മുണ്ട് മടക്കിക്കുത്തി , മീശ പിരിച്ച്

മലയാളത്തില്‍ ന്യൂജനറേഷന്‍ സിനിമയുടെ ട്രെന്‍ഡ് വഴിമാറിയ വര്‍ഷമായിരുന്നു 2015. ന്യൂജനറേഷനില്‍ നിന്ന് യൂടേണ്‍ എടുത്ത് മുണ്ട് മടക്കിക്കുത്തി മീശപിരിക്കുന്ന നായകനെയാണ് മലയാളി പോയ വര്‍ഷം സ്വീകരിച്ചത്. മാസും ക്ലാസും ഇടകലര്‍ന്നതായിരുന്നു 2015. തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഒഴുകിയെത്തി. പരീക്ഷണ സ്വാഭവമുള്ള സിനിമകളെ ബോക്സ് ഓഫിസ് തിരസ്ക്കരിക്കുന്ന കാഴ്ചക്കും പോയ വര്‍ഷം സാക്ഷിയായി.

കഷണ്ടി കേറിയ തലയും ബോക്സര്‍ ഇട്ട നായകനും മാറി നിന്നപ്പോള്‍ മീശപിരിക്കലും താടിയും കളര്‍മുണ്ടുകളുമായിരുന്നു പോയ വര്‍ഷത്തെ ട്രെന്‍ഡ്. ജോര്‍ജും ചാര്‍ളിയുമൊക്കെ യുവാക്കളെ ഹരം പിടിപ്പിച്ചു. തിയറ്ററിനു പുറത്തേക്കും ഇത്തരം ട്രെന്‍ഡുകള്‍ പടര്‍ന്നു പിടിച്ചു. പ്രേമം മോഡല്‍ ആഘോഷങ്ങള്‍ ക്യാംപസുകളെ ഇളക്കി മറിച്ചു. ചിലയിടങ്ങളില്‍ ആഘോഷം അല്‍പം അതിരുകടന്നു.

കഴിഞ്ഞ ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ബ്ലാക്ക് ഷര്‍ട്ടിനായിരുന്നു. പ്രേമത്തിനു യുവാക്കള്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യതയുടെ തെളിവാണിത്. കോളജ് ഡേ, ഓണാഘോഷം, ഫ്രഷേസ്ഡേ, ഫെയര്‍വെല്‍ തുടങ്ങി കോളജിലെ ഏതൊരു ആഘോഷത്തിനു ഫ്രീക്കന്‍മാര്‍ക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നായി കളര്‍മുണ്ടുകള്‍. പ്രേമം ചിത്രീകരിച്ച ആലുവ യൂസി കോളജ് ഉള്‍പ്പടെ പല ക്യാംപസുകളിലും കളര്‍മുണ്ടിനു നിരോധനവും ഏര്‍പ്പെടുത്തി.

ജോര്‍ജിന്‍റെയും ചാര്‍ളിയുടെയും താടിക്കായിരുന്നു ആരാധകര്‍ ഏറെയും. പ്രേമത്തിനും ചാര്‍ളിക്കുമിടയില്‍ റിലീസായ അനാര്‍ക്കലിയിലെ പൃഥ്വിരാജിന്‍റെ താടിക്ക് ആരാധകര്‍ ഉണ്ടായിരുന്നെങ്കിലും ജനപ്രിയതയുടെ കാര്യത്തില്‍ ചാര്‍ളിതാടി, ജോര്‍ജ്ജ് താടി എന്നിവക്കു ഒപ്പം എത്താന്‍ ശന്തനുവിന്‍റെ താടിക്കായില്ല.

‘‘നീ ചുംബിച്ച കവിളിണയില്‍ മറ്റാരും ചുംബിക്കാതിരിക്കാന്‍ ഞാന്‍ തീര്‍ത്ത വേലിയാണീ കള്ളത്താടി....’’താടി വളര്‍ത്താന്‍ ഒരു കാരണം അന്വേഷിച്ചു നടന്ന നാട്ടിലെ ചുള്ളന്‍മാരരോ ചാര്‍ളിയുടെ പേരിലൊരു ഡയലോഗും പടച്ചു വിട്ടിട്ടുണ്ട്. സംഭവം സിനിമയിൽ ഇല്ലെങ്കിലും ഡയലോഗ് ഹിറ്റായി. താടി ഇനിയും കിളിര്‍ക്കാത്ത ഫ്രീക്കന്‍മാര്‍ അങ്ങാടിമരുന്ന് കടയില്‍ കരടിനെയ്യ് വാങ്ങാനുള്ള നീണ്ട ക്യൂവിലാണെന്നാണ് പുതിയ ബ്രേക്കിങ് ന്യൂസ്.

മലയാളത്തിന്‍റെ പ്രിയ നായിക പാര്‍വ്വതിയുടെ കഥാപാത്രങ്ങള്‍ക്കും സ്റ്റെലിനും ഫാന്‍ ഫോളോവിങ് ഉണ്ട്. വലിയ ഫ്രെയിമുള്ള കണ്ണടകള്‍ ട്രെന്‍ഡാക്കുന്നതില്‍ പാര്‍വ്വതിയുടെ കഥാപാത്രങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഒരു ഇടവേളക്കു ശേഷം മൂക്കുത്തിയും കളം പിടിക്കുന്നുണ്ട്.