൽ നിർമാതാവിന്റെ കസേരയിൽ ഇരുന്നു. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളും പൂർത്തിയായി സിനിമ റിലീസിന് ഒരുങ്ങുകയാണ്. എൽജെ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഗണേഷ്, വിനീത്

തന്റെ ആദ്യ നിർമാണ സംരംഭമായ ‘ആനന്ദ’വും ആദ്യ സിനിമയായ ‘മലർവാടി ആർട്സ് ക്ലബ്ബും’ തമ്മിൽ ഇഴപിരിക്കാനാവാത്ത ചില ബന്ധങ്ങളുണ്ടെന്ന് ആദ്യം കണ്ടെത്തിയതു വിനീത് ശ്രീനിവാസനാണ്. ആ സാദൃശ്യങ്ങളൊന്നും മനഃപൂർവമല്ല; തികച്ചും യാദൃച്ഛികം മാത്രം.

1. മലർവാടി ആർട്‌സ് ക്ലബ്ബിന്റെ നിർമാതാവ് നടൻ ദിലീപായിരുന്നു. ആനന്ദത്തിന്റെ ആദ്യ ക്ലാപ്പടിക്കാനും ദിലീപ് തന്നെയെത്തി.

2. ഏഴംഗസംഘമാണ് മലർവാടിയിലെ കൂട്ട്. ആനന്ദത്തിലും എണ്ണത്തിനു മാറ്റമില്ല. എന്നാൽ, മലർവാടിയിൽ ആൺപട അഞ്ചുണ്ടായിരുന്നു. ആനന്ദത്തിൽ നാലേയുള്ളൂ.

3. മലർവാടിയിലൂടെ കലാസംവിധാനരംഗത്ത് അജയൻ മാങ്ങാട് അരങ്ങേറിയപ്പോൾ ആനന്ദത്തിലൂടെ ഡിനോ ശങ്കർ കലാസംവിധാനരംഗത്ത് എത്തുന്നു.

4. പിന്നണി ഗായകൻ സച്ചിൻ ആദ്യമായി സിനിമയിൽ പാടിയതു മലർവാടി ആർട്സ് ക്ലബ്ബിനുവേണ്ടിയായിരുന്നു. ആനന്ദത്തിലൂടെ സച്ചിൻ സംഗീത സംവിധായകനായി.

5. മലർവാടി ആർട്സ് ക്ലബ്ബിലെ പുതുമുഖങ്ങളായിരുന്നു നിവിൻ പോളി, അജു വർഗീസ് തുടങ്ങിയവർ. ഇവർ പിന്നീടു ചലച്ചിത്രലോകത്തെ സ്ഥിരം സാന്നിധ്യമായി മാറി. പൂർണമായും പുതുമുഖങ്ങളുമായാണ് ആനന്ദത്തിന്റെയും വരവ്.