മനുഷ്യനെ നാണംകെടുത്തുന്ന സാധനമാണ് ഈ പഫ്‌സ് എന്ന് ക്രിസ്പിൻ പണ്ടേ പറഞ്ഞതാണ്. എന്നാൽ അന്ന് അത് വെറും മണ്ടത്തരമായേ എല്ലാവരും അതിനെ കരുതിയുള്ളൂ. ഇപ്പോൾ നോക്കൂ, ക്രിസ്പിന്റെ സ്വന്തം മഹേഷേട്ടനെ പറ്റിച്ചുപോയ സൗമ്യയ്ക്ക് തന്നെ പഫ്സ് മൂലം ഒരു ചെറിയ പണിയും കിട്ടി.
ക്രിസ്പിനും സൗമ്യയും ആരെന്ന് പറയേണ്ടതില്ലല്ലോ? മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തെ അനുസ്മരിപ്പിക്കുകയാണ് ഈയിടെ നടി അനുശ്രീ നേരിട്ട ഒരു കാര്യം.
പഫ്സ് കഴിച്ച് ഇരുട്ടടി കിട്ടിയ നടി അക്കാര്യം ഫെയ്സ്ബുക്കിലൂടെ പറഞ്ഞപ്പോൾ ട്രോളന്മാരും സംഭവം ഏറ്റെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ചാണ് 250 രൂപയ്ക്ക് രണ്ട് പഫ്‌സ് കഴിച്ച് പണികിട്ടിയ കാര്യം അനുശ്രീ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. രണ്ടു പഫ്സും കട്ടൻചായയും കുടിച്ച നടിക്ക് കിട്ടിയത് 680 രൂപയുടെ ബില്ല്.
ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും സാധാരണക്കാർക്ക് ഇനി അബദ്ധം സംഭവിക്കരുതെന്ന് ഓര്‍ത്താണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിക്കുന്നതെന്നും താരം പറയുന്നു. എന്തായാലും ഇതോടെ ഫെയ്സ്ബുക്കിൽ പഫ്സ് ആയിരുന്നു താരം. പഫ്‌സിന്റെ വിലയും അനുശ്രീയുടെ പ്രതികരണവും കൂട്ടിച്ചേർത്ത് രസകരമായ ട്രോളുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്.
ട്രോളുകളിൽ സന്തോഷമുണ്ടെന്ന് അനുശ്രീ പറയുന്നു. മാത്രമല്ല ഈ വിഷയത്തിൽ വന്ന രസകരമായ എല്ലാ ട്രോളുകളും നടി ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു.