ലൂസിഫർ പിറന്നത് ഈ സിനിമയുടെ സെറ്റിൽ: പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ഈ പ്രോജക്ട് അനൗൺസ് ചെയ്തതുമുതൽ ആരാധകർ വാനോളം ആവേശത്തിലാണ്. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും. മുരളി ഗോപി തന്നെ തിരക്കഥ എഴുതുന്ന ടിയാൻ എന്ന സിനിമയിലായിരുന്നു പൃഥിരാജ് അഭിനയിച്ചുകൊണ്ടിരുന്നത്കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഇതേ സിനിമയുടെ സെറ്റിൽവച്ചാണ് ലൂസിഫർ പിറന്നതെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി.

ടിയാൻ സിനിമയുടെ ചിത്രീകണത്തിന്റെ അവസാനദിനത്തിൽ പൃഥ്വി പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ കുറിപ്പിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ ചെയ്തതിൽവച്ച് ഏറ്റവും സങ്കീർണമായ വേഷമാണ് ടിയാനിലെ അസ്‌ലാൻ എന്നാണ് പൃഥ്വി പറയുന്നത്.

പൃഥ്വിയുടെ കുറിപ്പ് വായിക്കാം

‘ടിയാന്റെ സെറ്റിൽ നിന്ന് അവസാനമായി നടന്നകലുമ്പോൾ അത്ഭുതപ്പെടുകയാണ്. ഞാൻ സെറ്റിനോടാണോ അതോ അസ്‌ലാൻ എന്നോടാണോ യാത്ര പറയുന്നത്. വളരെ ആഴത്തിൽ, സ്വന്തം ബോധതലത്തേക്കാൾ അഗാധതയിൽ നിന്ന് ഇത്രമേൽ സ്വാധീനം ചെലുത്താൻ കഴിയുന്ന കഥാപാത്രങ്ങൾ കുറച്ചേ ഒള്ളൂ. ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു തന്നു അസ്‌‌ലാൻ.... ഇനിയുള്ള ജീവിതത്തിൽ നിന്ന് ഞാൻ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ഉറപ്പുള്ള പാഠങ്ങൾ. എനിക്കുവേണ്ടി എഴുതപ്പെട്ട ഏറ്റവും സങ്കീർണമായ കഥാപാത്രമെന്ന് ഞാൻ വിശ്വസിക്കുന്ന ഈ കഥാപാത്രത്തിന് ജീവൻ നൽകാൻ സാധിച്ചത് വലിയൊരു ബഹുമതി തന്നെയാണ്.

മലയാളത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രൊഡക്ഷനാണിത് എന്നതിലും സംശയമില്ല. റെഡ് റോസിന്റെ കൃഷ്ണകുമാറിനോടും മുരളിയോടും ഹനീഫ് മുഹമ്മദിനോടും നന്ദിയുണ്ട്. ഇവരുടെ ആത്മസമർപ്പണം ഒന്നു മാത്രമാണ് ടിയാൻ സാക്ഷാത്കരിക്കപ്പെടാൻ കാരണം. സ്കൂൾ കാലത്തെ അനുസ്മരിപ്പിച്ച്, എന്നത്തേയുംപോലെ ഓരോ ഷോട്ടിനും തല്ലുകൂടിയും തർക്കിച്ചും എതിർത്തും ഒടുവിൽ ഏട്ടൻ ഇന്ദ്രജിത്തിനൊപ്പം ഷോട്ടുകൾ മോണിട്ടറിൽ കാണുമ്പോൾ രഹസ്യമായി പരസ്പരം അംഗീകരിച്ചുമാണ് ആ ദിവസങ്ങൾ കഴിഞ്ഞുപോയത്. പിന്നെ ഒരു കാര്യം കൂടി കുറിക്കാൻ ഞാൻ വിട്ടുപോയി. ലൂസിഫർ പിറന്നത് ടിയാന്റൈ സെറ്റുകളിലായിരുന്നു.’ പൃഥ്വി പറഞ്ഞു.

ഇംഗ്ലീഷിലായിരുന്നു ഈ വിവരണങ്ങളെല്ലാം. ഇതോടെ ആരാധകര്‍ രസകരമായ കമന്റുകളുമായി എത്തി. ‘കേരള സർക്കാർ പോലും മലയാളീകരിചു, ഇനിയെങ്കിലും ഒന്ന് മലയാളത്തിൽ പറയൂ രാജൂ എട്ടാ, ഞങ്ങൾക്കും ഒന്ന് മനസ്സിലാക്കട്ടെ, ഇത്‌ എല്ലാ മലയാള നടന്മാരോടും ഉള്ള അപേക്ഷ ആണ്‌. നമ്മൾ മലയാളികൾ അല്ലെ മലയാളീകരിക്കൂ, ഈ അപേക്ഷ ദുൽക്കറിനോടും കൂടി ഉള്ളതാ’...

‘എന്റെ ഭാഗത്തും തെറ്റുണ്ട്..... ലൈക് അടിച്ചു വിട്ടാൽ മതിയാർന്നു... വെറുതെ വായിക്കാൻ ശ്രമിച്ചു’...‘ഞങ്ങ മലയാളം മീഡിയമാ... അതോണ്ട് രാജുഏട്ടന്റെ പോഷ്ടിന്റെ പകർപ്പവകാശം ഞങ്ങ, ഇങ്ങൾക്ക് കൽപ്പിച്ച് തരണ്.’

ഇങ്ങനെ രസകരമായ നിരവധി കമന്റുകളാണ് പേജിൽ വന്നുകൊണ്ടിരിക്കുന്നത്.