കണ്ണൂർ കാത്തിരുന്നു; മഞ്ജു വന്നില്ല

മഞ്ജുവിനെ കാത്തു നിന്ന കണ്ണൂരിനു നിരാശ. കണ്ണൂർ സർവകലാശാലയുടെ പ്രതിഭാ അവാർഡ് പുരസ്കാരം സ്വീകരിക്കാൻ മഞ്ജു എത്തില്ലെന്ന് അറിഞ്ഞതോടെയാണു വളർന്ന നാടും നാട്ടുകാരും നിരാശയിലായത്.

വിവിധ രംഗങ്ങളിൽ മികവു തെളിയച്ചവർക്കായി കണ്ണൂർ സർവകലാശാല ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിനു സിനിമാ രംഗത്തു നിന്നു മഞ്ജുവിനെയാണു തിരഞ്ഞെടുത്തിരുന്നത്. ഇന്ന് ഗവർണർ പി. സദാശിവത്തിൽ നിന്നു പുരസ്കാരം നേരിട്ടു വാങ്ങാൻ മഞ്ജുവിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണു മഞ്ജുവിനെ കാത്ത് ജന്മനാട് ആകാംഷയോടെ ഒരുങ്ങിയിരുന്നത്.

ചെറുപ്പം മുതൽ കണ്ണൂരിന്റെ കലാരംഗത്തു നിറഞ്ഞു നിന്നിരുന്ന മഞ്ജു ഇന്നും നാട്ടുകാർക്ക് പ്രിയപ്പെട്ടവളാണ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിലും ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലും പഠിച്ചു കൊണ്ടിരിക്കെ തന്നെ കലാരംഗത്തു ചുവടുറപ്പിച്ചിരുന്ന മഞ്ജു എത്തുമെന്ന പ്രതീക്ഷയിൽ പഴയ സ്കൂൾ സഹപാഠികളും ഹൈസ്കൂൾ പ്രധാന അധ്യാപികയും എല്ലാം ചടങ്ങിനെത്തിയിരുന്നു. സിനിമയിലെ രണ്ടാം വരവിനു ശേഷം മഞ്ജു കണ്ണൂരിലെത്തിയത് അപൂർവമായിരുന്നു. ഏറെക്കാലത്തിനു ശേഷം മഞ്ജു കണ്ണൂരിലെത്തുമെന്നു കരുതിയാണ് മിക്കവരും ചടങ്ങിനെത്തിയത്. എന്നാൽ ചടങ്ങ് ആരംഭിക്കുന്നതിന് അൽപ്പം മുൻപായാണു മഞ്ജു പുരസ്കാരം സ്വീകരിക്കാൻ എത്തില്ലെന്ന അറിയിപ്പുണ്ടായത്.

അമിതാഭ് ബച്ചനൊപ്പം മുംബൈയിൽ ഷൂട്ടിങ്ങിനിടയിലാണെന്നും അതുകൊണ്ടു വരാനാകില്ലെന്നുമാണു മഞ്ജു സംഘാടകരെ അറിയിച്ചത്. കേരളത്തിലെ ഒരു സർവകലാശാല ആദ്യമായി നൽകുന്ന അവാർഡ് ആയിട്ടും സ്വീകരിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും മഞ്ജു അറിയിച്ചിരുന്നു. തന്റെ അസാനിധ്യത്തിൽ മാതാപിതാക്കളെ അവാർഡ് സ്വീകരിക്കാനായി അയയ്ക്കുകയും ചെയ്തു.
പിതാവ് മാധവൻ വാര്യർ മാതാവ് ഗിരിജ വാര്യർ എന്നിവർ മഞ്ജുവിനു വേണ്ടി ഗവർണറിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.