അച്ഛൻ മരിച്ചപ്പോൾ നാട്ടിലെത്തിയില്ല; ഗണേഷിന്റെ ആരോപണത്തിന് ജഗദീഷിന്റെ മറുപടി

അച്ഛൻ മരിച്ചപ്പോൾ നാട്ടിലെത്താതെ വിദേശത്ത് കറങ്ങിനടന്നയാളാണ് താനെന്ന കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണത്തിന് വികാരാധീനനായി മറുപടി പറഞ്ഞ് ജഗദീഷ്. അച്ഛൻ മരിച്ചപ്പോൾ അറിയാൻ വൈകിയത് അടുത്ത സുഹൃത്തായ മുകേഷിന് അറിയാമെന്ന് ജഗദീഷ് പറഞ്ഞു.

കൊല്ലം പ്രസ്ക്ലബിന്റെ ജനസഭ സംവാദത്തിൽ ഇടതുസ്ഥാനാർഥിയായ മുകേഷിന്റെ സാന്നിധ്യത്തിലായിയിരുന്നു ജഗദീഷിന്റെ പ്രതികരണം. രാത്രിയിൽ വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ ശകാരിച്ചത് താൻ തന്നെയാണെന്നും മുകേഷ് പറഞ്ഞു.

രാഷ്ട്രീയത്തിൽ എത്തിയതിന്റെ ഗൗരവവും എന്നും കൈമുതലായുള്ള നർമ്മവും ഒത്തുചേർന്നതായിരുന്നു മുകേഷിന്റെയും ജഗദീഷിന്റെയും വാക്കുകൾ .ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലത്തിലാണ് യു.ഡി.എഫ് തന്നെ പരിഗണിച്ചതെന്ന് ജഗദീഷ് പറഞ്ഞു. തന്റെ അച്ഛൻ മരിച്ചത് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് ഇടയിൽ മുകേഷും ശ്രീനിവാസനും ചേർന്നാണ് മറച്ചുവെച്ചത്. ഇക്കാര്യങ്ങൾ മുകേഷിന് അറിയാം. താൻ നാട്ടിലെത്തിയില്ല എന്നു പറഞ്ഞ് പരിഹസിക്കുന്ന തന്റെ എതിർസ്ഥാനാർഥി ക്രൂരനാണെന്ന് ജഗദീഷ് പറഞ്ഞു.

പി.കെ.ഗുരുദാസന്റെ അനുഗ്രഹത്തോടെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങിത്. പികെ.ഗുരുദാസന് തന്നോട് ഒരു പിണക്കവും ഇല്ല. രാത്രിയിൽ വിളിച്ച് ഉപദ്രവിച്ച ആരാധകനെ ശകാരിച്ചത് താൻ തന്നെയാണ് .അത്തരത്തിൽ ശല്യപ്പെടുത്തിയാൽ ആരായാലും അങ്ങനെ പ്രതികരിക്കുമെന്നും മുകേഷ് പറഞ്ഞു.

പരസ്പരം രാഷ്ട്രീയമായി പഴി പറയാനില്ലെന്നും സൗഹൃദ സംഭാഷണമാണ് സംവാദം കൊണ്ട് ലക്ഷ്യമിട്ടതെന്നും ഇരുവരും വ്യക്തമാക്കി .സിനിമ നടൻമാർ രാഷ്ട്രീയ്ത്തിൽ ഇറങ്ങുന്നതിൽ ഒരു തെറ്റുമില്ലെന്ന് കലാകാരൻമാർ രാഷ്ട്രീയത്തിൽ വരേണ്ടത് അനിവാര്യമാണെന്ന്് മുകേഷ് പറഞ്ഞു.