ഭാവന നടത്തിയ മോഷണം; കലവൂർ രവികുമാർ പറയുന്നു

ഭാവനയുടെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ കലവൂർ രവികുമാർ. അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന ചിത്രത്തിലെ ഭാവനയുടെ പ്രകടനത്തെപ്പറ്റിയാണ് പ്രശംസ.

ഭാവന നടത്തിയ മോഷണം എന്ന രസകരമായൊരു തലക്കെട്ടോട് കൂടിയ കുറിപ്പിലാണ് രവികുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭാവനയുടെ ആദ്യ ചിത്രമായ നമ്മൾ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത് കലവൂർ രവികുമാർ ആയിരുന്നു. ഭാവനയെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം–

ഭാവന നടത്തിയ മോഷണം

പരിമളത്തെ ഓർമ്മയില്ലേ ? നമ്മളിലെ ഭാവനയുടെ പരിമളം. അന്ന് ദേഹം മുഴുവൻ കറുപ്പടിച്ചപ്പോൾ ഭാവന കരഞ്ഞതു ഞാൻ ഓർക്കുന്നു. ആ കരച്ചിൽ ചിത്രം റിലീസായപ്പോൾ ചിരിയായി മാറി . അതിലെ നായികയേക്കാൾ ജനഹൃദയം തൊട്ടതു പരിമളം ആയിരുന്നല്ലോ. എന്നാൽ പരിമളത്തിന്‍റെ പാത്രസൃഷ്ടിയിൽ എന്നേക്കാൾ വലിയ പങ്കു ചിത്രത്തിന്‍റെ സംവിധായകനായ കമൽ സാറിനാണ്. അദ്ദേഹം മദ്രാസ് ജീവിതകാലത്ത് അത്തരമൊരു കുട്ടിയെ നിരീക്ഷിച്ചിരുന്നു. പരിമളത്തിനു അങ്ങനെയാണു മിഴിവുണ്ടായത്.

പക്ഷെ പരിമളം ഭാവനയിൽ പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. വലിയ പ്രതിഭയായിട്ടും ഭാവനയ്ക്കു നമ്മൾ പരിമളം റോളുകളാണു നൽകുക.

ഈ ചിത്രത്തിൽ അങ്ങനെയല്ല എന്നു ഞാൻ കരുതുന്നു. ഇതിൽ ഭാവന തന്‍റെ നടനജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ കണ്ടെടുത്തു എന്നാണു ഞാൻ വിചാരിക്കുന്നത്.

തിരക്കഥയിലെ ഷാഹിദ എന്‍റേതായിരുന്നു. ചിത്രീകരണ വേളയിൽ ഷാഹിദയെ ഭാവന കട്ടെടുത്തു. 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന ചിത്രത്തിലെ ഷാഹിദ എന്ന കഥാപാത്രം ഭാവനയുടെ സ്വന്തമാണു സത്യം. ചിത്രം ഇറങ്ങുമ്പോൾ അതു എല്ലാവർക്കും ബോദ്ധ്യമാകും...കലവൂർ രവികുമാർ പറഞ്ഞു.