നിവിനോട് ജ്യോതിക എന്താണ് പറഞ്ഞത് ?

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളും താരസുന്ദരികളും അണിനിരന്ന ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ നിവിന്‍ പോളി ആയിരുന്നു യുവതാരങ്ങളിൽ തിളങ്ങി നിന്നത്. അവാർഡ് വേദിയിൽ നിവിനെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ പ്രിയനടിയായ ജ്യോതികയാണ്.

‘ആരാധകന് കിട്ടുന്ന പ്രിയനിമിഷം’ എന്ന കുറിപ്പോടെയാണ് ജ്യോതികക്കൊപ്പം നിൽക്കുന്നൊരു ചിത്രം നിവിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിവിന്റെ നേരെ കൈ ചൂണ്ടി എന്തോ പറയാനൊരുങ്ങുന്ന ജ്യോതികയും അത് കേൾക്കുന്ന നിവിനുമാണ് ചിത്രത്തിലുള്ളത്.

പ്രേമത്തില്‍ മലർ പറയുന്ന 'ഷര്‍ട്ട് നല്ല ഇറുക്ക്' എന്ന ഡയലോഗിനൊപ്പം ഇപ്പോള്‍ ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിവിൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് താഴെയും രസകരമായ കമന്റുകളാണ് വരുന്നത്. സത്യത്തിൽ ജ്യോതിക എന്താണ് ചോദിച്ചതെന്ന് നിവിൻ തന്നെ പറയണമെന്ന് ആരാധകർ പറയുന്നു.

സ്യൂട്ടും കോട്ടും അണിഞ്ഞെത്തിയ നിവിന്റെ വേഷവും ശ്രദ്ധേയമായി. നീട്ടി വളര്‍ത്തിയ താടിയും മുടിയുമായി വ്യത്യസ്ത ലുക്കിലാണ് നിവിന്‍ എത്തിയത്. പുതിയ തമിഴ് ചിത്രത്തിൽ ഇതേ ഗെറ്റപ്പിലാണ് താരം എത്തുന്നത്.