എൽഡിഎഫ് വന്നിട്ടു ശരിയാക്കാൻ ഒന്നുമില്ല; ഇവിടെയെല്ലാം ശരിയാണെന്ന് സലിം കുമാർ

കയ്യട...! :തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കോട്ടയം കൊശമറ്റം കോളനിയിലെത്തിയ നടൻ സലിംകുമാർ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി തമാശ പങ്കിടുന്നു. ചിത്രം: ആർ എസ് ഗോപൻ

വാക്കുകൊണ്ട് ആളുകളെ കയ്യിലെടുക്കുന്ന രണ്ടുപേർ ഒന്നിച്ചപ്പോൾ അവിടെ പെയ്തിറങ്ങിയതു ചിരിമേളം. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനുവേണ്ടി പ്രചാരണത്തിനെത്തിയ നടൻ സലിം കുമാർ മറ്റു മുന്നണികളെ കണക്കറ്റു പരിഹസിച്ചതു തമാശയുടെ മേമ്പൊടി കൂടി ചേ‍ർത്തായിരുന്നു. ‘കേരളത്തിൽ ഇതുവരെ അഞ്ച് ഇടതു മുഖ്യമന്ത്രിമാർ ഉണ്ടായിട്ടും അവർ ശരിയാക്കാത്ത കേരളം എൽഡിഎഫ് വന്നിട്ട് എങ്ങനെ ശരിയാക്കും? എൽഡിഎഫ് വന്നിട്ടു ശരിയാക്കാൻ ഒന്നുമില്ല. ഇവിടെയെല്ലാം ശരിയാണ്.

ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തെ 12–ാം സ്ഥാനത്തു നിൽക്കുന്ന ഗുജറാത്തിനോളം വികസനത്തിലെത്തിക്കാമെന്നാണു ബിജെപി വാഗ്ദാനം ചെയ്യുന്നത്’, വിജയപുരം പഞ്ചായത്തിലെ വാഹന പര്യടനം കൊശമറ്റം കോളനിയിൽ ഉദ്ഘാടനം ചെയ്തു സലിം കുമാർ പറഞ്ഞു. കേരളം കണ്ട നീതിമാനായ മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഏതു മണ്ഡലത്തിലായാലും വികസനത്തിന്റെ പര്യായമാണ് തിരുവഞ്ചൂർ. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ നിർമിച്ച 245 പാലങ്ങളിൽ പതിനാറും സ്വന്തം മണ്ഡലത്തിൽ എത്തിച്ച മാന്ത്രികനാണ് അദ്ദേഹം.

തീരുമാനിച്ചുകഴിഞ്ഞ തിരുവഞ്ചൂരിന്റെ വിജയത്തിൽ ഒരുപങ്ക് അവകാശപ്പെടാൻ വേണ്ടിയാണ് താനും പ്രചാരണത്തിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നീതിമാന് ഇളവുണ്ടാവുകയില്ലെന്ന ബൈബിൾ വചനവും ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. തുടർന്നു തിരുവഞ്ചൂരിനൊപ്പം പ്രചാരണ വാഹനത്തിലും അദ്ദേഹം കയറി. നീല ഡിസൈനർ ഷർട്ടും മുണ്ടും കഴുത്തിൽ ത്രിവർണ ഷാളും ധരിച്ചെത്തിയ അദ്ദേഹത്തിനു കൈ കൊടുക്കാനും സെൽഫിയെടുക്കാനും ആരാധകർ ഒരുപാടെത്തി.