പ്രേമം ചോർന്നത് എങ്ങനെ ? എവിടെ നിന്ന് ?

കഴിഞ്ഞ ഒന്നൊന്നര മാസക്കാലമായി മലയാളി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് പ്രേമത്തെക്കുറിച്ചാണ്. ഇറങ്ങിയ ദിവസം മുതൽ തീയറ്ററുകളിൽ ആളെ കുത്തി നിറച്ച് ഒാടിയ ചിത്രം എക്കാലത്തെയും വലിയ വിജയചിത്രത്തിലേക്കുള്ള സഞ്ചാരത്തിനിടയിൽ ഒന്നു കാലിടറി വീണു. വാട്സാപ്പിലും ഫേയെസ്ബുക്കിലും സെൻസർ കോപ്പി എന്നെഴുതിയ വ്യാജ പ്രിന്റുകളുടെ വിളയാട്ടം. എന്തു സംഭവിച്ചെന്ന് വ്യാജൻ കയ്യിൽ കിട്ടിയവർക്ക് പോലും മനസ്സിലാകാത്ത അവസ്ഥ.

സത്യത്തിൽ പ്രേമത്തിനു സംഭവിച്ചതെന്താണ്?

മലയാളത്തിൽ ഇന്നുവരെ ഒരു സിനിമയ്ക്കും ഉണ്ടാകാത്ത ഉണ്ടാകാൻ പാടില്ലാത്ത ഒരു ദുരനുഭവമാണ് പ്രേമത്തിന് ഉണ്ടായത്. സെൻസർ കോപ്പി എന്ന വാട്ടർമാർക്കോട് കൂടിയ മികച്ച പ്രിന്റ് പുറത്താകുക. അത് വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിക്കുക. ഒടുവിൽ അത് സിനിമയുടെ കളക്ഷനെ മോശമായി ബാധിക്കുക. ഇതിൽ ആരാണ് കുറ്റക്കാർ? സത്യത്തിൽ എവിടെ നിന്നാണ് ഇത് ചോർന്നത്?

ചോർന്നത് സെൻസർ ബോർഡിൽ നിന്നോ?

സെൻസർ ബോർഡിന്റെ കയ്യിൽ നിന്നും ഇങ്ങനെ ഒരു സിനിമയും പുറത്തു പോകില്ലെന്നാണ് ബോർഡംഗമായ നന്ത്യാട്ട് ഗോപാലകൃഷ്ണൻ പറയുന്നത്. ചിത്രത്തിന്‍റെ സി.ഡിയാണ് ഞങ്ങള്‍ക്ക് നല്‍കുക. അത് കണ്ടു വിലയിരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ ഈ കോപ്പി സൂക്ഷിക്കുകയാണ് പതിവ്. അദ്ദേഹം പറയുന്നു. പുറത്തു വന്നിരിക്കുന്ന പ്രിന്റിൽ സിനിമയിലില്ലാത്ത സീനുകൾ വരെയുണ്ട്. ചിലയിടങ്ങളിൽ പശ്ചാത്തല സംഗീതവുമില്ല. പൂർണമായി എഡിറ്റ് ചെയ്ത രൂപമാണ് സെൻസർ ബോർഡിന് നൽകുന്നതെന്നിരിക്കെ ചിത്രം അവിടെ നിന്നല്ല പുറത്തു പോയതെന്ന് വ്യക്തം.

പിന്നെ എവിടെ നിന്ന്?

സെൻസർ ബോർഡിൽ നിന്നല്ലെങ്കിൽ പിന്നെ സിനിമ ചോരാൻ സാധ്യതയുള്ളത് ഫൈനൽ മിക്സിങ് നടന്ന സ്റ്റുഡിയോയിൽ നിന്നോ അല്ലെങ്കിൽ എഡിറ്റിങ് സ്റ്റുഡിയോയിൽ നിന്നോ ആകാം. ഫൈനൽ മിക്സിങ് നടന്ന സ്വകാര്യ സ്റ്റുഡിയോയിൽ നിന്നാണ് പുലി ടീസറും ചോർന്നതെന്നിരിക്കെ സംശയം അങ്ങോട്ടേക്ക് നീളുക സ്വാഭാവികം. പക്ഷേ അപ്പോഴും സെൻസർ കോപ്പി എന്ന വാട്ടർമാർക്ക് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ചോർന്ന പതിപ്പ് ഫൈനൽ മിക്സിങ് നടന്നതല്ലതെന്നും ശ്രദ്ധിക്കണം.

എഡിറ്റിങ് സ്റ്റുഡിയോയിൽ നിന്നോ?

പ്രേമം സിനിമയുടെ സെന്‍സര്‍ ചെയ്ത കോപ്പി കാനഡയിലെ സെര്‍വറില്‍ എത്തിയത് അവസാനവട്ട എഡിറ്റിങ് നടന്ന സ്റ്റുഡിയോയില്‍ നിന്നാകാമെന്നാണ് െഎടി വിദഗ്ധനായ വര്‍ഗീസ് ബാബുവിന്‍റെ വാദം. സിനിമ അപ് ലോഡ് ചെയ്തത് കാനഡയില്‍ നിന്നാണെന്ന് സൈബര്‍ പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു.

എന്നാൽ വ്യാജ ഐപി വിലാസം ഉപയോഗിച്ച് ഇന്ത്യക്കകത്തു നിന്നുതന്നെ ചിത്രം അപ് ലോഡു ചെയ്തതാകാനും സാധ്യതയുണ്ട്.

കുറ്റം പൊലീസിന്റേത് മാത്രമോ?

സിനിമയുടെ അണിയറക്കാരും അഭിനേതാക്കളും സംഘടനകളുമൊക്കെ പൊലീസിന്റെയും സൈബർ സെല്ലിന്റെയുമൊക്കെ കഴിവുകേടായി ഇതിനെ വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പക്ഷേ ഒന്നാലോചിച്ചാൽ ഇതു പൊലീസിന്റെ മാത്രം ബാധ്യതയാണോ? സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ സെൻസർ കോപ്പി പുറത്തു പോയിട്ടുണ്ടെങ്കിൽ അതിൽ അതിന്റെ അണിയറക്കാരുടെ അശ്രദ്ധയും ഒരു കാരണമല്ലേ? ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമൊക്കെ കുറച്ചു കൂടി ശ്രദ്ധാലുവായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?

കുറ്റം ചെയ്തവർ ആരായാലും ശിക്ഷിപ്പെടണം. പക്ഷേ അത് പൊലീസിന്റെ മാത്രം ഉത്തരവാദിത്തവും ബാധ്യതയുമായി ചിത്രീകരിക്കപ്പെടുന്നത് ശരിയായ പ്രവണതയല്ല. ചിത്രത്തിന്റെ സെൻസർ വാട്ടർമാർക്ക് പതിച്ച കോപ്പി എവിടെയക്കെ ഉണ്ടെന്നും ആരൊക്കെ കണ്ടെന്നും വ്യക്തമായി അറിയാവുന്ന അണിയറക്കാർ ആ വിവരങ്ങൾ പൊലീസിനു കൈമാറി കുറ്റവാളികളെ എത്രയും വേഗം കണ്ടു പിടിക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്? അല്ലാതെ പരസ്പരം പഴി ചാരുന്നതു കെണ്ടെന്തു നേട്ടം?