ജിഷ്ണു എനിക്ക് ചെറുപ്പക്കാരനായ ഒരു സുഹൃത്ത്: സുന്ദർദാസ്

സുന്ദർദാസിന്റെ റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്ര്തതിലാണ് ജിഷ്ണു അവസാനമായി അഭിനയിച്ചത്. അതിന്റെ ഓർമകൾ സുന്ദർദാസ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

എന്റെ പൗരൻ എന്ന സിനിമയിൽ ജിഷ്ണു ഒരു വേഷം ചെയ്തിട്ടുണ്ട്. അതിൽ ജയറാമിന്റെ കൂടെയായിരുന്നു അഭിനയിച്ചത്. ജയറാമിന്റെ കോംപിനേഷൻ ആണെന്ന് പറഞ്ഞപ്പോൾ ജിഷ്ണുവിന് ചെറിയ ടെൻഷനൊക്കെ ഉണ്ടായിരുന്നു. എന്നാൽ വളരെ ഭംഗിയോടെ തന്നെ ആ വേഷം ജിഷ്ണു ചെയ്തു. ആ വേഷം തന്നെയാണ് റബേക്ക ഉതുപ്പ് കിഴക്കേമല ചെയ്തപ്പോഴും ജിഷ്ണുവിനെ തന്നെ നായകനാക്കാൻ തീരുമാനിച്ചതിനു പിന്നിലും. നിർഭാഗ്യവശാൽ അത് അദ്ദേഹത്തിന്റെ അവസാന ചിത്രവുമായിപ്പോയി.

ഇതിൽ സിദ്ധാർഥും ഒരു വേഷം ചെയ്തിട്ടുണ്ട്. ഇവർ‌ തമ്മിൽ നല്ല സുഹൃത്തുക്കളുമാണ്. സിദ്ധാർഥും ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജിഷ്ണുവും ചെയ്യാമെന്നു സമ്മതിക്കുകയുമായിരുന്നു. ഷൂട്ടിങ് സെറ്റിലായാലും ഇവർ രണ്ടും ഭയങ്കര തമാശയും മറ്റുമൊക്കെയായിരുന്നു. ഇവരുടെ ഈ തമാശകൾക്കും കളികൾക്കുമൊക്കെ ഇടയിൽ നമ്മളും കുറച്ചു കൂടി ചെറുപ്പമായതു പോലെയൊക്കെ തോന്നിയിരുന്നു. ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾക്കും ജിഷ്ണു നന്നായി സഹകരിച്ചിരുന്നു.

മെയിൻ സ്ട്രീമിലേക്ക് വരേണ്ട ഒരു നടന്റെ എല്ലാ കഴിവുമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. ഒരുപാട് നല്ല വേഷങ്ങളും ചെയ്യാമായിരുന്നു. ഏകദേശം ഒരു വർഷം മുൻപ് ജിഷ്ണു മരിച്ചുവെന്ന് വാർത്ത പടർന്നപ്പോൾ ഞാൻ മരിച്ചിട്ടല്ല എന്നു പറഞ്ഞ് എനിക്ക് മെസേജൊക്കെ അയച്ചിരുന്നു. കഴിഞ്ഞ കാലങ്ങളായി സിനിമയിൽ ഏറെ ബന്ധമുള്ള പലരും മരിച്ചു കൊണ്ടിരിക്കുകയാണ്. കലാഭവൻ മണിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജിഷ്ണുവുമായി കോപിനേഷൻ സീനുകളുമുണ്ടായിരുന്നു.

എന്റെ സിനിമയുമായി ജിഷ്ണു വളരെയധികം സഹകരിക്കുകയും ചെയ്തിരുന്നു. കോട്ടയം അച്ചായനായായിരുന്നു വേഷം. ഷൂട്ടിങ് തുടങ്ങുനന്നതിന് ഒരാഴ്ച മുന്നേ തന്നെ എത്തുകയും എല്ലാവരുമായും സഹകരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. കോട്ടയത്തെ ഒരു സ്ലാങ് മാത്രം മതിയായിരുന്നു. എന്നിട്ടും അദ്ദേഹം അവിടെയുള്ള ആൾക്കാരുമായി സംസാരിച്ച് ശൈലിയൊക്കെ പഠിച്ചെടുക്കാൻ ശ്രദ്ധ കാണിച്ചു. നടൻ എന്നതിലുപരി ജിഷ്ണു എനിക്ക് ചെറുപ്പക്കാരനായ ഒരു സുഹൃത്തായിരുന്നു. കുറച്ച് കാലമായി രോഗബാധിതനായിരുന്നെങ്കിലും ഇത്രയും ചെറുപ്പത്തിൽ മരണം പ്രതീക്ഷിച്ചിരുന്നില്ല. അവസാനം അഭിനയിച്ചത് എന്റെ ചിത്രത്തിലാണെന്ന സങ്കടവുമുണ്ട്. ഇനിയും ഒരുപാട് സിനിമകൾ ചെയ്യേണ്ട ആളായിരുന്നു.