Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാക്കാരനാണെന്ന് കരുതി വോട്ടു ചെയ്യല്ലേ: സന്തോഷ് പണ്ഡിറ്റ്

santhosh-pandith

സിനിമാക്കാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ മത്സരിക്കുന്നയാൾ ഒരു വൻ താരമായിരിക്കണം. എങ്കിൽ ആരാധകരുടെ വോട്ട് മൊത്തം കിട്ടിയേനെ. ഇപ്പോൾ സുരേഷ് ഗോപി സർ മത്സരിച്ചിരുന്നുവെങ്കിൽ അങ്ങനെയായേനെ. പക്ഷേ അധികം ഗ്ലാമറില്ലാത്ത സിനിമാ താരങ്ങളാണ് മത്സരിക്കുന്നതെങ്കിൽ ഇക്കാര്യങ്ങളൊന്നും അനുകൂലമായി വരില്ലല്ലോ. മാത്രമല്ല, അത്രയും വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞാണല്ലോ ഇവർക്ക് അവസരം കൊടുക്കുന്നത്. അപ്പോൾ വലിയ താരങ്ങളെ നിര്‍ത്തുന്നതാണല്ലോ നല്ലത്. പറയുന്നത് സന്തോഷ് പണ്ഡിറ്റാണ്.

ഏലത്തൂർ മണ്ഡലത്തിലാണ് പണ്ഡിറ്റിന് വോട്ടുള്ളത്. തനിക്ക് രാഷ്ട്രീയമൊക്കെയുണ്ട്. പക്ഷേ എല്ലാ പാര്‍‌ട്ടിയിൽ നിന്നുമുള്ള സുഹൃത്തുക്കളുള്ളതിനാൽ എല്ലാം തുറന്നു പറഞ്ഞ് അവരെ വിഷമിപ്പിക്കുവാൻ വയ്യ. അതുകൊണ്ട് പറയുന്നില്ല. പ്രചരണത്തിനൊക്കെ പാർട്ടിക്കാർ വിളിച്ചിരുന്നു. പോകാതിരുന്നതും ഇക്കാരണം കൊണ്ടാണെന്ന് സന്തോഷ് പണ്ഡിറ്റ്.

സിനിമാക്കാരുടെ സംഘടനയായ അമ്മയിലൊന്നും അംഗമല്ല. അതുകൊണ്ട് മോഹൻലാൽ‌ ഗണേഷിനായി പ്രചരണത്തിന് പോയതിൽ പ്രതിഷേധിച്ച് സലിം കുമാർ അമ്മയിൽ നിന്ന് രാജിവച്ച സംഭവത്തിൽ പഠനം നടത്താതെ ഒന്നും പറയാനില്ല. നിലവിൽ തനിക്ക് രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട കാര്യമില്ല. ഭാവിയിൽ എന്താകുമെന്ന് അറിയില്ല. ഇപ്പോൾ സജീവമായൊരാളാണ് ഞാൻ. സിനിമയിൽ ഇനി നിന്നിട്ട കാര്യമില്ലാത്തൊരാളാണെങ്കിൽ പെൻഷനും ശമ്പളവുമൊക്കെയുള്ള എംഎൽഎ ആകാൻ പോകുന്നത് നല്ല കാര്യമാണ്. എനിക്കിപ്പോൾ അതിന്റെ കാര്യമില്ല. അതുകൊണ്ടു തന്നെ ആ വഴിയിലേക്ക് ഇപ്പോൾ താനില്ല. സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സിനിമാക്കാർക്ക് കാര്യമായ രാഷ്ട്രീയമൊന്നും അറിയില്ലെന്ന് കരുതിയിരുന്നപ്പോഴാണല്ലോ ഇന്നസെന്റ് എം പിയായി ജയിക്കുന്നത്. അതോടെ സിനിമാക്കാരിലേക്കും രാഷ്ട്രീയമെത്തി. സിനിമാക്കാരെ മത്സരിപ്പിക്കുന്നത് അവർക്ക് നേതൃത്വ ഗുണമുണ്ടെന്നു കൂടി തോന്നിയിട്ടാകാം. ജനങ്ങളോടെനിക്കൊന്നേ പറയുവാനുള്ളൂ...സിനിമാക്കാരനാണെന്ന് കരുതി വോട്ടു ചെയ്യല്ലേ. അദ്ദേഹത്തിന് നിങ്ങളുടെ മണ്ഡലത്തിലെ ആവശ്യങ്ങൾ കൃത്യമായി നിയമസഭയില്‍ അവതരിപ്പിക്കുവാനും നല്ല ഭരണം മുന്നോട്ടു കൊണ്ടുപോകാനും കഴിവുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ വോട്ടു ചെയ്യാവൂ. അല്ലെങ്കിൽ അഞ്ച് വർഷം ദുരിതമാകും. പണ്ഡിറ്റ് ഒരു മുന്നറിയിപ്പു പോലെ പറഞ്ഞു നിർത്തി.

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് പണ്ഡിറ്റ് മലയാള സിനിമയിലേക്കെത്തുന്നത്. കാമറയൊഴികെ ചിത്രത്തിലെ ബാക്കിയെല്ലാ റോളുകളും സന്തോഷ് തന്നെ ചെയ്തു. ചിത്രം വലിയ വിമർ‌ശനം ഏറ്റുവാങ്ങിയെങ്കിലും യുട്യൂബ് റിലീസിൽ വൻ ശ്രദ്ധ നേടി. നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐപിഎസ് എന്നതാണ് പണ്ഡിറ്റിന്റെ പുതിയ ചിത്രം.

രാഷ്ട്രീയവും സിനിമയും ചേർന്നൊരു തെരഞ്ഞെടുപ്പ് കാലത്തിലൂടെ നമ്മൾ കടന്നുപോകുന്നത്. ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റെ ചാലക്കുടിയിൽ ജയിച്ച് പാർലമെന്റിന്റെ പടിവാതൽ കടന്ന് ഇരിപ്പുറപ്പിച്ചതിനു ശേഷമാണ് രാഷ്ട്രീയമിങ്ങനെ സിനിമയിലേക്ക് കണ്ണുനട്ടിരിക്കാൻ തുടങ്ങിയത്. ഇത്തവണ മുകേഷ്, ജഗദീഷ്, ഗണേഷ്, രാജസേനൻ, ഭീമൻ രഘു, അലി അക്ബർ എന്നിവരാണ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയ ചൂടിലേക്കിറങ്ങിയത്. കൂടാതെ രാജ്യസഭാ എം പിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി ബിജെപിക്കായി സജീവ പ്രചരണത്തിലുമാണ്.