നൂറുതവണ കണ്ടിട്ടും എസ്ര എന്നെ അത്ഭുതപ്പെടുത്തുന്നു: പൃഥ്വിരാജ്

എസ്ര എന്ന സിനിമ ഓരോ തവണ കാണുമ്പോഴും തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് പൃഥ്വിരാജ്. സിനിമ എന്നതിനപ്പുറം നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൃഥ്വി പറയുന്നു.

എസ്രയെക്കുറിച്ച് പൃഥ്വി

‘അൻവർ എന്ന സിനിമയുടെ ഷൂട്ടിങിനായി മണാലിയിൽ ചെന്നപ്പോഴാണ് ജയകൃഷ്ണനെ പരിചയപ്പെടുന്നത്. അതിന് ശേഷമാണ് ജയകൃഷ്ണൻ കഥ പറയുന്നത്. ഞാൻ അഭിനയിക്കാമെന്നും നിർമിക്കാം എന്നും പറഞ്ഞു. എന്നാൽ ഈ ചിത്രം എടുക്കാൻ എനിക്ക് സമയം വേണ്ടിവരും. അതിനുള്ളിൽ വേറെ ആരെങ്കിലും ഇതേ വിഷയമുള്ള ഹൊറർ സിനിമ െചയ്താൽ നമ്മുടെ സിനിമ പഴയതായിപ്പോകുമോ എന്ന ഭയം ഞാൻ ജയകൃഷ്ണനോട് പ്രകടിപ്പിച്ചിരുന്നു. അപ്പോൾ നമുക്ക് നോക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭാഗ്യവശാൽ ഈ ഒരു പശ്ചാത്തലം പ്രമേയമാകുന്ന സിനിമ മലയാളത്തിൽ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. ജ്യൂവിഷ് പ്രമേയം വിഷയമാകുന്ന ഹൊറർ ചിത്രം ഇന്ത്യയിൽ തന്നെ ഉണ്ടായിട്ടില്ല. അതിൽ വലിയൊരു സന്തോഷം. കേരളത്തിലെ ജ്യൂത ചരിത്രമാണ് സിനിമ ചർച്ച ചെയ്യുന്നത്.

എറണാകുളത്തും ഗോവയിലുമാണ് ജ്യൂവിഷ് കുടിയേറി താമസിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി ഈ ചരിത്രത്തെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ ഒരു നൂറുസിനിമകൾ ചിന്തിക്കാൻ കഴിയുന്ന പശ്ചാത്തലമാണിതെന്ന് എനിക്ക് തോന്നി. എന്നിട്ടും ഒരു സിനിമ ഇതുവരെ ഉണ്ടാകാത്തത് ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു.

ഇതിനോടകം നൂറുപ്രാവശ്യം ഞാൻ എസ്ര കണ്ടുകഴിഞ്ഞു. ഇപ്പോൾ കാണുമ്പോഴും ആ സിനിമ എന്നെ അത്ഭുതപ്പെടുത്തുന്നു. പുതുതായ ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ നമുക്ക് അറിയാൻ കഴിയും.

ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്നു വാഴ്ത്തപ്പെടുന്ന ഭാർഗവി നിലയം സംഭവിച്ചത് മലയാളത്തിലാണ്. അന്ന് ഉണ്ടായിരുന്ന സാങ്കേതിക വിദ്യ എനിക്ക് അറിയാവുന്നതിൽ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ചിത്രമാണ് ഭാർഗവി നിലയം. അതിന് ശേഷം ഫിലിം മേയ്ക്കിങിൽ ഒരുപാട് മാറ്റം വന്നു. എന്നിട്ടും സത്യസന്ധമായ ഹൊറർ സിനിമാ അറ്റെംപ്റ്റ് ഉണ്ടായിട്ടില്ല. പലതും ഹൊറർ കോമഡികളായിരുന്നു. എസ്ര പോലൊരു സ്ട്രെയിറ്റ് ഹൊറർ ഫിലിം പുതിയ കാലത്ത് ഇതാദ്യമാണെന്ന് വിശ്വസിക്കുന്നു.

ഈ സിനിമയിൽ നിങ്ങളെ ഭയപ്പെടുത്തുന്ന നിമിഷങ്ങളും രംഗങ്ങളുമുണ്ട്. ഒരു മുൻവിധിയുമില്ലാതെ എസ്ര കാണാൻ കയറിയാൽ മികച്ച അനുഭവമായിരിക്കും ചിത്രം നൽകുക. കണ്ട് പഴകിയ സിനിമ ആയിരിക്കില്ല എസ്ര എന്ന സിനിമ.’