മഞ്ജു വാരിയരെ ഞെട്ടിച്ച പാറു അമ്മൂമ്മ

മഞ്ജു വാരിയർ പാറു അമ്മൂമ്മയ്ക്കൊപ്പം

സിനിമാചിത്രീകരണത്തിനിടയിൽ ഇഷ്ടതാരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങുവാനും കൂടെ നിന്ന് ചിത്രമെടുക്കാനും തിക്കും തിരക്കുംകൂട്ടുന്ന ഒരുപാട് ആരാധകരുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തയാകുകയാണ് തിരുവനന്തപുരംകാരിയായ പാറു അമ്മ. കക്ഷി ചില്ലറക്കാരിയല്ല. ഒറ്റകൂടിക്കാഴ്ച കൊണ്ട് സാക്ഷാൽ മഞ്ജു വാരിയരെ ഞെട്ടിച്ചുകളഞ്ഞു താരം.

ഇത് മനസ്സിലാകണമെങ്കിൽ പാറു അമ്മൂമ്മയെക്കുറിച്ച് മഞ്ജു എഴുതിയ കുറിപ്പ് വായിക്കണം–

‘ഇപ്പോൾ അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ തിരക്കുണ്ട്. അതിനിടയിലാണ് തനി നാട്ടിൻപുറത്തുകാരിയായ ഒരമ്മൂമ്മ കാണാൻ വന്നത്.

നല്ലപ്രായമുണ്ട്. ലുങ്കിയും ബ്ലൗസും തോർത്തുമാണ് വേഷം. ഞാൻ വന്നിട്ടുണ്ടെന്നറിഞ്ഞ് കുറേ കഷ്ടപ്പെട്ടെത്തിയതാണെന്ന് ആരോ പറഞ്ഞു. അതോടെ അമ്മൂമ്മയോടുള്ള ഇഷ്ടം കൂടി. ചേർത്തുനിർത്തി ഫോട്ടോയെടുത്തു. ഞാൻ വിശേഷമൊക്കെ ചോദിച്ചു. പാറുവെന്നാണ് പേര്. അമ്മൂമ്മയ്ക്ക് നല്ലപോലെ യോജിക്കുന്ന പേര്.

പോകാൻ നേരം പാറു അമ്മൂമ്മ എന്നോട് ചോദിച്ചു..

പ്യേരെന്തെരീീീീ....!!!!

പകച്ചുപോകുകയല്ല,പകരം ചിരിച്ചുപോകുകയായിരുന്നു ഞാൻ...

സിനിമാതാരങ്ങളെ എല്ലാവരും അറിയുമെന്ന ധാരണയെ ഒറ്റച്ചോദ്യത്തിലൂടെ തിരുത്തിക്കളഞ്ഞ പാറു അമ്മൂമ്മയ്ക്ക് സലാം... മഞ്ജു പറഞ്ഞു.