വെളളിത്തിരയിലെ രാഷ്ട്രീയം

ചൂട് ഉച്ചസ്ഥായിൽ ആണങ്കിലും മലയാളികൾക്ക് സിനിമയും രാഷ്ട്രീയവും വിട്ടിട്ടു ഒരു കളിയില്ല. ഇത്തവണ തിരഞ്ഞെടുപ്പിന് സിനിമാതാരങ്ങൾ സ്ഥാനാർത്ഥികളായതു കൊണ്ട് പ്രത്യേകിച്ചും.

രാഷ്ടീയ ആക്ഷേപ ചിത്രങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ വിലക്കുകളിൽ കുരുങ്ങുമ്പോൾ, മലയാള സിനിമ മാത്രം വേറിട്ട് നില്ക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രഗത്ഭരായ മലയാളി സംവിധായകർ വര്‍ഷങ്ങൾക്ക് മുമ്പേ ഒരുക്കിയ ചിത്രങ്ങൾ ഇപ്പോഴും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നത്. ഇൗ തിരഞ്ഞെടുപ്പ് ചൂടിൽ പോലും മലയാളികൾ മറക്കാത്ത ചില രാഷ്ട്രീയ ചിത്രങ്ങളെ പരിചയപ്പെടാം....

പഞ്ചവടിപാലം (1984)

1984 ൽ കെ.ജി.ജോർജ് എന്ന പ്രഗത്ഭനായ സംവിധായകൻ അണിയിച്ചൊരുക്കിയ ചിത്രമാണ് പഞ്ചവടിപ്പാലം. പ്രശസ്ത ഹാസ്യസാഹിത്യകാരനായ വേളൂർ കൃഷ്ണൻകുട്ടിയുടെ കഥയ്ക്ക് കെ.ജി. ജോർജ് തന്നെയാണ് തിരക്കഥയൊരുക്കിയത്.ഭരത് ഗോപി അവതരിപ്പിച്ച ദുശ്ശാസനക്കുറുപ്പും നെടുമുടി വേണുവിന്റെ ശിഖണ്ഡിപ്പിള്ളയും തിലകന്റെ ഇസഹാക്ക് തരകനും രാഷ്ടീയ നാടകങ്ങൾക്ക് ബലിയാടാകുന്ന ശ്രീനിവാസന്റെ കഥാപാത്രവുമെല്ലാം ഇന്നും ഒട്ടും പ്രസക്തി ചോരാതെ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഒരു ക്ലാസിക് പൊളിറ്റിക്കൽ സറ്റയർ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

സന്ദേശം (1991)

1991 ൽ സത്യൻ അന്തികാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. വർഷമിത്രമായെങ്കിലും ഇന്നും പുതുമ നഷ്പ്പെടാത്ത ഒരു ചിത്രം. സന്ദേശത്തിലെ സന്ദർഭമോ ഒരു സംഭാഷണമോ പരാമർശിക്കാത്ത ഒരു തിരഞ്ഞെടുപ്പ് കാലം പോലും മലയാളികൾക്ക് ഉണ്ടായിട്ടില്ല. ഒരേ കുടുബത്തിൽ രണ്ടു രാഷ്ടീയ വിശ്വാസികൾ ഉണ്ടായാൽ എന്താവും അവസ്ഥ? ഇൗ പ്രമേയം നർമ്മത്തിന്റ മേൻപ്പോടിയോടുകൂടി സത്യൻ അന്തികാട് വരച്ചു കാട്ടി. എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന ചോദിക്കുന്ന പാർട്ടി സഖാവിന് " വികടനവാദികളും പ്രതിക്രീയവാദികളും തമ്മിലുള്ള അന്തർധാര സജീവമാണങ്കിലും" എന്ന് തുടങ്ങുന്ന ശങ്കരാടിയുടെ മറുപടി ഇന്നും രസകരമായി നമ്മൾ പലയിടങ്ങളിലും ഉപയോഗിക്കുന്നു. ശ്രീനിവാസന്റ കോട്ടപ്പള്ളിയും ജയറാമിന്റ കഥാപാത്രവും എല്ലാം രാഷ്ട്രീയത്തിലെ ബ്ളൻഡ് ഫോളവർസായ ഒരു തലമുറയെ കൂടി പ്രതിനിധാനം ചെയ്യുന്നു. എങ്കിലും രസകരമായ രാഷ്ട്രീയ വിമർശനം നടത്തിയ ചിത്രം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.

നയം വ്യക്തമാക്കുന്നു (1991)

തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയില്‍ കുടുംബത്തിന് പ്രാധാന്യം കൊടുക്കാൻ പലപ്പോഴും രാഷ്ടീയ പ്രവർത്തകർക്ക് കഴിഞ്ഞെന്ന് വരില്ല. അത്തരം ഒരു പ്രമേയം കൈകാര്യം ചെയ്ത ചിത്രമാണ് ബാലചന്ദ്ര മേനോന്റ നയം വ്യക്തമാക്കുക. ഒരു നിഷ്പക്ഷവാനായ രാഷ്ടീയക്കാരന്റ വേഷത്തിൽ മമ്മൂട്ടിയും ഭാര്യയായി ശാന്തികൃഷ്ണയും എത്തുന്നു. ഇവരുടെ കുടുബ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ രസകരമായി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നു. ഒരു രാഷ്ടീയ പ്രവർത്തകനെയെങ്കിലും അടുത്ത് അറിയാമെങ്കിൽ കുറച്ചും കൂടി ഭംഗിയായി ഇതിലെ നർമ്മം നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്.

വെള്ളിമൂങ്ങ (2014)

വെള്ളിമൂങ്ങ എന്നത് തീർത്തും ഇൗ കാലഘട്ടത്തിന്റ രാഷ്ടീയം ചർച്ച ചെയ്യുന്ന ചിത്രമാണ്. ഇതിലെ നായകനായ മാമച്ചനെ പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല. അധികാരം മാത്രമാണ് മോഹം. അതുകൊണ്ട് തന്നെ ആവും മാമച്ചനെ ഒരു നല്ല പൊതുപ്രവർത്തകനായി എങ്ങും ചിത്രികരിക്കുന്നില്ല. താരങ്ങളുടെ അതിപ്രസരമില്ലാത്ത നർമ്മത്തിൽ ചാലിച്ച ഒരു രസകരമായ ചിത്രമാണിത്. സമകാലീന രാഷ്ടീയ സാഹചര്യങ്ങൾ വളരെ നന്നായി തന്നെ ചിത്രം കൈകാര്യം ചെയ്തു. ഇൗ തിരഞ്ഞെടുപ്പ് സമയത്ത് ചുറ്റും നോക്കിയാൽ ഇതുപോലെ ഉള്ള ഒരുപാട് മാമച്ചൻമാരെ നമ്മുക്ക് കാണാവുന്നതാണ്.