ചിരിക്കാനുള്ള വകയെങ്കിലും കിട്ടണം

രാഷ്ട്രീയത്തിൽ സത്യസന്ധത ഒരുപരിധിവരെ മാത്രമേ പാടുള്ളൂ എന്ന് എന്നെ കുട്ടിക്കാലത്തുതന്നെ പഠിപ്പിച്ചതു ശങ്കരമ്മാമനാണ്. അതും ഒരു തിരഞ്ഞെടുപ്പിലൂടെ. ശങ്കരമ്മാമനു പ്രായാധിക്യം കാരണം നടക്കാൻപോലും പറ്റാത്ത കാലമാണ്. വീടിന്റെ ചാരുകസേരയിൽ ഇരിക്കാനാകും എന്നു മാത്രം. അക്കാലത്താണു തിരഞ്ഞെടുപ്പു വന്നത്. ശങ്കരമ്മാമൻ നടന്നുപോയി വോട്ടുചെയ്യില്ല എന്നുറപ്പായിരുന്നു.

കോൺഗ്രസുകാർ അദ്ദേഹത്തിന്റെ വീട്ടിലെത്തി വോട്ടുചോദിച്ചു. ‘എന്നെ എടുത്തുകൊണ്ടുപോയാൽ നിങ്ങൾ പറയുന്നിടത്തു കുത്താമെന്നു’ ശങ്കരമ്മാമൻ വാഗ്ദാനം ചെയ്തു. ബൂത്ത് അകലെയാണെങ്കിലും എടുത്തുകൊണ്ടുപോകാൻ കോൺഗ്രസുകാർ തീരുമാനിച്ചു. കാരണം, ഒരു വോട്ടിന്റെ വില അത്രയും വലുതാണ്. ഉച്ചയൂണിനുശേഷം കാത്തിരുന്ന ശങ്കരമ്മാമനെ അവർ കസേരയിൽ എടുത്തുകൊണ്ടുപോയി. മാറിമാറി ചുമക്കാനായി എട്ടുപേർ എത്തിയിരുന്നു. ശങ്കരമ്മാമൻ നാടു കാണാനിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു. പോകുന്നവഴി ഉയരത്തിലിരുന്നു കണ്ടവരോടൊപ്പം ലോഹ്യം പറഞ്ഞു. ഏറെക്കാലത്തിനുശേഷം നാടു കണ്ട സന്തോഷം. ഈ എടുപ്പുസംഘം ബൂത്തിലെത്തി വോട്ടുചെയ്തശേഷം സന്തോഷത്തോടെ പുറത്തിറങ്ങി. കോൺഗ്രസ് സംഘം അദ്ദേഹത്തെയും വഹിച്ചു തിരിച്ചു നടന്നുതുടങ്ങി. ‘ശങ്കരമ്മാ കോൺഗ്രസിനുതന്നെ കുത്തിയില്ലേ’ ? സംഘം ചോദിച്ചു. ‘എന്റെ മക്കളേ, അവിടെ എത്തി അരിവാളു കണ്ടപ്പോൾ ഞാൻ അറിയാതെ അവിടെ കുത്തിപ്പോയി.’

അതോടെ കോൺഗ്രസ് സംഘം ശങ്കരമ്മാമനെ റോഡരികിൽ ഇറക്കിവച്ചു. അതുവഴി വന്ന കമ്യൂണിസ്റ്റുകാരോടു ശങ്കരമ്മാമനെ വീട്ടിൽ എത്തിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടു. അവരുടെ വോട്ടല്ലേ റോഡിൽ കിടക്കുന്നത്. തിരഞ്ഞെടുപ്പു സമയം തീരാറായതുകൊണ്ട് അവർക്കു സമയമില്ലായിരുന്നു. അവർക്കു വേറെയും ഒട്ടേറെപ്പേരെ കൊണ്ടുപോകാനുണ്ടായിരുന്നു. അവർ ശങ്കരമ്മാമനെ എടുത്തു കടയുടെ തിണ്ണയിലേക്കു വച്ചു. രാത്രി വൈകി ചില കള്ളുചെത്തുകാരാണു ശങ്കരമ്മാമനെ തിരിച്ചു വീട്ടിലെത്തിച്ചത്. കോൺഗ്രസുകാർ ചോദിച്ചപ്പോൾ ‘ഓ...’ എന്നു മൂളിയിരുന്നുവെങ്കിൽ ശങ്കരമ്മാമനു സുഖമായി വീട്ടിലെത്താമായിരുന്നു.

കള്ളം പറയാത്തതുകൊണ്ടു പെരുവഴിയിലായി. ശങ്കരമ്മാമനെ കസേരയിൽ എടുത്തുകൊണ്ടുപോകുന്ന ചിത്രം മനസ്സിലുണ്ടായിരുന്നതുകൊണ്ടാണു പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ ക്ലൈമാക്സിൽ കൃഷ്ണൻകുട്ടി നായരെ കസേരയിൽ എടുത്തുകൊണ്ടുപോകുന്നതു കാണിച്ചത്. അതുകണ്ട് എത്രയോ പേർ മനസ്സറിഞ്ഞു ചിരിച്ചു. ഓരോ തിരഞ്ഞെടുപ്പും ഇങ്ങനെ ചിരിക്കാനുള്ള വകയെങ്കിലും നൽകണം.