വിജയ്‌യെ അനുകരിച്ച് വീണ്ടും കൈയടി നേടി കാളിദാസൻ

അച്ഛന്റെ കഴിവുകൾ മക്കൾക്ക് അതുപോലെ തന്നെ കിട്ടുന്നത് അപൂർവ്വമാണ്. അത്തരമൊരു അപൂർവ്വ സിദ്ധിയുടെ ഭാഗ്യം കൈവന്ന താരപുത്രനാണ് കാളിദാസൻ. മിമിക്രിയിലുള്ള ജയറാമിന്റെ കഴിവ് അതുപോലെ തന്നെ കാളിദാസൻ കിട്ടിയിട്ടുണ്ടെന്ന് ചെന്നൈയിൽ സംഘടിപ്പിച്ച വിജയ് ഫിലിം അവാർഡ്ദാന ചടങ്ങിൽ ഏവരും കണ്ടതാണ്.

വീണ്ടും മിമിക്രിയിലുള്ള കഴിവ് തെളിയിച്ച് കൈയടി നേടിയിരിക്കുകയാണ് കാളിദാസൻ. ഇത്തവണ ഇളയദളപതി വിജയ്‌യെ അനുകരിച്ചാണ് കാളിദാസൻ പ്രശംസപിടിച്ചുപറ്റിയിരിക്കുന്നത്. തമിഴ് ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കാളിദാസന്റെ മിമിക്രി.

ജയറാമിന് സിനിമയിലേക്കുള്ള വാതിൽ തുറന്നത് മിമിക്രിയായിരുന്നു. കാളിദാസനും തമിഴ് സിനിമയിലെ നായകവേഷത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത് അവാർഡ് ദാന ചടങ്ങിലെ മിമിക്രി അവതരണമാണ്. കാളിദാസന്റെ രണ്ടു തമിഴ് ചിത്രങ്ങൾ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മലയാളചിത്രത്തിലൂടെ നായകനായി വീണ്ടും മലയാളത്തിലേക്ക് കാളിദാസൻ എത്തും.