മാമൂക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ പൊളിച്ചുമാറ്റി; വിഡിയോ

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കി. റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍ നോട്ടീസ് നല്‍കാതെയാണ് വഴി പൊളിച്ചതെന്ന ആരോപണവുമായി മാമുക്കോയ രംഗത്തെത്തി. ഇന്ന് രാവിലെയാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയത്.

രാവിലെ മുതല്‍ കൈയേറ്റമെന്ന് ആരോപിച്ച് മാമുക്കോയയുടെ വീടിന് സമീപമുള്ള കടകളെല്ലാം പോലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ റോഡില്‍ നിന്നും ഏറെ വിട്ടുള്ള മാമുക്കോയയുടെ വീടിന്റെ മതിലാണ് പൊളിച്ചുമാറ്റിയിരിക്കുന്നത്. പാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊളിച്ച് മാറ്റിയത്.

നോട്ടീസ് നല്‍കാതെയാണ് വഴി പൊളിച്ചതെന്നും തന്‍റെ വീട്ടിലേക്കുള്ള വഴി പണിതത് കയ്യേറിയിട്ടല്ലെന്നും മാമുക്കോയ വ്യക്തമാക്കി. കോര്‍പ്പറേഷന്‍റെ നടപടിക്കെതിരെ നിയമ നടപടി വേണോയെന്ന് പിന്നീട് തീരുമാനിക്കും. മാമുക്കോയ്‍ക്ക് പുറമെ പ്രദേശത്തെ വ്യാപാരികളും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി. നിയമാനുസൃതമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതെന്നാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം.