ഒരു വർഷമായി പിഷാരടിയോട് മിണ്ടാത്ത ആ കൂട്ടുകാരൻ

സാമൂഹിക വിഷയങ്ങളിലെ ആക്ഷേപ ഹാസ്യവും ചിരിയും ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായി മാറിയിരിക്കുന്നതിനാൽ 2016ന്റെ ചിരി ഓർമകളെ കുമാരേട്ടൻ എന്ന അയൽക്കാരനിലും കൂട്ടുവിട്ടുപോയ ഒരു കൂട്ടുകാരനിലുമായി വ്യക്തിപരമായി ഒതുക്കുകയാണ്.കുമാരേട്ടനെ കുമാരേട്ടൻ വിളിക്കുന്നതും കുമാരേട്ടൻ എന്നു തന്നെ. ‘കുമാരേട്ടൻ ചെയ്തു, കുമാരേട്ടൻ പറഞ്ഞു’ എന്നേ അദ്ദേഹം സ്വന്തം കാര്യവും പറയാറുള്ളൂ.

വീട്ടിൽ നിന്നു പ്രധാന റോഡിലേക്കുള്ള ഇടവഴിയിൽ ഒരു ആൽത്തറയുണ്ട്. അവിടെ തൊഴുതിട്ടാണ് അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും പോകാറുള്ളത്. 2016ൽ കുമാരേട്ടന്റെ ജീവിതത്തിൽ സംഭവിച്ച വലിയ മാറ്റം ഒരു സ്കൂട്ടർ വാങ്ങി എന്നതാണ്. സ്കൂട്ടർ വാങ്ങിയാലും ആൽത്തറയിൽ തൊഴുതു പോകുന്നത് ഒഴിവാക്കാനാവില്ലല്ലോ. കൈവിട്ടു തൊഴുന്നതു കൈവിട്ട കളിയും. അതോടെ ഒരു വഴി കുമാരേട്ടൻ കണ്ടെത്തി. ആൽത്തറ മുന്നിലെത്തുമ്പോൾ മനസ്സാൽ ഈശ്വരനെ ധ്യാനിച്ചു രണ്ടു ഹോൺ മുഴക്കും. ഭഗവാനുള്ള കൂപ്പുകയ്യാണ് ആ ഹോണടി. വീടു മുതൽ പ്രധാന റോഡ് എത്തുംവരെ ഹെൽമറ്റ് ധരിക്കില്ല കുമാരേട്ടൻ. പോകുന്നതു കുമാരേട്ടനാണെന്ന് ദൈവത്തിനും മനസ്സിലാവണമല്ലോ...

ഈ വർഷം ഒരു കൂട്ടുകാരനു നൽകിയ അവിസ്മരണീയ ഉപദേശത്തിന്റെ അനന്തരഫലം കൂടി പറയാം. അവന്റെ കല്യാണ തലേന്നു വൈകിട്ട് എന്നെ വിളിച്ച് ഒരു ഗുരുതര പ്രശ്നം അവതരിപ്പിച്ചു. ചുണ്ടിൽ കറുപ്പു നിറം. ഫോട്ടോയിലൊക്കെ മോശമാവും. എങ്ങനെയെങ്കിലും കറുപ്പു മാറ്റി കുറച്ചു ചുവപ്പിക്കാൻ വഴിയുണ്ടോ എന്നാണു ചോദ്യം. ലിപ്സ്റ്റിക് ഇടുകയാണ് ഒരു വഴി. പക്ഷേ അത് എടുത്തു കാണിക്കും എന്ന് അവൻ തന്നെ പറഞ്ഞു. എനിക്കറിയാവുന്ന ഒരു നാടൻ വഴി പറഞ്ഞുകൊടുത്തു. ചുണ്ടിൽ തേൻ പുരട്ടി കിടന്നോളൂ. രാവിലെ കറുപ്പു നിറത്തിനു കുറേയൊക്കെ വ്യത്യാസമുണ്ടാവും.

അവൻ അതു ചെയ്തു കിടന്നു. പക്ഷേ അടുത്ത ദിവസം സംഭവിച്ചതു വേറെയായിരുന്നു. തേൻ കിനിയുന്ന ആ ചുണ്ടിൽ അതിരാവിലെ കട്ടുറുമ്പ് കടിച്ചു. ചുണ്ടു ചുവന്നു. പക്ഷേ തടിച്ചു തൂങ്ങി. ആ ഒന്നൊന്നര ചുണ്ടുമായി കല്യാണം. അതായി ചർച്ചാ വിഷയം. കഴിഞ്ഞ ജനുവരിയിലായിരുന്നു കല്യാണം. അടുത്ത ജനുവരിയായിട്ടും അവൻ എന്നോടു മിണ്ടിയിട്ടില്ല. അങ്ങനെ പട്ടികടികൊണ്ട് ഏറെ നാട്ടുകാർ വലഞ്ഞ 2016ൽ ഉറുമ്പുകടികൊണ്ടു എനിക്ക് വേണ്ടപ്പെട്ടൊരു കൂട്ടുകാരനെ നഷ്ടമായി.