ജഗദീഷ് നീചനും സംസ്‌കാരശൂന്യനുമെന്ന് ഗണേഷ് കുമാര്‍; വിഡിയോ

താരമണ്ഡലമായിരുന്ന പത്തനാപുരത്തെ ആവേശകരമായ മത്സരത്തിൽ ഗണേഷ് വിജയക്കൊടി പാറിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ സ്ഥാനാർത്ഥികളായിരുന്ന ജഗദീഷും ഗണേഷ് കുമാറും പരസ്പരം വാക്പോരുകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിജയത്തിന് ശേഷവും ജഗദീഷിനെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ രംഗത്ത്.

ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് ഗണേഷ് പറഞ്ഞു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാന്‍ അവസരമൊരുക്കിയത് ജനങ്ങളാണ്.

അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ നിയമസഭയില്‍ പ്രസംഗിച്ചതു കൊണ്ടാണ് തനിക്ക് യു.ഡി.എഫ് വിടേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ, അന്തസുള്ള നേതാക്കന്‍മാരായിരുന്നു. അവരുടെ പ്രസ്താവനയിലോ പ്രസംഗത്തിലോ എതിർസ്ഥാനാർത്ഥിയായ എന്നെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയിട്ടില്ല. തന്റെ വിജയത്തിൽ സന്തോഷിക്കുമ്പോഴും നീചനായ ജഗദീഷുമൊത്ത് മത്സരിച്ചതിൽ വേദനയുണ്ടെന്നും ഇങ്ങനെ നീചനായ ഒരാളോട് മത്സരിക്കേണ്ടിവന്ന ഗതികേട് മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ഗണേഷ് പറഞ്ഞു.