തന്റെ ചിത്രം സ്വവര്‍ഗപ്രണയമല്ല ചർച്ച ചെയ്യുന്നത്: തുളസീദാസ്

തന്റെ പുതിയ ചിത്രത്തെ ‘ലെസ്ബിയൻ സിനിമയായി’ കാണരുതെന്ന് സംവിധായകൻ തുളസീദാസ്. സ്ത്രീകളുടെ സ്വവര്‍ഗ്ഗപ്രണയം പറയുന്ന തന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചെന്ന വാര്‍ത്ത സത്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന തിരൈയ്ക്കു വാരാത കഥൈ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിൽ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള അസാധാരണ പ്രണയമാണ് പറയുന്നത്. ഇവർ തമ്മിൽ ഒരു പ്രണയരംഗവുമുണ്ട്. ഈ രംഗം സെൻസർ ബോർഡ് കട്ട് ചെയ്തെന്നും ചിത്രത്തിന് യു–എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെന്നുമായിരുന്നു വാർത്തകൾ വന്നത്.

‘ഇതൊരിക്കലും ലെസ്‍ബിയന്‍ ചിത്രമല്ല. ഒരു പെൺകുട്ടിയ്ക്ക് മറ്റൊരു പെൺകുട്ടിയോട് തോന്നുന്ന ഇഷ്ടം. ഈ പ്രമേയത്തിന് മാത്രമാണ് യുഎ സെർട്ടിഫിക്കറ്റ് നൽകിയത്. അല്ലാതെ ൈലംഗിക അതിപ്രസരമോ മോശമായ സംഭാഷണങ്ങളോ ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല’–തുളസീദാസ് വ്യക്തമാക്കി.

എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കിയ സിനിമയിൽ പ്രണയം,സംഘട്ടനം തുടങ്ങി എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ സ്വവര്‍ഗ്ഗ പ്രണയം സിനിമയില്‍ പറയുന്നുണ്ടെങ്കിലും, മോശമായ രീതിയിലല്ല അക്കാര്യം പറഞ്ഞിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയം മനോഹരമായിട്ടാണ് പറഞ്ഞിരിക്കുന്നതെന്നും മോശമായ ഒരു രംഗം പോലും സിനിമയിലില്ലെന്നും തുളസീദാസ് പറയുന്നു.

‘ഇത്തരം പ്രണയം എങ്ങനെയാണ് നീചമായി മാറുന്നതെന്നും എങ്ങനെ നമ്മുടെ സംസ്‌കാരം അധപ്പതിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടാനാണ് സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്. നല്ലൊരു സാമൂഹികസന്ദേശം കൂടി ഈ ചിത്രത്തിലൂടെ ഞാൻ നൽകാൻ ഉദ്ദേശിച്ചിട്ടുണ്ട്.’തുളസീദാസ് പറഞ്ഞു.

സിനിമ കണ്ട സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും വയലന്‍സിന്റെ പേരില്‍ മാത്രം സിനിമയിലെ ഒരു രംഗം മാത്രം മുറിച്ചു മാറ്റാനാണ് അവര്‍ ആവശ്യപ്പെട്ടെന്നും തുളസീദാസ് പറഞ്ഞു.

നദിയാ മൊയ്തു, ഇനിയ, ഈദെൻ കുര്യാക്കോസ്, കൊവൈ സരള എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.