Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു, ആത്മവിശ്വാസത്തിന്റെ ആൾരൂപം

jishnu ജിഷ്ണു

മലയാള സിനിമയ്ക്ക് സുന്ദരനായ വില്ലൻ ആയിരുന്നു രാഘവൻ. ഒട്ടേറെ സിനിമകളിലൂടെ സൗമ്യതയാര്‍ന്ന മുഖവുമായി വന്ന ആ നടൻ മലയാള സിനിമാ സങ്കൽപത്തിലെ സ്ഥിരം വില്ലൻ വേഷങ്ങളെ തകിടം മറിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം അതേ തേജസും വിനയവും നിറഞ്ഞ മറ്റൊരു മുഖവും സിനിമാ പ്രേക്ഷകരുടെ മനസു തൊട്ടു. നമ്മൾ എന്ന ചിത്രത്തിലൂടെ ആ നടനെ കണ്ടപ്പോൾ ഏവരും പറഞ്ഞു രാഘവന്റെ മകൻ കലക്കിയെന്ന്. അതെ, അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും വ്യത്യസ്തനായിരുന്ന താരജാഡകളേതുമില്ലാതിരുന്ന നടനായിരുന്നു ജിഷ്ണു. വില്ലനും നടനും ഒക്കെ ആയി സിനിമകളിൽ നിറഞ്ഞാ‌ടിയപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അകാലത്തിൽ അണയാനിരിക്കുന്ന ദീപമായിരുന്നു അതെന്ന്. അതിനേക്കാളൊക്കെ ജിഷ്ണുവിനു വിശ്വാസവുമുണ്ടായിരുന്നു എത്ര തന്നെ മരണം പിന്തുടർന്നാലും താൻ ജീവിതത്തിലേക്കു കൂടുതല്‍ കരുത്തോടെ തിരിച്ചു വരുമെന്ന്.

ഇരുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും നമ്മള്‍ എന്ന ചിത്രത്തിലെ സ്നേഹം കാത്തിരിക്കുന്ന മകന്റെ മുഖമായിരുന്നു മലയാളി മനസുകളിൽ ജിഷ്ണുവിന് എന്നും. സദാ നിറഞ്ഞ പുഞ്ചിരിയും വാക്കുകളേക്കാൾ ശക്തമായ മിഴികളുമൊക്കെ ജിഷ്ണു എന്ന നടനെ പ്രേക്ഷകരിലേക്കു കൂടുതൽ അടുപ്പിച്ചു. അതിനിടയിലേക്കാണ് ഒട്ടും പ്രതീക്ഷിക്കാതെ ജിഷ്ണുവിന് അർബുദ രോഗമാണെന്ന വാർത്ത പരക്കുന്നത്. തുടക്കത്തിൽ ആരും വിശ്വസിച്ചിരുന്നില്ല ഗോസിപ്പുകൾ അതു സിനിമാക്കാരെ വച്ചാകുമ്പോൾ പെട്ടെന്നു പ്രചാരം കിട്ടുമല്ലോ, അതു തന്നെയായിരിക്കും ഈ വാർത്തയെന്നും എന്നു കരുതി തള്ളിക്കളഞ്ഞു. പക്ഷേ പിന്നീടു ജിഷ്ണു തന്നെ വ്യക്തമാക്കി, താനൊരു അർബുദ രോഗിയാണെന്ന്. എന്നാൽ അതിന്റെ യാതൊരു പതർച്ചയും ഇല്ലാത്ത വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. കാരണം ജിഷ്ണുവിന് ഉറപ്പായിരുന്നു ഒരുനാൾ അര്‍ബുദമേ നിന്നെ ഞാൻ തോൽപ്പിച്ചുവെന്നു പറഞ്ഞ് താൻ തിരിച്ചു വരുമെന്ന്.

ആശുപത്രി കിടക്കകളിൽ മാറിമാറി കഴിയുമ്പോഴും ജിഷ്ണു താൻ തോറ്റു കൊടുക്കില്ലെന്നു ജീവിതത്തോടു ഉറക്കെ പറയുകയായിരുന്നു. ശസ്ത്രക്രിയകൾക്കു ശേഷം സംസാരശേഷി നഷ്ടപ്പെട്ടപ്പോഴും അദ്ദേഹം പിന്മാറാതെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ പ്രിയപ്പെട്ടവരുമായി സംവദിച്ചു. തനിക്കു വേണ്ടി പ്രാർഥിക്കുന്നവരോട് എന്നും നന്ദി പറയുകയും അതു തനിക്കു നൽകുന്ന ഊർജം ചെറുതല്ലെന്നു പറയുകയും ചെയ്തു. രോഗകിടക്കകള്‍ക്ക് ഇടവേളകൾ നൽകുന്ന സമയങ്ങളിലെല്ലാം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കാനും താനെപ്പോഴും സന്തോഷവാനാണെന്നു പറയുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നും മാതാപിതാക്കള്‍ക്കു വേണ്ടിയും ജിഷ്ണു സമയം കണ്ടെത്തിയിരുന്നു. അർബുദ രോഗികൾ സമൂഹത്തിൽ നിന്നും ഒളിച്ചോടേണ്ടവരല്ലെന്നും സ്വയം ശാരീരികമായി എന്തൊക്കെ മാറ്റങ്ങൾ വന്നാലും അവയൊന്നും ഒളിച്ചു വയ്ക്കേണ്ടതല്ലെന്നും ജിഷ്ണു അറിയിച്ചു കൊണ്ടിരുന്നു. മെലിഞ്ഞുണങ്ങി ഏറെ ക്ഷീണിതനായി ഇരിക്കുന്ന അവസ്ഥയിലും അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് എപ്പോഴുമുള്ള ആ നിറഞ്ഞ പുഞ്ചിരിയോടെ ജിഷ്ണു പറയാറുണ്ടായിരുന്നു ഞാൻ തിരിച്ചു വരും...

ഒടുവിൽ ഐസിയുവിൽ ഗുരുതരമായി കഴിയുന്ന അവസ്ഥയിലും ജിഷ്ണു പറഞ്ഞു പോസിറ്റീവായി എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അതിന് ജീവിതത്തിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന്. അർബുദ രോഗികൾക്കു മാത്രമല്ല അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർക്കു വരെ പ്രതീക്ഷയുണ്ടായിരുന്ന ഈ തകരാത്ത ആത്മവിശ്വാസം അദ്ദേഹത്തെ രക്ഷിച്ചേക്കുമെന്ന്.. അവസാനകാലത്ത് ഗുരുതരാവസ്ഥയിൽ വേദനകൊണ്ടു പുളയുമ്പോഴും എന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി ‍ഞാന്‍ ഊർജസ്വലനായി തിരിച്ചു വരുമെന്നു പറഞ്ഞ ആ ആത്മവിശ്വാസത്തിന്റെ ആൾരൂപത്തെ ഇന്നു നഷ്ടമായിരിക്കുകയാണ്... ജീവിതമല്ല ജീവിതത്തെയാണ് ജിഷ്ണു തോൽപിച്ചത്, മരണകിടക്കയിലും തളരാത്ത ആത്മവിശ്വാസം െകാണ്ട്.....

Your Rating: