കനിഹയുടെ സഹായം പ്രഖ്യാപനത്തിലല്ല പ്രവർത്തിയിൽ

തമിഴ്നാട്ടിൽ കനത്ത വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് സഹായമെത്തിച്ച് നടി കനിഹ. ഇഞ്ചമ്പാക്കത്തെ ഒരു പള്ളിയിലാണ് താരത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും മെഴുകുതിരികളും ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ എത്തിച്ചത്. ഒപ്പം സഹായം ചെയ്യാനാഗ്രഹിക്കുന്നവരോട് തന്നെ ബന്ധപ്പെടാനും താരം പറയുന്നു.

നേരത്തെ സിദ്ധാർഥ്, ഉദയാനിധി സ്റ്റാലിൻ തുടങ്ങി പ്രമുഖ താരങ്ങൾ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ചെങ്കിലും ഒരു നടി നേരിട്ട് ദുരിതാശ്വാസപ്രവർത്തനത്തിനിറങ്ങുന്നത് ഇതാദ്യം. വെള്ളപ്പൊക്കത്തിൽ പെട്ടവർക്കായി മഞ്ജു വാര്യർ ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

തമിഴ്നാട്ടിലെ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നടി കനിഹയും കുട്ടികളും നേരത്തെ അവരുടെ വീടു വിട്ടിരുന്നു. കനത്ത മഴയെ തുടർന്ന് വൻനാശനഷ്ടമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്.