യാത്ര പറയുന്നത് തമിഴകത്തിന്റെ ‘ആച്ചി’

ചെന്നൈ ∙ അഞ്ചു പതിറ്റാണ്ടിലേറെക്കാലം പെൺഹാസ്യത്തിന്റെ അവിസ്‌മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് തമിഴിന്റെ സ്വന്തം ‘ആച്ചി’ തിരശ്ശീലയ്ക്കു പിന്നിലേക്കു മറയുന്നത്. തമിഴിലെ എക്കാലത്തെയും തിരക്കുള്ള താരങ്ങളിലൊരാളായിരുന്നു മനോരമ. പ്രായം മറന്ന് സെറ്റിൽനിന്ന് സെറ്റിലേക്ക് അവർ യാത്ര ചെയ്തു.

മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും മനോരമയുടെ സ്വകാര്യജീവിതം ദുഃഖങ്ങൾ നിറഞ്ഞതായിരുന്നു. അമ്മയുടെ അനുജത്തിയെ അച്ഛൻ രണ്ടാം വിവാഹം കഴിച്ചതോടെ തുടങ്ങിയ ദുരിതം. വീട്ടുപണിയെടുത്താണ് അമ്മ മകളെ വളർത്തിയത്. സ്കൂൾ കാലത്തു പാട്ടുപാടിയാണ് മനോരമ ശ്രദ്ധേയയായത്. നാടകത്തിൽ പെൺവേഷം കെട്ടുന്ന പുരുഷൻമാർക്കു വേണ്ടി പിന്നണി പാടുകയായിരുന്നു ആദ്യം. പിന്നെ പാടിപ്പാടി പ്രശസ്‌തയായി.

നാടകത്തിൽനിന്നു സിനിമയിലെത്തി ചുവടുറപ്പിച്ചു തുടങ്ങിയ കാലത്ത് 1964ൽ ആയിരുന്നു വിവാഹം. എന്നാൽ രണ്ടു വർഷത്തിനകം ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിതം മകനുവേണ്ടി മാത്രമായി. ‘‘മേയ്‌ക്കപ്പിട്ട് ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോഴും ഉള്ളിൽ ഞാൻ കരയുകയായിരുന്നു. എല്ലാ സ്വകാര്യ സങ്കടങ്ങളും മാറ്റിവച്ചു മകനുവേണ്ടിയാണു ഞാൻ ജീവിച്ചത്’’- മനോരമ ഒരിക്കൽ പറഞ്ഞു.

കരുണാനിധിയുടെയും അണ്ണാദുരൈയുടെയും നാടകങ്ങളിൽ മനോരമ വേഷമിട്ടു. ‘മാലൈയിട്ട മങ്കൈ’യിലാണ് അവരുടെ ഹാസ്യകഥാപാത്രങ്ങളുടെ തുടക്കം. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ജോഡി ചേർന്നത് നാഗേഷിനൊപ്പമാണ്.

മലയാളത്തിൽ സുകുമാരി ആയിരുന്നു മനോരമയുടെ എക്കാലത്തെയും പ്രിയ സുഹൃത്ത്. ഗിന്നസ് ബുക്കും കടന്നു നീണ്ട അസാധാരണമായ ആ സിനിമാജീവിതം അവസാനിച്ചെങ്കിലും താരങ്ങൾ വന്നും പോയിയുമിരിക്കുന്ന ചലച്ചിത്ര നഭസ്സിൽ മനോരമ എന്ന നക്ഷത്രം എന്നും വേറിട്ട തിളക്കത്തോടേ ശോഭിക്കും.