ചെറിയ കാര്യങ്ങൾ കൊണ്ടു തൃപ്തയാവുന്നതാണു പെൺ മനസ്സ്: മ‍ഞ്ജു

ന്യൂസ് മേക്കർ പുരസ്കാരദാനച്ചടങ്ങിൽ മഞ്ജുവും ശബാന ആസ്മിയും

മനോരമ ന്യൂസ് ടിവി ചാനലിന്റെ ന്യൂസ് മേക്കർ പുരസ്കാരം മഞ്ജു വാരിയർക്കു സമ്മാനിക്കാനായി ശബാന ആസ്മി എത്തിയതു മുംബൈയിലെ ആശുപത്രി ഐസിയുവിൽ ഗുരുതരാവസ്ഥയിലുള്ള അമ്മ ഷൗക്കത്ത് കൈഫിക്കരികിൽ നിന്നാണ്. ആ വിവരം വേദിയിൽ വെളിപ്പെടുത്തിയതു ശബാന തന്നെയാണ്. എന്നിട്ടും എന്തുകൊണ്ടു താനിവിടെ വന്നു എന്നതിനുള്ള ഉത്തരവും അവർ പറഞ്ഞു: ‘ഞാൻ ഏറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ടത് ഒരു കലാകാരി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്. ഒരു കലാകാരിയായ എന്റെ അമ്മ ആഗ്രഹിക്കുന്നതും അതാവും. അതുകൊണ്ടാണ് ഈ അവസ്ഥയിലും അമ്മയ്ക്കരികിൽനിന്നു ഞാനെത്തിയത്.’

ശബാന ആസ്മി എന്ന സാമൂഹിക പ്രവർത്തക കൂടിയായ അഭിനേത്രിയുടെ ഉൾക്കരുത്തിന്റെ സാക്ഷ്യങ്ങളായിരുന്നു അവരുടെ ഓരോ വാക്കുകളും. ആവിഷ്കാര സ്വതന്ത്യത്തിനും വ്യക്തി സ്വാതന്ത്യത്തിനുംവേണ്ടി ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നു ചൂണ്ടിക്കാട്ടിയ ശബാന സദസ്സുമായുളള ആശയ വിനിമയത്തിൽ പങ്കുവച്ച സ്വപ്നം സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങളും സ്വാതന്ത്ര്യങ്ങളും കൽപിച്ചു നൽകുന്ന സമൂഹമെന്നതായിരുന്നു.

സ്ത്രീയെ സിനിമകളിൽ ഏറേയും ലൈംഗിക ഉപകരണങ്ങളായി അവതരിപ്പിക്കപ്പെടുന്നതിനെക്കുറിച്ചുള്ള മനഃശാസ്ത്ര വിദഗ്ധനായ ഡോ. സി.ജെ. ജോണിന്റെ ചോദ്യത്തിന് പക്ഷേ, സിനിമ മേഖലയെ കുറ്റപ്പെടുത്താൻ അഞ്ചു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള ശബാന തയാറായില്ല. ‘ഇതൊരു പുരുഷാധിപത്യ സമൂഹമാണ് എന്നതാണ് പ്രശ്നം. അതു സിനിമയിലും പ്രതിഫലിക്കുന്നു എന്നു മാത്രം. സിനിമ ഒരു കച്ചവട മേഖലയാണ്. ആ താൽപര്യം സംരക്ഷിക്കുന്ന സിനിമകളാണു സിനിമാക്കാർ എടുക്കുന്നത്. സിനിമകളിൽ സ്ത്രീയെ ഒരു ലൈംഗിക കാഴ്ചപ്പാടിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ കാരണവും ഇതുതന്നെ’’- ശബാന പറഞ്ഞു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തു യോഗ്യതയില്ലാത്ത വ്യക്തികളെ രാഷ്ട്രീയമായി നിയമിക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചത് അവർക്കൊപ്പം രാജ്യസഭയിലും എംപിയായിരുന്ന എം.കെ. പ്രേമചന്ദ്രൻ എംപിയാണ്. ‘എല്ലാ പാർട്ടി ഭരിക്കുമ്പോഴും തങ്ങളുടെ ആളുകൾ എന്ന് അവർ കരുതുന്നവരെയാണ് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തു നിയമിക്കുന്നത്. വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് ഇവർ എന്നതാണു യഥാർഥ പ്രശ്നം. ഇത്തരം സ്ഥാപനങ്ങൾ രാഷ്ട്രീയ മുക്തമായേ മതിയാവൂ’- ശബാനയുടെ മറുപടി.

