നിവിന് തമിഴിൽ 4 ചിത്രങ്ങൾ; മലയാളം ഉപേക്ഷിച്ചോ?

മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള യുവതാരമാണ് നിവിൻ പോളി. തമിഴ് സിനിമകളുടെ ഓഡിയോ ലോഞ്ചിനും പുരസ്കാരചടങ്ങിലുമെല്ലാം നിവിനാണ് മുഖ്യാതിഥി. തമിഴിൽ സ്വീകാര്യത കൂടുമ്പോൾ ഒട്ടേറെ പ്രോജക്ടുകളും നിവിനെ തേടിയെത്തിയിട്ടുണ്ട്.

നിവിൻ നായകനായി എത്തിയ നേരം സിനിമ തമിഴിലും മലയാളത്തിലും റിലീസ് ചെയ്തിരുന്നു. പിന്നീട് പ്രേമം സിനിമയും തമിഴിൽ സൂപ്പർഹിറ്റായി. നേരത്തിന് ശേഷം നിവിന്‍ അഭിനയിക്കുന്ന, ഗൗതം രാമചന്ദ്രന്റെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇതിന് പുറമെ മൂന്ന് ചിത്രങ്ങളില്‍ നിവിന്‍ കരാറൊപ്പിട്ടു എന്നാണ് വിവരം. അതും വലിയ പ്രോജക്ടുകൾ.

തിരക്കുകൾക്കിടയിലും മലയാളം ഉപേക്ഷിക്കില്ലെന്ന് നിവിൻ പറയുന്നു. ‘ഭാഷയുടെ വേര്‍തിരിവുകള്‍ തനിക്കില്ല. നല്ല കഥാപാത്രങ്ങളും കഥയുമാണ് തനിക്കാവശ്യം. അതിനാണ് പ്രാധാന്യം.–നിവിന്‍ പോളി പറയുന്നു

രണ്ട് ചിത്രങ്ങളുടെ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. പ്രഭു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും, നവാഗതനായ സൂര്യ ബാലകുമരന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും. രണ്ട് ചിത്രങ്ങളും പ്രാഥമിക ഘട്ടത്തിലാണ്. കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാന്‍ കഴിയില്ലെന്നും നിവിന്‍ പറഞ്ഞു. ശിവകാര്‍ത്തികേയന്റെ റെമോ സിനിമയുടെ നിർമാതാവ് ആർ.ഡി രാജ ഒരുക്കുന്ന അടുത്ത സിനിമയിലും നിവിനാണ് നായകൻ. മലയാളത്തില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്.