പഞ്ചാബി ഹൗസിലെ നീക്കം ചെയ്ത രംഗം; വാസ്തവം

റിലീസ് ചെയ്തു 18 വർഷം പിന്നിടുമ്പോഴും ട്രോളർമാർ ആഘോഷമാക്കുന്ന ഒരു കഥാപാത്രമാണ് മലയാള സിനിമയിൽ. അന്ന് ഈ കഥാപാത്രം എഴുതിയ തിരക്കഥാകൃത്തുക്കളോ അതിൻറെ സംവിധായകരോ ആ നടനോ ഇത്തരം വലിയൊരു ആഘോഷം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പഞ്ചാബി ഹൗസിനേക്കുറിച്ചും അതിലെ കഥാപാത്രം രമണനെക്കുറിച്ചും ഹരിശ്രീ അശോകൻ....

‘പതിനെട്ട് വർഷം മുമ്പേ റാഫി മെക്കാർട്ടിൻ ആണ് രമണനെ ആദ്യമായി മനസ്സിൽ കാണുന്നത്. രമണൻ അഭിനയിക്കുന്ന സമയത്തു പോലും വലിയ സംഭവമാകുമെന്ന് തോന്നുന്നില്ല. അത് ജനങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് പറയുമ്പോൾ ഒരുപാട് സന്തോഷം. ഈയിടെയാണ് രമണൻ ട്രോളുകൾ വന്നുതുടങ്ങിയത്. പണ്ടൊക്കെ ചില ഡയലോഗുകൾ ആളുകൾ പറയാറുന്നത് കാണാറുണ്ടെങ്കിലും ഇതുപോലൊരു സ്വീകാര്യത ഇതാദ്യമാണ്.’

രമണന്റെ ലുക്ക്

റാഫി മെക്കാർട്ടിൻ ആണ് മുടിയുടെ മുമ്പിൽ ഒരു കിളിക്കൂടും പുറകിലൊരു വാലും വേണമെന്ന് പറയുന്നത്. രമണന്റെ ലുക്കും അവരുടെ ഐഡിയ ആണ്. അവർ പറഞ്ഞത് ഞാൻ ചെയ്തു. വർഷങ്ങൾക്ക് ശേഷം രമണന്റെ ആ വേഷം പോലും ട്രോളുകളിൽ നിറയുന്നു. സത്യം പറഞ്ഞാൽ ട്രോളുകൾ കാണുമ്പോൾ സന്തോഷമുണ്ട്. ഇതൊന്നും കാണാൻ ഫനീഫ ഇക്ക ഇല്ലെന്നൊരു വിഷമം ഉണ്ട്.

ചിത്രത്തിലെ ഒഴിവാക്കി ആ രംഗം

ഈ കഥ പറയുമ്പോൾ തന്നെ ഞാൻ പറഞ്ഞു ഈ സിനിമ സൂപ്പർഹിറ്റാകുമെന്ന്. അന്ന് അവർ പറഞ്ഞ ആ കഥയുടെ സുഖം ആ സിനിമ കണ്ടു കഴിഞ്ഞും എനിക്ക് കിട്ടിയിട്ടില്ല. ചിത്രത്തിലെ ചില രംഗങ്ങൾ സമയദൈർഘ്യം മൂലം ഒഴിവാക്കിയിരുന്നു. അതിൽ ഞാൻ കരയുന്നൊരു രംഗമുണ്ട്.

ദിലീപിന്റെ കഥാപാത്രം സംസാരിക്കും എന്ന് രമണൻ അറിയുന്നു. ഇത് ചോദിക്കാന്‍ വേണ്ടി ഞാൻ ദിലീപിന്റെ അടുത്തെത്തി ‘നീ എന്നെ ചതിക്കുവല്ലേടാ’ എന്നു പറയുന്നൊരു രംഗമാണ്. ദിലീപിന്റെ കഥാപാത്രം പെട്ടന്ന് എന്നെ രമണാ എന്നു വിളിക്കുന്നു. ഉറ്റചങ്ങാതി തന്നെ പറ്റിച്ചല്ലോ എന്ന സങ്കടത്തിൽ ഞാൻ ദിലീപിനെ തല്ലുന്നു.

