വെല്ലുവിളിക്കാൻ വന്നയാൾക്ക് ചുട്ടമറുപടിയുമായി ജൂനിയർ ആടുതോമ

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ രണ്ടാം വരവിനൊരുങ്ങുകയാണ് രൂപേഷ് പീതാംബരൻ. സ്ഫടികത്തിൽ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ രൂപേഷ്, ദുൽക്കർ സൽമാനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

മെക്സിക്കന്‍ അപാരതയിൽ വില്ലൻ വേഷത്തിലാണ് രൂപേഷ് പീതാംബരൻ. കാംപസ് രാഷ്ട്രീയത്തിന്റെ കഥപറയുന്ന സിനിമയിൽ രാഷ്ട്രീയനേതാവായാണ് രൂപേഷ് എത്തുന്നത്. ടൊവീനോയാണ് നായകൻ.

സിനിമയുടെ ട്രെയിലറും ഗാനങ്ങളും യുവാക്കൾക്കിടയിൽ ചർച്ചയായിരുന്നു. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രമുള്ള പോസ്റ്റർ രൂപേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇതിന് താഴെ രൂപേഷിനെ വെല്ലുവിളിച്ച് ഒരു വ്യക്തി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ‘പടം ഇറങ്ങട്ടെ, ബാക്കി എന്നിട്ട്...എസ്എഫ്ഐക്കാരുടെ മേൽ ഒരു തുള്ളി ചോര പൊടിഞ്ഞാൽ മോനേ രൂപേഷേട്ടാ ഇങ്ങള് തീർന്നു’–ഇങ്ങനെയായിരുന്നു കമന്റ്.

എന്നാൽ ഇതിന് താഴെ ചുട്ടമറുപടിയുമായി രൂപേഷ് രംഗത്തെത്തി. ഞാൻ അഡ്രസ് അയച്ചുതരാമെന്നും വന്നു തീർക്കൂ എന്നും കമന്റിന് മറുപടിയായി രൂപേഷ് പറഞ്ഞു. കൂടാതെ വീട് അഡ്രസും കമന്റായി പോസ്റ്റ് ചെയ്യുകയുണ്ടായി.