ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത: ജഗദീഷിന്റെ മറുപടി

ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിക്കുന്ന വിഷയത്തിൽ എതിർ സ്ഥാനാർഥി ജഗദീഷിന്റെ മറുപടി. ജനപ്രതിനിനിധികൾ സംശയങ്ങൾക്കതീതരായിരിക്കണം. സത്യസന്ധരായിരിക്കണം. ഒരു ജനപ്രനിധി ജനങ്ങൾക്കു മുന്നിൽ ഒന്നും മറച്ചുവയ്ക്കരുതെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത എന്നെ സംബന്ധിക്കുന്ന കാര്യമല്ല. വ്യക്തിപരമായ ആരോപണങ്ങളൊന്നും ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ല, ജഗദീഷ് മനോരമ ഒാൺലൈനോട് പറഞ്ഞു.

2001ൽ മൽസരിക്കുമ്പോൾ ഗണേഷ് കുമാർ വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണു സത്യവാങ്മൂലം നൽകിയിരുന്നത്. 2006ൽ കേരള സർവകലാശാലയിൽ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. 2011ൽ ബികോം പഠനം പൂർത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിൽ.

ഇന്നലെ പത്രിക നൽകിയപ്പോൾ ഇതെല്ലാം മാറി പ്രീഡിഗ്രി ആയി. തിരുവനന്തപുരം ഗവ.ആർട്സ് കോളജിൽ നിന്നു പ്രീഡിഗ്രി നേടിയെന്നാണ് ഇപ്പോൾ പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചു നേരത്തേ കോടതിയിൽ സ്വകാര്യ അന്യായം ഉണ്ടായിരുന്നു. അതു പിന്നീടു പിൻവലിച്ചു. വിവരാവകാശ നിയമപ്രകാരവും ചിലർ ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.