ആ വിഷമത്തിൽ അന്ന് സന്ധ്യയ്ക്ക് കഞ്ഞി കുടിക്കാതെ ഇരിക്കുമ്പോൾ ദിലീപ് വന്ന് ചോദിക്കുന്നു രമണാ നിനക്ക് ദേഷ്യമാണോ എന്നു. സ്നേഹിച്ചാൽ ചങ്കുപറിച്ച് കൊടുക്കുന്നവനാണ് ഈ രമണൻ, ആ എന്നെ നീ ചതിച്ചു. അങ്ങനെ പറഞ്ഞു കരയുന്നൊരു ഇമോഷണല്‍ രംഗമായിരുന്നു അത്. ദിലീപും അന്നെനിക്ക് ഒരുപാട് പിന്തുണ തന്നിരുന്നു.

അങ്ങനെ ഷൂട്ടിങ് കഴിഞ്ഞ് ഇരിക്കുന്ന ഒരു ദിവസം. ഡബ്ബിങ് ആർടിസ്റ്റ് സരിത ഈ രംഗം കണ്ട് വിളിച്ച് അഭിനന്ദിച്ചു. അവർ ആ രംഗം എഡിറ്റിങിനിടെ കണ്ടിരുന്നു. ഈ സന്തോഷം ഞാൻ സംവിധായകൻ റാഫിയെ വിളിച്ചു പറഞ്ഞു. ഇക്കാര്യം പറഞ്ഞതും അദ്ദേഹം പറഞ്ഞു ആ സീൻ കട്ട് ചെയ്തു പോകും എന്ന്. അഭിനയിച്ചതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോൾ അതൊന്നും അല്ല ആ സീൻ ചിത്രത്തിൽ ഉണ്ടാകില്ല എന്നാണ് റാഫി പറഞ്ഞത്. ഉടൻ തന്നെ ഫോണുംവച്ചു. ആ ദിവസം ഉറങ്ങിയില്ല. പിന്നീട് പടം റിലീസ് ചെയ്ത് സിനിമ കണ്ടപ്പോഴും ആ രംഗം ഇല്ല. പടം കണ്ട് ഇറങ്ങുന്നവരെല്ലാം വിളിച്ച് എന്നെ അഭിനന്ദിക്കുന്നു.

ഇതിനിടെ ഞാൻ റാഫിയെ വിളിച്ചു. പടം സൂപ്പർഹിറ്റായി ഇനിയെങ്കിലും ആ സീൻ ചേർക്കത്തില്ലേ എന്നു ചോദിച്ചു. ‘അത്രയും നല്ല കോമഡി ചെയ്യുന്ന ക്യാരക്ടർ എവിടെയെങ്കിലും കണ്ണുനിറഞ്ഞാൽ ആ പടത്തിനെ മുഴുവൻ ബാധിക്കും. ’ ഇതായിരുന്നു റാഫി പറഞ്ഞത്. അതായിരുന്നു അതിന്റെ സത്യം.

ഗോദയിലെ രംഗമൊക്കെ എടുത്ത് പൊലിപ്പിച്ചിരിക്കുന്ന രംഗമാണ്. ഒരുപേടിയും ഇല്ലായിരുന്നു. എന്റെ മനസ്സിൽ ഈ ചിത്രം സൂപ്പർഹിറ്റാകുമെന്ന് ഷൂട്ട് ചെയ്യുമ്പോഴേ ഉറപ്പായിരുന്നു.

കാറും ട്രോളും

പുതിയ കാറിൽ പോകാൻ പോലും ചമ്മലാണ്. പഞ്ചാബികളുടെ തുണി അലക്കി അലക്കിയാണ് രമണൻ ബിഎംഡബ്ലൂ എടുത്തതെന്ന് ട്രോൾ കണ്ടു. പിള്ളേരുടെ നിർബന്ധം കൊണ്ട് എടുത്തതാണ്. അതിൽ ഹെൽമറ്റ് ധരിച്ച് ഇരുന്നാലോ എന്നുപോലും ആലോചന ഉണ്ട്.