ഗ്ലാമറിൽ ഒതുങ്ങിയോ രുദ്രമാദേവി ?

ഏറെ പ്രതീക്ഷകളുമായെത്തിയ അനുഷ്ക ഷെട്ടിയുടെ രുദ്രമാദേവി ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ലെന്ന് ആദ്യ റിപ്പോർട്ടുകൾ. അനുഷ്കയുടെയും സഹതാരങ്ങളുടെയും ഗ്ലാമർ പ്രദർശനവും അല്ലു അർജുന്റെ ഗസ്റ്റ് റോളും മാറ്റി നിർത്തിയാൽ പ്രേക്ഷകരെ ആകർഷിക്കുന്നതൊന്നും സിനിമയിലില്ലെന്നാണ് കോളിവുഡിലെ സംസാരം.

ചിത്രത്തിന്റെ ഗ്രാഫിക്സ് ആണ് ഏറെ വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. എന്നാൽ ബാഹുബലിയുമായി താരതമ്യപ്പെടുത്തുന്നതു കൊണ്ടാണ് ഗ്രാഫിക്സിന് നിലവാരമില്ലെന്ന് തോന്നുന്നതെന്ന് രുദ്രമാദേവിയുടെ അണിയറക്കാർ പറയുന്നു. മിക്സഡ് റിപ്പോർട്ടുകളാണ് ചിത്രത്തിന് ഇപ്പോഴുള്ളതെങ്കിലും സിനിമ പരജയമാകില്ലെന്നും അവർ ഉറപ്പ് പറയുന്നു.

അനുഷ്കയെ കൂടാതെ അല്ലു അര്‍ജുന്‍, റാണാ ദഗ്ഗുബതി, നിത്യാ മേനോന്‍, കാതറിന്‍ തെരേസ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ രണ്ട് സാമ്രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന കുടിപ്പകയാണ് സിനിമയുടെ പ്രമേയം. പുരുഷമേധാവിത്വമുള്ള സാമ്രാജ്യത്തിന്റെ അതിജീവനത്തിന് പൊരുതുന്ന ധീരനായികയായ രുദ്രമാദേവിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ഗുണശേഖററാണ് തിരക്കഥയും സംവിധാനവും.

പല്ലവി ഇന്റര്‍നാഷനലിന്റെ ബാനറില്‍ പി സജിത് കുമാറാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം. മലയാളിയായ അജയന്‍ വിന്‍സെന്ററാണ് ക്യാമറ. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. തമിഴ്,ഹിന്ദി,മലയാളം പതിപ്പുകള്‍ക്കൊപ്പമാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും തിയറ്ററുകളിലെത്തുക.