‘നമ്മളി’ലൊരാളായി, തികച്ചും ‘ഓർഡിനറി’യായി

നമ്മൾ എന്ന സിനിമയിലൂടെ നമ്മളിലൊരാളായി മാറിയ ജിഷ്ണു രോഗം നൽകിയ ഒറ്റപ്പെടലുകളിൽ നിന്ന് പലവട്ടം തിരിച്ചുവന്നിരുന്നു. ഇത് എല്ലാത്തവണയും ജിഷ്ണു തന്നെയാണ് എല്ലാവരെയും അറിയിച്ചത്. ആരോഗ്യം അഭിനയത്തിന് തടസമായെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെ ജിഷ്ണു തന്റെ ഓരോ കൊച്ചുവിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചു. ഓർമകളും.

എനിക്ക് നന്ദി പറയാൻ വാക്കുകളില്ല. നിങ്ങൾ അത്രമാത്രം ദയ നൽകി, പ്രോൽസാഹിപ്പിച്ചു, എനിക്ക് നിങ്ങൾ നൽകുന്ന പോസിറ്റീവ് എനർജി അപാരം, ഒരുതവണ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ജിഷ്ണു ഫെയ്സ്ബുക്കിൽ കുറിച്ചു. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന ചിത്രങ്ങൾ പോസ്റ്റ് െചയ്തു. കൊച്ചു തമാശകൾ കുറിച്ചു. ഭോപാലിലും ഷിംലയിലും ഋഷികേശിലും നടത്തിയ യാത്രകളുടെ ചിത്രങ്ങളിട്ടു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അടിച്ചുപൊളിച്ചതിന്റെ ഓർമകളും.

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്നു ജിഷ്ണുവിന്റെ എക്കാലത്തെയും ശക്തിയെന്നും പോസ്റ്റുകൾ നമ്മെ ഒാർമപ്പെടുത്തുന്നു. കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിലെ കൂട്ടായ്മയുടെ ചിത്രം അടുത്തകാലത്താണ് ജിഷ്ണു പങ്കുവച്ചത്. സ്വന്തം ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കാജനകമായ വാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പടർന്നപ്പോൾ ജിഷ്ണു കുറിച്ചു, മാർച്ച് എട്ടിന് - എപ്പോഴും സന്തോഷവാനായിരിക്കുന്നത് ഏറെ മാറ്റങ്ങളുണ്ടാവും.

ഞാനിപ്പോൾ തീവ്രപരിചരണവിഭാഗത്തിലാണ്, ഐസിയു എനിക്ക് ഒരു രണ്ടാംവീടുപോലെയാണ്. ഈ കുറിപ്പിന് തൊട്ടുതലേന്ന് ജിഷ്ണു കലാഭവൻ മണിയെ അനുസ്മരിച്ചു. തട്ടുകട ഭക്ഷണം ഇഷ്ടപ്പെടുന്ന തന്നെയും കൂട്ടി തട്ടുകടകളിൽ പോയി ആഘോഷിക്കുന്ന മണിയെക്കുറിച്ചായിരുന്നു ഈ പോസ്റ്റ്. സാമൂഹികമാധ്യമങ്ങളാണ് ജിഷ്ണുവിനെ എന്നും കൂട്ടുകാര്ക്കും ആരാധകർക്കുമൊപ്പം ചേർത്തുനിർത്തിയത്. അതേ, ജിഷ്ണുതന്നെ ഇതിനെ തന്റെ അവസാനനാളുകളിൽ കളിയാക്കി ഇട്ട ഒരു പോസ്റ്റും ഉണ്ട്. സ്വർഗത്തിൽ പുതുതായി എത്തുന്നവർ ഒന്നും സംസാരിക്കാതെ കീഴോട്ട് തങ്ങളുടെ കൈകളിലേക്കു നോക്കി നിൽക്കുന്ന ഒരു കാർട്ടൂൺ.