മ്മടെ നിവിൻ പൊളിച്ചൂട്ടാ....

മാസ് ആയാലും റൊമാൻസ് ആയാലും പോളിച്ചൻ പൊളിക്കും. കലിപ്പ് ആയാലും കോമഡി ആയാലും സെന്റിമെന്റ്സ് ആയാലും ഒരു ഒതുക്കവും വൃത്തിയുമുണ്ട്. പിന്നെ ആ ചിരി, ആ മീശ, ആ താടി... പോരെങ്കിൽ മീശ പിരിക്കലും മുണ്ടു കുത്തലും ഇടം കയ്യൻ അടിയും... എല്ലാം ആരാധകർക്ക് ബോധിച്ചിരിക്കുന്നു. യുവജനപ്രിയ നായകൻ. യങ് സൂപ്പർ സ്റ്റാർ, ക്രൗഡ് പുള്ളർ.... വിശേഷങ്ങളും പ്രവഹിക്കുകയാണ്. എങ്ങനെ വിളിച്ചാലും തൽക്കാലം മലയാള സിനിമയിലെ ഹോട്ട് ഹീറോ നിവിൻ പോളി തന്നെ എന്ന കാര്യത്തിൽ തർക്കമില്ല.

ഈ വർഷത്തിന്റെ ആദ്യപകുതി പിന്നിടുമ്പോൾ മലയാളത്തിൽ ഇതുവരെ പിറന്ന രണ്ടു മെഗാഹിറ്റുകളിലെയും നായകനാണു നിവിൻ പോളി സൂപ്പർ താര സിനിമകൾ പോലും പോസ്റ്ററുകളിൽ മാത്രം ഹിറ്റാകുമ്പോഴാണ് ഈ യുവനടന്റെ സിനിമകൾ ബോക്സോഫിസിൽ വിസ്മയം തീർക്കുന്നത്. ഒരു വടക്കൻ സെൽഫി തിയറ്റർ വിടുന്നതിനു മുൻപുതന്നെ പ്രേമവും ബ്ലോക്ക് ബസ്റ്റർ പദവി നേടുമ്പോൾ നഷ്ടക്കണക്കുകൾ നിരത്തുന്ന മലയാള സിനിമയ്ക്കുകൂടി ഇത് ആശ്വാസമാവുകയാണ്. തമിഴ് ബ്രഹ്മാണ്ഡ സിനിമകളുടെ കേരളത്തിലെ ആദ്യദിന കളക്ഷനെ അതേ ദിവസമിറങ്ങുന്ന മലയാള സിനിമ മറികടക്കുന്നതും സമീപകാലത്തു സംഭവിച്ചിട്ടില്ലാത്തതാണ്. സൂര്യയുടെ മാസിനെ പ്രേമം ഓടിത്തോൽപ്പിച്ചത് ശുഭസൂചകമായി മലയാള സിനിമാ ലോകവും വിലയിരുത്തുന്നു.

2014 ലെ വിജയഗാഥ തുടരുകയാണു നിവിൻ. ഓം ശാന്തി ഓശാന, 1983, ബാംഗ്ലൂർ ഡെയ്സ് എന്നിവയ്ക്കു പിന്നാലെ മിലിയും ഒരു വടക്കൻ സെൽഫിയും പ്രേമവും ഇവിടെയും. വൈവിധ്യമുള്ള പ്രമേയങ്ങളും കഥാപാത്രങ്ങളും. മോഹൻലാൽ, ദിലീപ് എന്നിവരുടെ സുവർണ കാല ഹിറ്റുകളെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരു നടന്റെ ജനപ്രിയ മാനറിസങ്ങളെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തുന്ന സിനിമയാണു പ്രേമം.

സിനിമാ കുടുംബത്തിൽ നിന്നല്ല ഈ യുവനായകന്റെ വരവ്. എന്നാൽ സിനിമയെ അതിരറ്റു സ്നേഹിക്കുകയും പുതുമകൾക്കായി പരിശ്രമിക്കുകയും ചെയ്യുന്ന സുഹൃദസംഘം കരുത്തായി കൂടെയുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘ ആക്ഷൻ ഹീറോ ബിജു’വിനു ശേഷം ഒരു തമിഴ് സിനിമയിലും അഭിനയിക്കാനുള്ള തയാറെടുപ്പിലാണു നിവിൻ പോളി.