വ്യക്തി സ്വാതന്ത്ര്യത്തിനു നൽകുന്ന നിർവചനമെന്തെന്ന മുൻ എംപി സി.എസ്. സുജാതയുടെ ചോദ്യത്തിനു മഞ്ജു വാരിയറുടെ മറുപടി ലളിതമായിരുന്നു: നമ്മുടെ വ്യക്തിത്വത്തെ മാനിക്കുകയും അതിനെ മുറിവേൽപിക്കാതിരിക്കുകയും ചെയ്യുക എന്നതു തന്നെയാണു വലിയ വ്യക്തി സ്വാതന്ത്ര്യം. ചെറിയ കാര്യങ്ങൾ കൊണ്ടു തൃപ്തയാവുന്നതാണു പെൺ മനസ്സ്’

ഒരു അമ്മ വേഷത്തിൽ അഭിനയിച്ചാൽ പിന്നെ അത്തരം വേഷങ്ങളിൽ ഒതുങ്ങിപ്പോകുന്ന സ്ഥിതി മലയാള സിനിമയിൽ മാറിവരികയാണെന്നും തന്നെ തേടി അത്തരം വ്യത്യസ്തമായ വേഷങ്ങൾ വരുന്നുണ്ടെന്നും മഞ്ജു മറുപടി നൽകിയതു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിനാണ്.

രാഷ്ട്രീയത്തോടു വിരോധമില്ലെങ്കിലും രാഷ്ട്രീയം തനിക്കു പറഞ്ഞിട്ടുള്ള കാര്യമാണെന്നു തോന്നുന്നില്ലെന്നായിരുന്നു രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിനു മഞ്ജുവിന്റെ മറുപടി. അതിനാൽ ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തിനൊന്നുമില്ല. കലാകാരിയായി തന്നെ ജീവിതം മുഴുവൻ കഴിയണമെന്നാണ് ആഗ്രഹമെന്നും മഞ്ജു പറഞ്ഞു.

കേരളം സ്ത്രീകള്‍ക്കൊത്ത് മാറുന്നുണ്ടോ എന്നാണ് ഡബിങ് കലകാരിയായ ഭാഗ്യലക്ഷ്മി ആരാഞ്ഞത്. കേരളത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.പുരുഷനെ മോശക്കാരനായികണ്ടല്ല സ്ത്രീസ്വാതന്ത്ര്യം വിളംബരംചെയ്യേണ്ടത്. സമൂഹത്തില്‍ തുല്യസ്ഥാനവും അഭിപ്രായപ്രകടനത്തില്‍ തുല്യസ്വാതന്ത്യവുമാണ് അവള്‍ ആഗ്രഹിക്കുന്നതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. സ്ത്രീത്വം നിറഞ്ഞു നിന്ന സംവാദത്തില്‍ പുനെ ഫിലിം ഇന്‍സ്്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുറിച്ചാണ് എന്‍കെ പ്രമേചന്ദ്രന്‍ എംപി ചോദിച്ചത്. മറുപടി ഇതായിരുന്നു. സ്ത്രീപക്ഷ സിനിമകള്‍ക്കായി പ്രേക്ഷകരും ശബ്ദമുയര്‍ത്തണമെന്നും ശബാന ആസ്മി പറഞ്ഞു. സമുഹത്തിന്‍റെ വിവിധ തുറകളില്‍പ്പെട്ട പ്രമുഖര്‍ സംവാദത്തില്‍ പങ്കെടുത്തു