Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലുപോലെയായിരുന്നു മൊയ്തീന്റെ ജീവിതം: പൃഥ്വിരാജ്

tovino-prithviraj ടൊവീനോ തോമസും പൃഥ്വിരാജും. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും തീവ്രപ്രണയത്തിന്‍റെ ശക്തി തന്നെയാണ് തിയറ്ററുകളില്‍ സിനിമ വലിയ വിജയമാകാന്‍ കാരണമായതെന്ന് പൃഥ്വിരാജ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു വർഷങ്ങൾക്കു മുൻപ് മൊയ്തീന്റെ കഥയുടെ വൺലൈൻ കേട്ടപ്പൊഴേ എന്ന് നിന്റെ മൊയ്തീൻ സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. പൃഥ്വിരാജ് പറയുന്നു. ഒരിക്കൽ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണു മൊയ്തീന്റെ പ്രണയവും അതിലെ സിനിമയും സംവിധായകനായ ആർ.എസ്.വിമൽ പറയുന്നത്. ഇതിനെക്കുറിച്ച് വിമൽ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററിയും കണ്ടു. കഴിഞ്ഞപ്പൊഴേ ഞാൻ കാഞ്ചനേടത്തിയെ ഫോണിൽ വിളിച്ചു. അവരോ‌ടാണു ഞാൻ ഈ സിനിമ ചെയ്യും എന്നു പറയുന്നത്. പൃഥ്വിരാജ് പറഞ്ഞു.

prithviraj-vimal പൃഥ്വിരാജും സംവിധായകൻ ആർ.എസ്. വിമലും. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കടലുപോലെയായിരുന്നു മൊയ്തീന്റെ ജീവിതം. മൊയ്തീൻ കൈവയ്ക്കാത്ത മേഖലകളില്ല, അൻപതു പേരോടു ചോദിച്ചാൽ നൂറു മൊയ്തീനെക്കുറിച്ചു കേൾക്കാം. അത്രയ്ക്കു വൈവിധ്യമുള്ള ഒരു ജീവിതത്തെയും പ്രണയത്തെയും സിനിമയിലേക്കു പകർത്തിയത് വിമലിന്റെ തിരക്കഥയുടെ മിടുക്കു കൊണ്ടാണെന്നു പൃഥ്വിരാജ് പറഞ്ഞു

മൊയ്ദീന്റെ ജീവിതത്തിന്റെ 10 ശതമാനം പോലും സിനിമയില്‍ ചത്രീകരിച്ചിട്ടില്ല. ജീവിത കഥ പറയണമൈങ്കില്‍ അഞ്ച് സിനിമകളെങ്കിലും എടുക്കേണ്ടിവരുമെന്ന പറഞ്ഞു. മതം, കുടുംബം ,വിശ്വാസം, തുടങ്ങിയവയെല്ലാം പ്രണയത്തിന് എതിരായി. പ്രണയത്തിന്റെ ശക്തിയാണ് അവരെ മുന്നോട്ടു നയിച്ചത്. മരണത്തിനും ആ പ്രണയത്തെ തോല്‍പ്പിക്കാനായില്ല. ഒരുപാട് സിനിമകള്‍ എടുക്കാനുള്ള സാധ്യത ഇതിലുണ്ട്. 50 പേരോട് സംസാരിച്ചാല്‍ വ്യത്യസ്തമായ 50 മൊയ്തീനെയാണ് കണ്ടത്തെുകയെന്നും പൃഥ്വിരാജ് സൂചിപ്പിച്ചു.

സിനിമ തമിഴില്‍ ചെയ്യാന്‍ ആലോചന നടക്കുന്നതായി സംവിധായകന്‍ ആര്‍. എസ് വിമല്‍ പറഞ്ഞു. ജയമോഹന്‍ മൊഴിമാറ്റം നടത്തും. എ.ആര്‍. റഹ്മാന്‍ സംഗീതം ചെയ്യും. മൊയ്തീന്റെ വേഷം ചെയ്യാന്‍ മറ്റു പല നടന്‍മാരെയും സമീപിച്ചെങ്കിലും താന്‍ നവാഗതനായതിനാല്‍ അനുവാദം ലഭിച്ചില്ലെന്നും വിമല്‍ വെളിപ്പെടുത്തി. വാക്കാണു സത്യം എന്നതാണു തന്നെ പ്രചോദിപ്പിച്ചതെന്നു ആർ.എസ്.വിമൽ പറയുന്നു. എല്ലാം വാക്കാണ്. കാഞ്ചനയ്ക്കു മൊയ്തീൻ നൽകിയതും അതു തന്നെ. ഇനി എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതിനെ വെല്ലുന്ന കഥകൾ മൊയ്തീന്റെയും കാഞ്ചനയുടേയും ജീവിതത്തിലുണ്ടെന്നു വിമൽ പറഞ്ഞു.

കുടുംബത്തെയെയും മൊയ്തീനെയും തിരിച്ചുകിട്ടിയ അനുഭവമാണ് തനിക്കുണ്ടായതെന്ന് മൊയ്തീന്റെ സഹോദരന്‍ പി.പി.റഷീദ് സൂചിപ്പിച്ചു. കാവ്യാത്മകമായ സിനിമക്ക് സംഗതീതമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും അബിപ്രായപ്പെട്ടു. സിനിമയിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനൊ തോമസ്, സംഗീതം നിർവഹിച്ച എം.ജയചന്ദ്രൻ, നിർമാതാക്കളെ പ്രതിനിധീകരിച്ച് സുരേഷ് രാജ്, മൊയ്തീന്റെ സഹോദരൻ ബി.പി. റഷീദ്, മാധ്യമപ്രവർത്തകൻ എ. അജിത് എന്നിവർ പ്രസംഗിച്ചു.