Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാവുമോ മീശ വാസുവിനെ

paravoor-bharathan-image

'ആന ഇത്രനേരം ഇവിടെ ഉണ്ടായിരുന്നു. കുറച്ചു മുമ്പ് മേയാൻ വിട്ടതേയുള്ളൂ'- മഴവിൽകാവടിയിലെ കപ്പടാമീശക്കാരന്റെ ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികൾ ഉണ്ടാകുമോ? കളരിക്കൽ ശങ്കരൻകുട്ടി മേനോൻ എന്ന തറവാട്ടു കാരണവരായി ഇന്നസെന്റും അബദ്ധങ്ങൾ മാത്രം ചെയ്തുകൂട്ടുന്ന വാസു എന്ന കാര്യസ്ഥനായി പറവൂർ ഭരതനും ചേരുന്ന തമാശരംഗങ്ങൾക്കു വർഷമേറെ കഴിഞ്ഞിട്ടും മാറ്റു കുറഞ്ഞിട്ടില്ല. പുതുതലമുറ പറവൂർ ഭരതനെ കോമഡി വേഷങ്ങളിലൂടെ ഓർക്കുമ്പോൾ പഴയ തലമുറയുടെ ഓർമകളിൽ ഭരതൻ വില്ലനാണ്. ഒരു നോട്ടംകൊണ്ടുപോലും ഭയപ്പെടുത്തിയിരുന്ന വില്ലൻ.

Paravoor Bharathan and Innocent Comedy in Mazhavilkaavadi

പറവൂരിനടുത്ത് മൂത്തകുന്നം കരയിൽ വാവക്കാട് 1928ല്‍ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടായിരുന്നു ഭരതന്‍റെ ജനനം. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയപ്പോള്‍ ആ ബാല്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം കയര്‍ തൊഴിലാളിയായ അമ്മ കുറുമ്പക്കുട്ടിയുടെ ചുമതലയായി. എന്നാല്‍ സ്കൂള്‍ തലത്തില്‍ തന്നെ ഭരതനിലെ അഭിനയ ചാതുര്യം മറനീക്കി പുറത്തുവന്നിരുന്നു.

Innocent and Paravoor Bharathan

സ്കൂളില്‍ ഒരു തെങ്ങുകയറ്റത്തൊഴിലാളിയെ മോണോ ആക്ടിലൂടെ അവതരിപ്പിച്ച ഭരതന്‍ സ്വയം അറിയാതെ നാടക വേദിയിലേക്കുള്ള സ്ഥാനം ഉറപ്പിക്കുകയായിരുന്നു. കാഥികൻ കെടാമംഗലം സദാനന്ദനാണ് നാടക വേദിയിലേക്കു കൊണ്ടുവന്നത്. 1940ന്റെ പകുതിയിലായിരുന്നു അതെന്നു ഭരതൻ. പുഷ്പിതയായിരുന്നു ആദ്യ ട്രൂപ്പ്. ഉദയ കേരള നാടകസമിതിയുടെ മാറ്റൊലി എന്ന സംഗീത നാടകമാണു വഴിത്തിരിവായത്. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരും അഗസ്റ്റിൻ ജോസഫുമാണ് സമിതി നടത്തിയിരുന്നത്. മുട്ടത്തു വർക്കി എഴുതിയ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു, ഭരതനും.

1951-ലാണ് പറവൂർ ഭരതൻ സിനിമയിൽ എത്തുന്നത്. രക്തബന്ധം എന്ന നാടകം സിനിമയാക്കിയപ്പോൾ അതിലൊരു വേഷം ഭരതനും കിട്ടി. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത കറുത്തകൈയിലെ (1964) ഖാദർ എന്ന വില്ലന്റെ വേഷം പറവൂർ ഭരതന്റെ ജീവിതത്തിലെ നിർണ്ണായകമായ ഒരു ഏടായിരുന്നു. നഖങ്ങൾ, മറുനാട്ടിൽ ഒരു മലയാളി, കുറ്റവാളി, ഒടുക്കം തുടക്കം, കാട്ടുമല്ലിക, തെമ്മാടി വേലപ്പൻ, രാജഹംസം, മീൻ, സ്നേഹമുള്ള സിംഹം, പടയോട്ടം, കടത്തുകാരൻ, ലോട്ടറി ടിക്കറ്റ്, അടിമകൾ, റസ്റ്റ് ഹൗസ്, ആദ്യപാഠം, പഞ്ചവടി, കരിമ്പന, ഡെയ്ഞ്ചർ ബിസ്കറ്റ്, പഞ്ചവൻകാട്, മണ്ടൻമാർ ലണ്ടനിൽ, ഗാനമേള, മൂക്കില്ലാരാജ്യത്ത്, കുസൃതിക്കുറുപ്പ്, സസ്നേഹം, ഡോ. പശുപതി, ഗോഡ്ഫാദർ, ഗജകേസരിയോഗം, ഇൻ ഹരിഹർ നഗർ, അരമനവീടും അഞ്ഞൂറേക്കറും, ആകാശക്കോട്ടയിലെ സുൽത്താൻ, സൽപ്പേര് രാമൻകുട്ടി എന്നിവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

Jagathy | Paravoor Bharathan

ആദ്യമായി കോമഡി ചെയ്യാൻ മെറിലാൻഡ് സ്റ്റുഡിയോയിലെത്തിയപ്പോൾ അടൂർ പങ്കജം സംശയം പ്രകടിപ്പിച്ചിരുന്നു ഇയാൾക്ക് കോമഡി ചെയ്യാൻ സാധിക്കുമോ എന്ന്. എന്നാൽ അത് വെറും സംശയം മാത്രമായിരുന്നെന്ന് ഹരിഹർനഗർ, മേലേപറമ്പിൽ ആൺവീട്, ഗോഡ്ഫാദർ, ഇനി ഹരിഹർ നഗർ തുടങ്ങിയ സിനിമളിലൂടെ കാലം തെളിയിച്ചു.

എത്ര സിനിമയിൽ അഭിനയിച്ചൂ എന്ന് ചോദിച്ചാൽ എണ്ണിയിട്ടില്ല ആയിരത്തിലധികം ഉണ്ടാകുമെന്ന് പറയും ഭരതൻ. പുതിയ പിള്ളേർക്കൊപ്പം ഓടിയെത്താൻ സാധിക്കുമോയെന്ന് ശങ്കിച്ചിരുന്നെങ്കിലും സത്യൻ മുതൽ ദിലീപ് വരെയുളള മലയാളസിനിമയിലെ തലമുറയോടൊപ്പം പറവൂർ ഭരതൻ അഭിനിയിച്ചിട്ടുണ്ട്. ചെമ്മീൻ സിനിമയിൽ സാന്നിധ്യം അറിയിച്ച ഭരതന്റെ വിയോഗം ചെമ്മീന്റെ 50-ാം വാർഷിക ദിനത്തിൽ തന്നെയായത് വിധിയുടെ ആകസ്മികതയെന്നല്ലാതെ എന്തു പറയാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.