നിഥിന്‍ രണ്‍ജി പണിക്കരുടെ വിവാഹചിത്രങ്ങൾ കാണാം

വിവാഹ വേളയിൽ മമ്മൂട്ടിക്കൊപ്പം

രൺജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിൻ രൺജി പണിക്കർ വിവാഹിതനായി. പത്തനംതിട്ട കുമ്പനാട് സ്വദേശിയായ ടെനി സാറാ ജോണ്‍ വധു. വ്യാഴാഴ്ച കടവന്ത്രയിലുള്ള രണ്‍ജി പണിക്കരുടെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. കുമ്പനാട് പ്ലാവേലില്‍ ജോണ്‍ ബേബിയുടേയും ലിസ ജോണിന്റെയും മകളാണ് ടെനി സാറ ജോണ്‍.

നിതിൻ രൺജി പണിക്കറും ടെനിയും

ചലച്ചിത്ര രംഗത്തുനിന്ന് മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, സംവിധായകരായ ഷാജി കൈലാസ് രഞ്ജിത്ത്, ടികെ രാജീവ്കുമാര്‍, എന്നിവരും രാഷ്ട്രീയരംഗത്തുനിന്ന് വയലാര്‍ രവി, വിഎം സുധീരന്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടന്ന റിസപ്‌ഷനിലും നിരവധി പേർ പങ്കെടുത്തു.

നിതിന്റെ വിവാഹ വേളയിൽ മറ്റൊരു ആഘോഷവും കൂടി നടന്നു. നടൻ ബിജു മേനോന്റെ പിറന്നാൾ ചടങ്ങായിരുന്നു അത്. ബിജു മേനോൻ കേക്ക് മുറിച്ചു മധുരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു കൈമാറിയപ്പോൾ.

ഷാജി കൈലാസിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ നിഥിന്‍ മമ്മൂട്ടിയെ നായകനാക്കി കസബയിലൂടെ സംവിധായക അരങ്ങേറ്റം നടത്തിയിരുന്നു നിഥിന്‍. നീണ്ട പന്ത്രണ്ടര വർഷത്തെ പ്രണയമാണ് ഇന്നലെ സാഫല്യമായത്. സ്‌കൂൾ കാലം മുതൽ നിഥിനും ടെനിയും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടെപ്പോഴോ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടു. 

സിദ്ധിഖിനൊപ്പം...

വിവാഹം വൈകാൻ കാരണം ആദ്യ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. സ്വതന്ത്ര സംവിധായകനായിട്ടു മതി വിവാഹം എന്നായിരുന്നു നിഥിന്റെ നിലപാട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ കസബ ഹിറ്റായതോടെ വിവാഹിതനാവാൻ തീരുമാനിക്കുകയായിരുന്നു നിഥിൻ.

ഷാജി കൈലാസിനും ആനിക്കുമൊപ്പം രൺജി പണിക്കർ