സരിതയുടെ ചിത്രം ഷാജി കൈലാസ് ഉപേക്ഷിച്ചിട്ടില്ല

സരിത അഭിനയിക്കുന്ന സോളാർ കേസുമായി ബന്ധപ്പെട്ട സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് രാജേഷ് ജയരാമൻ. നിർമാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ചിത്രം തൽക്കാലം നിർത്തിവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഹൃദയാഘാതം വന്ന് അടുത്തിടെ മരിച്ചു. പിന്നെ വ്യക്തിപരമായ ചില സാമ്പത്തിക പ്രശ്നങ്ങളും കാരണമായി. പണം ശരിയായാൽ സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ഷാജി കൈലാസ് തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. നിർമാതാവ് ഉദ്ദേശിച്ച ഫണ്ടുകൾ ബ്ലോക്കായിപോയതുകൊണ്ടാണ് സിനിമ തൽക്കാലം നിർത്തിയത്. ഇത് ഒരു ഷെഡ്യൂൾ ബ്രേക്കായി കണക്കാക്കിയാൽ മതി.

ഇൗ കഴിഞ്ഞ നവംബറിലാണ് സരിത അഭിനയിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചത്. സോളാർ പശ്ചാത്തലമായുള്ള ചിത്രമാണിത്. സരിതാ നായരായി തന്നെയാണ് അവർ അഭിനയിക്കുന്നത്. അവർ അഭിനയിക്കാമെന്നേറ്റതുകൊണ്ട് മറ്റൊരാളെ ഇൗ റോളിൽ കണ്ടെത്തേണ്ട ആവശ്യമില്ലായിരുന്നു. സരിതയുടെ പേരിൽ ഒട്ടേറെ കേസുള്ളതു കൊണ്ട് അവർക്ക് നമ്മൾ ഉദ്ദേശിക്കുന്ന സമയത്ത് അഭിനയിക്കാൻ എത്താൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണ് അവരുടെ ഭാഗങ്ങൾ നേരത്തേ ചിത്രീകരിച്ചത്. കോടതിയിൽ നിന്നു പ്രത്യേക അനുവാദം വാങ്ങിയതിനു ശേഷമാണ് സരിത ഇൗ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്.

ആരും ഇൗ സിനിമയ്ക്കു മുകളിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. ചില നടന്മാരെ തേടി പോയപ്പോൾ അവർ ഇൗ സിനിമയിൽ അഭിനയിക്കാൻ വിമുഖത കാട്ടിയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിർമാതാവിന് ഇൗ ചിത്രം തുടക്കത്തിലേ നല്ല രീതിയിൽ മാർക്കറ്റു ചെയ്യാൻ പറ്റിയില്ല. സോളാർ പശ്ചാത്തലമായുള്ള കഥയാണ്. യാഥാർഥ്യങ്ങളാണ് ഇതിൽ കാണിക്കുന്നത്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചിത്രം ഇറക്കിയാലേ മാർക്കറ്റുണ്ടാകൂ. കഴിയുന്നതും അതിനുവേണ്ടി ശ്രമിക്കും.

ഇൗ മാസം അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ജഗദീഷ് ചന്ദ്രനാണ് നിർമാതാവ്. ഇത് ഷെഡ്യൂൾ ബ്രേക്കാണ്. ഒരു സമ്മർദ്ദവുമുണ്ടായിട്ടില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നു ചിത്രത്തിലും. സോളാർ കേസായതുകൊണ്ടും സരിത അഭിനയിക്കുന്നതുകൊണ്ടും ചിത്രത്തിന് വലിയൊരു ആകാംഷയുണ്ടാവും. അത് സിനിമയ്ക്ക് ഗുണം ചെയ്യുംഇത് ഒരു പക്കാ സുരേഷ് ഗോപി ചിത്രമായിരിക്കുമെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് ജയരാമൻ മനോരമ ഒാൺലൈനോട് പറഞ്ഞു.